ന്യൂഡൽഹി: രാജ്യത്ത് ഇരട്ടനീതിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. രാജ്യത്തെ കൊള്ളയടിച്ചവർക്ക് സഹായം ചെയ്യുന്ന സർക്കാർ പാവങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ ശ്രമിക്കുന്നില്ല എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം. ഒരു വശത്ത്, അംബാനിയുടേയും അദാനിയുടെയും ബാഗ് നിറയുന്നു, ദശലക്ഷക്കണക്കിന് കോടി കൊള്ളയടിച്ച നീരവ് മോദി വിജയ് മല്യ, ‘മെഹുൽ ഭായ്' എന്നിവരെ രാജ്യം വിട്ട് പോകാൻ അനുവദിക്കുകയും ചെയ്യുന്നു; മറുവശത്ത്, ലോക്ക് ഡൗൺ കാരണം ജോലി നഷ്ടപ്പെട്ട ദരിദ്രരെക്കുറിച്ച് ആശങ്കയില്ല, ഭക്ഷണം കഴിക്കാൻ പണമില്ല, കുട്ടികളെ പഠിപ്പിക്കാൻ പണമില്ല. ഇതാണ് ഇന്നത്തെ യാഥാർത്ഥ്യം- പ്രശാന്ത് ഭൂഷൺ പറഞ്ഞു.

ലോക് ഡൗൺ ദുരിതത്തിൽപ്പെട്ട സാധാരണക്കാർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ രാജ്യത്തുണ്ടായിട്ടും കേന്ദ്രസർക്കാരിന് അക്കാര്യത്തെക്കുറിച്ച് യാതൊരു ആശങ്കയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ലോക് ഡൗൺ ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സുപ്രീംകോടതി തന്നെ വിമർശിച്ചിരുന്നു. കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തെ തുടർന്നാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ പ്രശ്‌നമുണ്ടായതെന്ന് സുപ്രീം കോടതി ബുധനാഴ്ച വ്യക്തമാക്കി.

കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക് ഡൗൺ റിസർവ് ബാങ്കിന്റെ പ്രവർത്തനത്തേയും സാരമായി ബാധിച്ചിരുന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവർഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വൻഇടിവാണ് ഉണ്ടായത്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലേക്ക് എത്തിയിരുന്നു.

2018-19ൽ ഇത് 1,93,036 കോടി രൂപയായിരുന്നു. അടിയന്തര ഫണ്ടിലേക്ക് കൂടുതൽ തുക നീക്കിവെക്കേണ്ടി വന്നതോടെ ആർ.ബി.ഐ.യിൽനിന്ന് ലാഭവീതമായി കേന്ദ്രസർക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്. വാർഷിക റിപ്പോർട്ട് പ്രകാരം 2019-20 വർഷം കേന്ദ്രസർക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും.