ന്യൂഡൽഹി: ഒളിംപിക്‌സിൽ സുവർണ നേട്ടങ്ങളിലേക്ക് രാജ്യത്തെ കൈപിടിച്ച് ഉയർത്തിയ കായികതാരങ്ങളെ കേന്ദ്രസർക്കാർ ഖേൽരത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്തതായി റിപ്പോർട്ട്. 11 താരങ്ങളെ ഖേൽരത്‌ന പുരസ്‌കാരത്തിനായി ഈ വർഷം കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മലയാളി താരവും ഇന്ത്യ ഹോക്കിടീം കീപ്പറുമായ പി.ആർ.ശ്രീജേഷിന്റെയും വ്യക്തിഗത സ്വർണം നേടിയ നീരജ് ചോപ്രയുടേയും പേരുകൾ ഖേൽരത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും 35 പേരെ അർജ്ജുന അവാർഡിനായും ശുപാർശ ചെയ്തിട്ടുണ്ട്. മലയാളി താരം കെ.സി.ലേഖയുടെ പേര് ധ്യാൻചന്ദ് പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടെന്നാണ് വിവരം.

ഒളിപിംക്‌സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്കായി ആദ്യമായി വ്യക്തിഗത സ്വർണം നേടിയ നീരജ് ചോപ്ര മറ്റു മെഡൽ ജേതാക്കളായ ഗുസ്തി താരം രവി ദഹിയ , ബോക്‌സിങ് താരം ലൗവ്‌ലീന എന്നിവരെല്ലാം ഖേൽരത്‌ന പുരസ്‌കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടു. ഫുട്‌ബോൾ താരം സുനിൽ ഛേത്രി പാരാ ബാഡ്മിന്റൺ താരം പ്രമോദ് ഭാഗത്, അത്‌ലറ്റിക് സുമിത് അങ്കുൽ, പാരാഷൂട്ടിങ് താരം അവാനി ലേഖര, പാരാബാഡ്മിന്റൺ താരം കൃഷ്ണനഗർ, പാരാഷൂട്ടിങ് താരം എം.നരവാൾ എന്നിവരും ഖേൽരത്‌ന പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരിലുണ്ട്.