കവരത്തി: ലക്ഷദ്വീപ് ജനങ്ങൾക്കെതിരായ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ തിങ്കളാഴ്‌ച്ച ദ്വീപിലെത്തും. അഗത്തി ദ്വീപിലെത്തുന്ന പ്രഫുൽ പട്ടേൽ ഒരാഴ്‌ച്ച അവിടെ തങ്ങി, ദ്വീപിൽ ഏർപ്പെടുത്തിയിരിക്കുന്ന വിവിധ പരിഷ്‌കാരങ്ങൾ വിലയിരുത്തും.

അതേസമയം പ്രഫുൽ പട്ടേലിന്റെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികൾ തിങ്കളാഴ്‌ച്ച കരിദിനം ആചരിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് ദ്വീപിൽ കരിദിനം ആചരിക്കുന്നത്.

ദ്വീപിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജുൺ 20ന് പ്രഫുൽ പട്ടേൽ മടങ്ങും. ടൂറിസം ഉൾപ്പെടെയുള്ള പദ്ധതികൾ വിലയിരുത്തുന്നതിനാണ് അഡ്‌മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. അതിനിടെ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധങ്ങളും മറ്റും ഉണ്ടാകാതിരിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.