ന്യൂഡൽഹി: സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യം ചുമത്താൻ കാരണമായ ട്വീറ്റുകളും കോടതിയുടെ വിധിന്യായവും സമഗ്രമായ പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്ന് വ്യക്തമാക്കി ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സിഐ). ഭൂഷൺ തന്റെ പൊഫ്രഷൻ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും നിയമപരമായി അഭിഭാഷക വൃത്തിയിൽ തുടരാൻ അദ്ദേഹത്തിന് അർഹതയുണ്ടോ എന്നും തീരുമാനിക്കാൻ ഇത് ഉപകരിക്കുമെന്നാണ് ബാർ കൗൺസിലിന്റെ വിലയിരുത്തൽ.

നിയമപരമായ വസ്തുതകൾ പരിശോധിച്ച് വിഷയത്തിൽ വേഗത്തിൽ തീരുമാനം എടുക്കാൻ പ്രശാന്ത് ഭൂഷൺ എൻട്രോൾ ചെയ്ത ഡൽഹി ബാർ കൗൺസിലിനോട് നിർദ്ദേശിക്കാൻ തീരുമാനിച്ചതായും ബാർ കൗൺസിൽ ഓഫ് ഇന്ത്യ വ്യക്തമാക്കി. പ്രശാന്ത് ഭൂഷണെതിരെ ചുമത്തിയ കോടതിയലക്ഷ്യക്കേസിൽ അദ്ദേഹം കുറ്റക്കരനാണെന്ന് വിധിച്ച സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴ അടയ്ക്കാൻ വിധിച്ചിരുന്നു.

പ്രശാന്ത് ഭൂഷൺ ഒരു രൂപയടക്കാൻ തയ്യാറായില്ലെങ്കില് മൂന്ന് മാസം ജയിലിൽ കഴിയേണ്ടി വരും. കൂടാതെ പ്രാക്ടീസിൽ നിന്നും മൂന്ന് വർഷത്തേക്ക് അദ്ദേഹത്തെ വിലക്കുകയും ചെയ്യും. സെപ്റ്റംബർ 15 നകം പിഴയായ ഒരു രൂപ അടയ്ക്കാൻ കോടതി പറഞ്ഞു. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമർശിച്ചെന്നാരോപിച്ചായിരുന്നു പ്രശാന്ത് ഭൂഷണെതിരെ കോടതി സ്വമേധയ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.

പ്രശാന്ത് ഭൂഷന്റെ ട്വീറ്റുകൾ നീതി നിർവഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തിൽ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്‌ത്തുന്നതും ആണെന്നും വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി. ഓഗസ്റ്റ് ഇരുപതിന് സുപ്രീംകോടതിയിൽ നടന്ന വാദത്തിൽ പാരമർശം പിൻവലിച്ച് മാപ്പ് പറയാൻ ഭൂഷണോട് കോടതി ആവശ്യപ്പെടുകയും എന്നാൽ താൻ കോടതിയിൽ നിന്ന് ദയ ആഗ്രഹിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷൺ മറുപടി നൽകുകയും ചെയ്തു. എന്നാൽ തീരുമാനം പുനരാലോചിക്കാൻ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി സമയം നൽകി.