ന്യൂഡൽഹി: മാപ്പ് പറഞ്ഞ് ശിക്ഷയിൽ നിന്നും ഒഴിവാകാൻ സുപ്രീംകോടതി രണ്ട് തവണ അവസരം നൽകിയിട്ടും അത് അതിന് തയ്യാറാകാതെ തന്റെ നിലപാടിൽ ഉറച്ചുനിന്ന പ്രശാന്ത് ഭൂഷന്റെ ദൃഢനിശ്ചയത്തിനുള്ള വിജയമായി വേണമെങ്കിൽ ഈ സുപ്രീംകോടതി വിധിയെ കാണാം. ഇന്ത്യൻ ജനാധിപത്യത്തിന്റെ സുപ്രധാനമായ തൂണിന്റെ അസ്തിവാരം ഇളക്കുന്നതാണ് തന്റെ ട്വീറ്റുകൾ എന്ന കോടതിയുടെ കണ്ടെത്തൽ അവിശ്വസനീയമാണ് എന്നായിരുന്നു മുതിർന്ന അഭിഭാഷകന്റെ നിലപാട്. ആ രണ്ടു ട്വീറ്റുകൾ എന്റെ അടിയുറച്ച ബോധ്യമാണ് എന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞു. എന്നാൽ, വെറും ഒരു രൂപ പിഴയടക്കുമോ അതോ മൂന്നുമാസം തടവ് ശിക്ഷയും മൂന്നു വർഷം അഭിഭാഷക വൃത്തിയിൽ നിന്നുള്ള വിലക്കും തെരഞ്ഞെടുക്കുമോ പ്രശാന്ത് ഭൂഷൺ എന്നതാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.

കോടതി അലക്ഷ്യ കേസിൽ പ്രശാന്ത് ഭൂഷണിന് സുപ്രീംകോടതി ഒരു രൂപയാണ് പിഴ വിധിച്ചത്. സെപ്റ്റംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നൂ വർഷത്തേക്ക് പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്യും. മാധ്യമ നിലപാടുകൾ കോടതി വിധികളെ സ്വാധീനിക്കാൻ പാടില്ല എന്ന് ജസ്ററിസ് അരുൺ മിശ്ര അഭിപ്രായപ്പെട്ടു. അറ്റോർണി ജനറലിന്റെ അഭ്യർത്ഥന മുഖവിലക്കെടുക്കുന്നു എന്നും ജസ്ററിസ് വ്യക്തമാക്കുകയായിരുന്നു.

അതേസമയം, വിധിയെ പ്രശാന്ത് ഭൂഷൺ എങ്ങനെ സ്വീകരിക്കും എന്നതാണ് രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നത്. വെറും ഒരു രൂപയാണെങ്കിലും പിഴ അടച്ചാൽ അത് കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. വിചാരണ വേളയിൽ തന്റെ നിലപാടിൽ ഉറച്ചുനിന്ന അഭിഭാഷകൻ അതിന് തയ്യാറാകുമോ എന്നത് ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇതുവരെയുള്ള നിലപാടുകളുടെ മേന്മ കൊണ്ടാണ്. അരനൂറ്റാണ്ടോളം പിന്നിട്ട അദ്ദേഹത്തിന്റെ സാമൂഹിക ജീവിതം നോക്കിയാൽ അറിയാം, ജാതിമതഭേദമന്യേ ഇരകൾക്കുവേണ്ടി ശബ്ദയുയർത്തിയ പോരളിയാണ് ഈ മനുഷ്യനെന്ന്‌.

ഭോപ്പാൽ ദുരന്തത്തിലെ ഇരകൾക്ക് തൊട്ട് നമ്മുടെ പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ ചൂഷണത്തിന്റെ ഇരകൾക്കുവരെ വേണ്ടി അദ്ദേഹം നീതിക്കായി കുറത്ത കുപ്പായ മണിഞ്ഞ് സുപ്രീം കോടതിയിൽ ഹാജരായി. സർദാർ സരോവർ കുടിയൊഴിപ്പിക്കൽ , കൂടുകുളം ആണവനിലയം.മവോയിസറ്റ് വേട്ടയുടെ പേരിൽ വേട്ടയാടപ്പെട്ട ആദിവാസികളുടെ മനുഷ്യാവകാശങ്ങൾ എന്നിവക്കെല്ലാം വേണ്ടി ഒരു രൂപപോലും ഫീസ് വാങ്ങാതെ പ്രശാന്ത് പോരാടി. കോമൺവെൽത്ത് ഗെയിസ്, ആദർശ് ഫ്‌ളാറ്റ് , 2ജി തുടങ്ങിയ യുപിഎ സർക്കാറിന്റെ അഴിമതികൾക്ക് എന്നപോലെ സഹാറാ ഡയറി, റാഫേൽ കരാർ തൊട്ടുള്ളവയിൽ അദ്ദേഹം മോദി സർക്കാറിനെയും നിരന്തരം കോടതി കയറ്റി. അഴിമതി വിരുദ്ധത, പരിസ്ഥിതി സംരക്ഷണം, മനുഷ്യാവകാശം...ഈ മൂന്നുവിഷയങ്ങളിൽ പ്രശാന്ത് ഭൂഷണ് വിട്ടു വീഴചയില്ല. വി എസ് അച്യുതാനന്ദന്റെ അടുത്ത സുഹൃത്തായ അദ്ദേഹം ഐസ്‌ക്രീം കേസിലടക്കം വി എസ് നടത്തുന്ന സകല നിയമപേരാട്ടങ്ങൾക്കും ഉപദേശം നൽകിയത് സൗജന്യമായാണ്.

പിയുസിഎൽപോലുള്ള മനുഷ്യാവകാശ സംഘടനകളിലും അദ്ദേഹം സജീമാണ്. ഏകദേശം 500 ഓളം പൊതു താല്പര്യ ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച് ധാരാളം പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കി. സംശുദ്ധമായ നീതി പീഠത്തിനു വേണ്ടിയുള്ള അദേഹത്തിന്റെ പോരാട്ടം വൻ ജനപിന്തുണ നേടി. പ്രശാന്ത് ഭൂഷണിന്റെ നിയമപേരാട്ടാത്തിന്റെ ഗുണ ഫലം കിട്ടാത്ത ഒരു വ്യക്തിപോലും ഇന്ത്യയിൽ ഉണ്ടാകില്ല. യുപിഎ സർക്കാർ ഓപ്പറേഷൻ ഗ്രീൻ ഹണ്ട് എന്ന മവോയിസ്റ്റ് വേട്ട കൊണ്ടുവന്നപ്പോൾ അദ്ദേഹം പറഞ്ഞത്, തോക്കുമായി സൈന്യമല്ല, ഭക്ഷണവും മരുന്നുമായി ആരോഗ്യ പ്രവർത്തകരാണ് ആദിവാസി മേഖലകളിലേക്ക് പോകേണ്ടത് എന്നായിരുന്നു. കശ്മീരിലെ അഫസ്പ എന്ന ഭീകര നിയമം പിൻവലിക്കാൻ അദ്ദേഹം പോരാടി. സ്വയം നിർണ്ണയ അവകാശം കശ്മീരികൾക്ക് നൽകണം എന്ന് അഭിപ്രായപ്പെട്ടതിന്റെ പേരിൽ ആക്രമിക്കപ്പെട്ടിട്ടും അദ്ദേഹം നിലപാട് മാറ്റിയില്ല.

കനയ്യകുമാറിനും റോഹീങ്ക്യൻ അഭയാർഥികൾക്കും ഒക്കെ വേണ്ട ഹാജരായതും മറ്റാരുമല്ല. ഇപ്പോൾ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് ജുഡീഷ്യറിയിലെ അഴിമതികൾക്ക എതിരെയാണ്. അതിനായി കമ്മറ്റി ഓൺ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി എന്ന സംഘടനയുണ്ടാക്കി പോരാട്ടം നടത്തുകയാണ്. 2009ൽ സുപ്രീം ഹൈക്കോടതിയെയും വിവരവാകശ നിയമത്തിന്റെ പരിധിയിൽ വന്നത് ഭൂഷൺ നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായിരുന്നു. ഇതേതുടർന്നാണ് കോടതി രേഖകൾ വെബ്സൈറ്റിൽ കിട്ടാൻ തുടങ്ങിയത്. 2011 ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ സമരത്തിൽ മുൻപന്തിയിൽ ഇദ്ദേഹവും ഉണ്ട്. ജൻ ലോക്പാൽ ബിൽ തയ്യാറാക്കുന്നതിനുള്ള സമിതിയിൽ അംഗമായിരുന്നു. രാഷ്ട്രീയപരമായി തുടക്കത്തിൽ ആം ആദ്മിയോട് യോജിപ്പ് പ്രകടപ്പിച്ചിരുന്നെങ്കിലും വൈകാതെ അദ്ദേഹം അതിൽനിന്ന് പിൻ തിരിയുകയായിരുന്നു.

പണമില്ലാത്തതിന്റെ പേരിൽ നീതി അന്യമാവില്ല

1956 ഒക്ടോബർ 15ന് ഡൽഹിയിൽ ജനിച്ച പ്രശാന്ത് ഭൂഷൺ, ഐഐടി മദ്രാസ്, അമേരിക്കയിയെ പ്രസ്റ്റൺ യൂനിവേഴ്സിറ്റി, അലഹബാദ് സർവകാലാശാല എന്നിവിടങ്ങളിൽ നിന്നായാണ് വിദ്യാഭ്യാസം പുർത്തിയാക്കിയത്. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ പോരാളിയായി 64കാരനായ പ്രശാന്ത്ഭൂഷണെയും 95കാരനായ അദ്ദേഹത്തിന്റെ പിതാവ് ശാന്തിഭൂഷണെയും വിലയിരുത്തുന്നവർ അനവധിയാണ്.

ഓരോ ദിവസവും ഭൂഷന്റെ ഓഫീസിൽ വരുന്ന വലിയ കെട്ട് എഴുത്തുകളിൽ നാനാവിധമായ പരാതികളുണ്ടാകും, ആവലാതികളുണ്ടാകും. ഇന്ത്യൻ പാർലമെന്റ് പിരിച്ചു വിടാനുള്ള ഹർജി നൽകണമെന്ന ആവശ്യം മുതൽ ബ്രിട്ടീഷ് രാജിൽ ഗുമസ്തനായിരുന്ന മുത്തച്ഛന്റെ പെൻഷൻ കിട്ടിയില്ല എന്നുവരെയുള്ള നമ്മുടെ ഉറക്കം കളയാനുള്ള കെട്ടുകണക്കിനു കടലാസുകൾ മുതൽ ഈ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന കോർപ്പറേറ്റുകൾക്കെതിരായ പോരാട്ടങ്ങൾക്കുള്ള ആവശ്യം വരെ.ഒരു ഭീതിയുമില്ലാതെ രഹസ്യങ്ങൾ പങ്കുവെക്കാനെത്തും. പണമില്ല എന്നതിന്റെ പേരിൽ ന്യായമായ ഒരു ഹർജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരിൽ ഒരു അധാർമിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹർജികൾ പോകാറില്ല. പണിമില്ലാത്തിനാൽ ആരെയും മടക്കി അയക്കാറുമില്ല. എത്രയോ കേസുകളിൽ സൗജന്യമാണ് അദ്ദേഹം വാദിച്ചത്.

ജുഡീഷ്യറിയിലെ ശുദ്ധീകരണം

കേവലം സർക്കാറിനോടും രാഷ്ട്രീയക്കാരോടും മാത്രം ഏറ്റുമുട്ടുന്ന വ്യക്തിയായിരുന്നില്ല പ്രശാന്ത് ഭൂഷൺ. താൻ കൂടി ഉൾപ്പെട്ട ജുഡീഷ്യൽ സംവധാനത്തിലെ പൂഴുക്കുത്തുകൾക്കെതിരെ അദ്ദേഹം നിരന്തരം സംസാരിച്ചു. കമ്മറ്റി ഓൺ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി എന്ന സംഘടന രൂപീകരിച്ചതും അത് ജനകീയ കാമ്പയിനായി വളർത്തിക്കൊണ്ടുവന്നതും പ്രശാന്ത് തന്നെയാണ്.

2018ൽ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയെ മോദി സർക്കാർ ബ്ലാക്‌മെയിൽ ചെയ്ത് വരുതിക്ക് നിർത്തുകയാണെന്ന് പ്രശാന്ത് ഭൂഷണിന്റെ ആരോപണം കോളിളക്കം ഉണ്ടാക്കി. ചീഫ് ജസ്റ്റിസിനെതിരെ വിമർശനമുയർത്തിയും സുപ്രീംകോടതിയിലെ കൊള്ളരുതായ്മകൾ ജനങ്ങളെ അറിയിച്ചും രംഗത്തെത്തിയ നാല് ജഡ്ജിമാർ കാണിച്ചത് നല്ല മാതൃകയാണെന്നും വിസിൽ ബ്ലോവർമാരുടെ ധർമ്മമാണ് ഇവർ നിർവഹിച്ചതെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ദീപക് മിശ്ര രാജി വയ്ക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ദ വീക്ക് വാരികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യം പറയുന്നത്. ആ അഭിമുഖത്തിന്റെ പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. 'ജുഡീഷ്യറിയിൽ അപകടകരമായ രാഷ്ട്രീയവത്കരണമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

മെഡിക്കൽ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലേതടക്കമുള്ള ജഡ്ജിമാർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് താൻ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു. ജുഡീഷ്യറിയിലെ ഉപജാപങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ് മെഡിക്കൽ കോഴ കേസ്. ചീഫ് ജസ്റ്റിസ്, സർക്കാരിന്റെ താൽപര്യങ്ങൾക്ക് വേണ്ടി ജുഡീഷ്യറിയെ ദുരുപയോഗം ചെയ്യുകയാണ്. തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ചീഫ് ജസ്റ്റിസിനെ സർക്കാർ ഉപയോഗപ്പെടുത്തുകയാണ്. അദ്ദേഹം വലിയ സമ്മർദ്ദത്തിലാണ് - പ്രശാന്ത് ഭൂഷൺ പറയുന്നു.

ഇങ്ങനെയാണെങ്കിലും കോടതയിലെ ജാതി വിവേചനം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കർണ്ണൻ രംഗത്ത് എത്തിയപ്പോൾ അതിനെ പ്രശാന്ത് ഭൂഷൺ പിന്തുണച്ചിരുന്നില്ല. 'കർണൻ ജഡ്ജിമാർക്കെതിരെ അസംബന്ധമായ പരാമർശങ്ങൾ നടത്തിയെന്നത് മാത്രമല്ല, തന്റെ അധികാരം ഉപയോഗിച്ച് നിയമ വിരുദ്ധമായി സുപ്രീം കോടതി ജഡ്ജിമാരെ തടവിലിടാൻ ഉത്തരവിടുകയും ചെയ്തു. നിതി നടപ്പിലാക്കുന്ന കാര്യത്തിൽ അദ്ദേഹം ഇടപെടുകയായിരുന്നു.'- ഇതാണ് പ്രശാന്ത് ഭൂഷൺ ഇക്കാര്യത്തിലുള്ള തന്റെ മറുപടിയായി പറഞ്ഞത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വിശദീകരിച്ചത്. എന്നാൽ പ്രശാന്ത് ഭൂഷണിന് പിന്തുണയുമായി ജസ്റ്റിസ് കർണൻ ഇപ്പോൾ രംഗത്തെത്തിയിട്ടുമുണ്ട്. അതായത് വർഷങ്ങളായി ജുഡീഷ്യറിയെ ജനാധിപത്യവത്ക്കരിക്കുക എന്ന വിമർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം നിലവിലെ സുപ്രീം കോടതി ജഡ്ജിയുടെ അരുതായ്മകളും ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെയാണ് മാപ്പു പറയില്ല എന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിന്നതും.

രണ്ട് ട്വീറ്റുകളാണ് കോടതി കോടതിയലക്ഷ്യ കേസിന് ആധാരം. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് സുപ്രിംകോടതിയെ ആകെയും ചീഫ് ജസ്റ്റിസ് ഓഫീസിനെ പ്രത്യേകമായും കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജൂൺ 27 ന് സുപ്രീം കോടതിയെക്കുറിച്ചും ജൂൺ 29 ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെക്കുറിച്ചും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നൽകിയത്. 'അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാൻ ഭാവിയിലെ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ ഈ നാശത്തിൽ സുപ്രീം കോടതിക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർക്ക്', പ്രശാന്ത് ഭൂഷൺ ഒരു ട്വീറ്റിൽ പറഞ്ഞതിങ്ങനെ.

ലോക്ക് ഡൗണിനിടെ മാസ്‌കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ബിജെപി നേതാവിന്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ മറ്റൊരു ട്വീറ്റ്. ഇതിൽ ബോബ്‌ഡെ ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന എന്ന് പറഞ്ഞതിൽ ഭൂഷൺ ഖേദം പ്രകടിപ്പിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ബൈക്ക് ഓടിക്കുകയല്ല, ബൈക്കിൽ ഇരിക്കുകയാണ് ചെയ്തെന്നും ഇത് താൻ ശ്രദ്ധിച്ചില്ലെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തിരുന്നു.