കുന്ദാപുര (കർണാടക): ഹലാൽ, ഹിജാബ് വിവാദങ്ങൾക്ക് തുടർച്ചയായി കർണാടകത്തിൽ നിന്നും വീണ്ടും വിവാദ ആഹ്വാനവുമായി ശ്രീരാമസേനാസ്ഥാപകൻ പ്രമോദ് മുത്താലിക്. അക്ഷയ ത്രൃതീയയെ കൂട്ടുപിടിച്ചാണ് മുത്താലിക്കിന്റെ പുതിയ അജണ്ട. അക്ഷയ ത്രൃതീയ ഹൈന്ദവരുടെ ഉത്സവമാണ്. അതിനാൽ ഈ ദിവസം ഹിന്ദുക്കളുടെ ജൂവലറികളിൽ നിന്നു മാത്രമേ സ്വർണം വാങ്ങാവൂ എന്നാണ് മുത്താലിക്കിന്റെ പുതിയ ആഹ്വാനം.

ഇതിന് വേണ്ടി കേരളത്തിൽ പോയി പ്രതിഷേധിക്കുമെന്നും മുത്താലികി പറയുന്നു. കേരളത്തിൽ നിന്നുള്ള ജൂവലറി സ്ഥാപനങ്ങൾ അക്രമത്തിന് സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും ശ്രീരാമസേനാ നേതാവ് ആരോപിക്കുന്നു. പരോക്ഷമായി ദേശവിരുദ്ധ സംഘടനകളെ പിൻതുണക്കുന്നുമുണ്ട്. കേരളത്തിൽ എണ്ണൂറിലേറെ ഹിന്ദുക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങൾക്ക് ജൂവലറികളിൽ നിന്നും പണം നൽകിയിട്ടുണ്ട്.

കേരളത്തിൽ കൊലപാതകങ്ങൾ നടക്കുന്നത് പ്രത്യയശാസ്ത്രത്തിന്റെ പേരിലാണ്. ഹിന്ദുത്വം ഉയർത്തിക്കാട്ടുന്നതിന് വേണ്ടിയാണ് യുവാക്കൾ ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിട്ടുള്ളത്. ദേശാഭിമാനികളായ ഹിന്ദു നേതാക്കളാണ് കൊല്ലപ്പെടുന്നത്. സ്വർണ്ണവ്യാപാരികളിൽ നിന്നും ഇതിന് പണം ലഭിക്കുന്നു. മുസ്ലിം ജൂവലറി ഉടമകൾ അവരുടെ മാധ്യമ പരസ്യങ്ങളിൽ മുസ്ലിം സ്ത്രീകളെ മാത്രമേ കാണിക്കൂ. അവർ നെറ്റിയിൽ വെണ്ണക്കല്ലില്ലാത്ത സ്ത്രീകളെ കാണിക്കുന്നു. ഹൈന്ദവ സംസ്‌ക്കാരത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ പണം അവർക്ക് വേണം.

എന്നാൽ സംസ്‌ക്കാരത്തെ വിസ്മരിക്കുന്നു. കേരളത്തിൽ നിന്നുള്ളവരാണ് മംഗലൂരുവിൽ കലാപം സൃഷ്ടിക്കുന്നത്. കേരളത്തിൽ പരിശീലനം നേടിയവർ ദക്ഷിണ കന്നഡത്തിൽ ലൗജിഹാദ് പ്രവർത്തനങ്ങൾ ചെയ്യുന്നു. ഹിന്ദു സമൂഹത്തിന് ജീവിക്കാനുള്ള ആശയവും തന്റേടവും ഹൈന്ദവ സംഘടനകളുടെ പ്രവർത്തനം കൊണ്ട് കൈവന്നിട്ടുണ്ട്. ഹിജാബ് വിവാദത്തിന് ശേഷം സ്വർണ്ണാഭരണ കാര്യത്തിലും തീവ്ര ഹിന്ദു സംഘടനകൾ ഇടപെടുന്നതിന്റെ സൂചനയാണ് കർണാടകത്തിൽ നിന്നും പുറത്ത് വരുന്നത്. ഹലാൽ മാംസക്കാര്യത്തിൽ ഹിന്ദുക്കളുടെ പ്രതികരണം കണ്ടില്ലേ എന്നും മുത്താലിക് ചോദിക്കുന്നു. ഭാവിയിൽ ഹലാൽ കട്ട് ഇറച്ചി വാങ്ങുന്നത് പൂർണ്ണമായും ഒഴിവാക്കുക തന്നെ ചെയ്യുമെന്ന് മുത്താലിക് ഉറപ്പിക്കുന്നു.

തനിക്ക് കേരളത്തിൽ പ്രതിഷേധിക്കാൻ വിമാനം സ്പോൺസർ ചെയ്യുമെന്ന് മുസ്ലിം നേതാക്കൾ പ്രസ്താവിച്ചതിനെതിരെ മുത്താലിക് രോഷാകുലനായി. രാജ്യത്തിന്റെ ഏത് കോണിലും ഞാൻ പോകും. അത് തടയാൻ നിങ്ങൾ ആരാണ്? ഞാൻ ഈ രാജ്യത്തെ പൗരനാണ്. ഭരണഘടനാപരമായി പോരാടുകതന്നെ ചെയ്യും. താൻ 67 വർഷമായി ഹിന്ദു സംഘടനകളിൽ പോരാടുകയാണ്. ഇതിന്റെ നേട്ടങ്ങളെല്ലാം ബിജെപി. ഏറ്റെടുക്കുന്നുമുണ്ട്. എന്നാൽ അവർ കൃത്യമായി പ്രതികരിക്കുന്നില്ല. കോലാറിലും കുലബുർഗിയിലും ഉഡുപ്പിയിലും തന്റെ പരിപാടികളെ വിലക്കുന്നു.

കോൺഗ്രസ്സ് ഭരണകാലത്ത് എനിക്ക് വിലക്കുണ്ടായിരുന്നു. ബിജെപി. ഭരണകാലത്തും എന്നെ വിലക്കുന്നു. എന്റെ പ്രവർത്തനങ്ങളെ വിലക്കുന്നത് ഹൈന്ദവ പ്രത്യയശാസ്ത്രത്തെ വിലക്കുന്നതിന് തുല്യമാണ്. ഹിന്ദു വോട്ടുകൾ കൊണ്ടാണ് നിങ്ങളിപ്പോൾ ഭരിക്കുന്നത്. അതോർമ്മ വേണം. മുതാലിക് പറഞ്ഞു.