ന്യൂഡൽഹി: കർഷക സമരത്തെ അവഗണിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. റോമ സാമ്രാജ്യം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി വീണ വായിക്കുന്നതുപോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. വാരാണസിലെ ദേവ് ദീപാവലി ആഘോഷത്തിനിടെ താളം പിടിച്ചുനിൽക്കുന്ന മോദിയുടെ ചെറു വിഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷന്റെ വിമർശനം.

'തക് ദിൻ എ തക് ദിൻ! ബൈ ബൈ ലൈറ്റ്‌സ്... ഇന്ത്യ കത്തുമ്പോൾ മോദി വീണവായിക്കുന്നു' -പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. രാജ്യത്ത് കാർഷക പ്രക്ഷോഭം കത്തിനിൽക്കുമ്പോഴാണ് മോദിയുടെ വാരാണസി സന്ദർശനം. മോദി ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ വിമർശനവും ട്രോളുകളും നിറഞ്ഞിരുന്നു.

വാരാണസിയിലെ സന്ദർശനത്തിനിടെ കാശിയിലെ ദേവ് ദീപാവലി ആസ്വദിക്കുന്നതാണ് വിഡിയോ. ചടങ്ങിനിടെ സംഘടിപ്പിച്ച ലേസർ ഷോയും ശിവ താണ്ഡവ സ്തുതിയും ആസ്വദിച്ച് മോദി നിൽക്കുന്ന വിഡിയോ പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ടിൽ തന്നെയാണ് ആദ്യം പോസ്റ്റ് ചെയ്തത്. ലേസർ ഷോക്കും പാട്ടിനും അനുസരിച്ച് മോദി വിരലുകൾ ചലിപ്പിക്കുന്നതും തോണിയിൽ പോകുന്നവരെ കൈ ഉയർത്തികാണിക്കുന്നതും വിഡിയോയിൽ കാണാം.