തിരുവനന്തപുരം: ഇന്നലെ വാഹനാപകടത്തിൽ മരിച്ച മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്റെ വാഹനത്തിൽ ഇടിച്ചത് ടിപ്പർ ലോറിയെന്ന് പൊലീസ് പറയുന്നു. ലോറിയുടെ മധ്യഭാഗം തട്ടി പ്രദീപിന്റെ വണ്ടി മറിയുകയായിരുന്നു. തുടർന്ന് ലോറിയുടെ പിൻ ചക്രങ്ങൾ പ്രദീപിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. എന്നാൽ, അപകടത്തിന് ഇടയാക്കിയ ലോറി ഇനിയും കണ്ടെത്താനായില്ല. അമിത വേഗതയിൽ വന്ന വണ്ടിയായിരുന്നില്ല പ്രദീപിന്റെ വാഹനത്തിൽ തട്ടിയത്. പുറകിൽ ചെറുതായൊന്ന് ഉരസി. മറിഞ്ഞു വീണ പ്രദീപിന്റെ ദേഹത്തു കൂടി ചക്രങ്ങൾ കയറ്റി ഇറക്കി മരണം ഉറപ്പാക്കി. അതിന് ശേഷം ആ കൊലയാളി വാഹനം ഒരിടത്തും നിന്നതുമില്ല. തികഞ്ഞ ആസൂത്രണം അപകടത്തിന് പിന്നിലുണ്ടെന്നതിന് തെളിവാണ് ഇത്. ദേശീയ പാതയിലെ അപകടമുണ്ടാക്കിയ ലോറി ഇനിയും കണ്ടെത്താനായില്ലെന്നതും ദുരൂഹം.

ഇതിനിടെ, പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും പൊലീസിനെ അറിയിച്ചിട്ടുണ്ട്. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നുവെന്നും കുടുംബം ആരോപിച്ചു. രാഷ്ട്രീയക്കാരും മത നേതാക്കളും ബിസിനസ് പ്രമുഖരുമടക്കം നിരവധി ശത്രുക്കൾ പ്രദീപിനുണ്ടായിരുന്നു. എല്ലാവരും അതിശക്തർ. അതുകൊണ്ട് തന്നെ പ്രദീപിന്റെ അസ്വാഭാവിക മരണത്തിൽ സംശയങ്ങൾ ഏറെയാണ്. പ്രദീപ് യാത്ര ചെയ്തിരുന്ന സ്‌കൂട്ടറിന്റെ ലാമ്പ് പോലും പൊട്ടിയില്ലെന്നും ശ്രദ്ധേയമാണ്. അതായത് അമിത വേഗതയിൽ വന്ന വണ്ടി അല്ല അപകടമുണ്ടാക്കിയത്. സ്‌കൂട്ടറിൽ തട്ടുമ്പോൾ പ്രദീപ് നിലത്തു വീഴണമെന്ന ഉദ്ദേശം മാത്രമേ ടിപ്പറിനുണ്ടായിരുന്നുള്ളൂ. ഇതാണ് ദുരൂഹത കൂട്ടുന്നത്.

സ്‌കൂട്ടറിന്റെ പിൻഭാഗത്ത് ശക്തിയായി തട്ടിയിരുന്നുവെങ്കിൽ ലൈറ്റ് ഉൾപ്പെടെ തകരുമായിരുന്നു. ഈ സ്‌കൂട്ടറിന് വലിയ പരിക്കുകളൊന്നും ഇല്ലെന്നതാണ് വസ്തുത. അപ്പോഴും സ്വാഭാവിക അപകടത്തിന് സാധ്യത ഏറെയാണ്. ഇവിടെ വണ്ടി തട്ടിയ ശേഷം പ്രദീപ് വീണന്നുറാ്പ്പാക്കിയുള്ള അമിത വേഗതയാണ് സംശയത്തിന് ഇട നൽകുന്നത്. പ്രദീപിന്റെ ജീവൻ നഷ്ടമാകുമെന്ന് ഉറപ്പിക്കാനുള്ള വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു ചീറി പായൽ. ഈ റോഡിൽ നിരവധി ഇടറോഡുകളുണ്ട്. അതിലൂടെ കയറി ലോറി രക്ഷപ്പെട്ടിട്ടിട്ടുണ്ടാകും. എങ്കിലും അത് സിസിടിവി പരിശോധനയിലൂടെ കണ്ടെത്തൽ അയാസകരമായ ജോലിയുമല്ല. ഇവിടെ പൊലീസിന് അതിന് കഴിഞ്ഞിട്ടുമില്ല.

ഈ സാഹചര്യത്തിലാണ് പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്നും വസ്തുതകൾ പുറത്തു കൊണ്ടുവരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇതുകൊണ്ടാണ് പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണമെന്ന ആവശ്യം ശക്തമാകുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടാകും അതിനിർണ്ണായകം. നിലവിൽ ഫോർട്ട് എസിയാണ് അന്വേഷണം നടത്തുന്നത്. സ്വപ്‌നാ സുരേഷിന്റെ ശബ്ദ രേഖ ചോർന്നത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെ പോലും അന്വേഷണത്തിന് നിയോഗിച്ചില്ലെന്നതും സംശയങ്ങൾക്ക് ഇട നൽകുന്നു.

അപകടം ഉണ്ടാക്കിയ വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അപകടം ഉണ്ടാക്കിയെന്ന് കരുതപ്പെടുന്ന ടിപ്പറിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അപകട ശേഷം ടിപ്പർ വേഗതയിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ടിപ്പർ കേന്ദ്രീകരിച്ചാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. അപകടശേഷം നെയ്യാറ്റിൻകര ഭാഗത്തേക്ക് പോയ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. വാഹനം കണ്ടെത്താൻ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് തേടുന്നുണ്ട്. ഫോർട്ട് എ.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജയ്ഹിന്ദ്, കൈരളി ടിവി, മനോരമ ന്യൂസ്, ന്യൂസ് 18 കേരളം, മംഗളം ടിവി, കലാകൗമുദി തുടങ്ങി വിവിധ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്.

ഇന്നലെ ഉച്ച തിരിഞ്ഞ് 3.15 നും 3.30 നും ഇടയിൽ തിരുവനന്തപുരത്ത് നിന്ന് പള്ളിച്ചലിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. പ്രദീപ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ടിപ്പർ തട്ടിയതോടെ പ്രദീപ് റോഡിന് നടുവിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് സി.സി.ടി.വി. ക്യാമറകൾ ഉണ്ടായിരുന്നില്ല. അതിൽ പ്രദീപ് ഒടുവിലായി ചെയ്ത വാർത്ത സ്വർണക്കടത്തിൽ സ്വപ്നയുമായി ബന്ധമുള്ള ബുദ്ധിജീവിയായ സിനിമ പ്രവർത്തകന്റെ പങ്കിനെ പറ്റിയായിരുന്നു. സ്വപ്നയ്ക്ക് ബംഗളൂരുവിൽ അടക്കം ഒളിത്താവളം ഒരുക്കി നൽകുന്നതിൽ പ്രധാനിയായ ഇയാൾ സിപിഎം നോമിനേഷനിൽ നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ മത്സരിക്കാൻ തയ്യാറെടുക്കുന്ന ആളാണെന്നും പ്രദീപ് വാർത്തയിൽ വെളിപ്പെടുത്തുന്നു.

ഈ സിനിമ വമ്പന് ബംഗളൂരു അടക്കം സ്ഥലങ്ങളിൽ വലിയ സ്വാധീനമുണ്ടെന്നും വാർത്തയിൽ വ്യക്തമാക്കുന്നു. വാഹനാപകടത്തിൽ പ്രദീപ് കൊല്ലപ്പെടും മുൻപ് അവസാനമായി ചെയ്ത വാർത്തയും ഇതായിരുന്നു.