കണ്ണുർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ജനാധിപത്യ പാർട്ടി നേതാവ് സി.കെ ജാനുവിന് കോഴ നൽകിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുനായി പ്രസീത അഴീക്കോട്. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രസിത അഴിക്കോട്
കഴിഞ്ഞ മാർച്ച് 26ന് ബത്തേരിയിലെ ഹോംസ്റ്റേയിൽ വച്ചാണ് സി കെ ജാനുവിന് 25 ലക്ഷം രൂപ ബിജെപി നേതാക്കൾ നൽകിയതെന്ന് പ്രസീത അഴീക്കോട് വ്യക്തമാക്കി.

കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ വഴിയാണ് പണം കൈമാറാനുള്ള ഏർപ്പാടുകൾ ചെയ്തത്. ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലാണ് പൂജ പ്രസാദമുള്ള സഞ്ചിയിൽ പണവുമായി എത്തിയതെന്നു പ്രസീത അഴീക്കോട് മാധ്യമ പ്രവർത്തകരാട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കേസ് അന്വേഷണം നടത്തുന്ന വയനാട് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തിരുന്നു'

ജാനുവിന്റെ പാർട്ടിക്കായി 25 ലക്ഷം കൈമാറിയതുമായി ബന്ധപ്പെട്ട കെ സുരേന്ദ്രന്റെ ശബ്ദരേഖയും പ്രസീത പുറത്തുവിട്ടിരുന്നു.ആർഎസ്എസ് ഓർഗനൈസിങ് സെക്രട്ടറി എം ഗണേശാണ് പണം ഏർപ്പാടാക്കിയതെന്നാണ് ശബ്ദരേഖയിലെ ഉള്ളടക്കം. ആദ്യം നൽകിയ പത്ത് ലക്ഷം രൂപയ്ക്കു പുറമെയാണ് 25 ലക്ഷം രൂപ കൈമാറുന്നതിന്റെ വിശദാംശങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ ആവശ്യത്തിനു വേണ്ടിയാണ് പണം കൈമാറുന്നതെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഈ ആരോപണങ്ങൾ കെ സുരേന്ദ്രനും ബിജെപിയും നിഷേധിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വിടാമെന്നു പ്രസീത അഴീക്കോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്.

മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർത്ഥി കെ സുന്ദരയ്ക്കും സികെ ജാനുവിനും നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി അധ്യക്ഷൻ വൻ തുക നൽകിയതായി മുൻപ് വെളിപ്പെടുത്തൽ വന്നിരുന്നു. മഞ്ചേശ്വരത്തെ പണം കൈമാറ്റത്തിൽ കെ സുരേന്ദ്രനെതിരെ അന്വേഷണം തുടരുകയാണ്.