പാലക്കാട്: കേരളം സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്ന ഇടങ്ങളിലൊന്നാണെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. രണ്ട് ഇന്ത്യയിൽ നിന്നാണ് ഞാൻ വരുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉൾപ്പെടുന്നതാണ്. അവിടെ മാത്രമാണ് എനിക്ക് സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നത്. ഈ രാക്ഷസന്മാരെ പടിക്ക് പുറത്തുനിർത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി -പ്രകാശ് രാജ് പറഞ്ഞു.

കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ. എൻ.എം. മുഹമ്മദാലിയുടെ പേരിലുള്ള എൻഡോവ്‌മെന്റ് അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഗീയ ഫാഷിസ്റ്റു ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നയാളാണ് പ്രകാശ് രാജെന്ന് പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വർഗീയ ഫാഷിസ്റ്റു ശക്തികൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്.

ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണികൾ നേരിട്ട് നിർഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തുന്നു. ആ ശബ്ദം ഇനിയും കൂടുതൽ ഉച്ചത്തിൽ ഉയരട്ടെ -എം.ബി. രാജേഷ് പറഞ്ഞു.