കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി പ്രബല രാഷ്ട്രീയ ശക്തിയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ അവരെ കുറച്ചുകാണാൻ കഴിയില്ലെന്നും പ്രശാന്ത് കിഷോർ. എന്നാൽ സംസ്ഥാനത്തെ ഏറ്റവും കരുത്തയായ നേതാവ് മമത ബാനർജി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മമതാ ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനാണ് പ്രശാന്ത്. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പ്രതികരണം.

'ബംഗാളിൽ ബിജെപി പ്രബല ശക്തിയാണ്. എന്നാൽ, അവർ 100 കടക്കില്ല. തൃണമൂൽ ആണ് വിജയിക്കാൻ പോകുന്നത്. വലിയ വിജയം നേടും. ആദ്യ നാല് റൗണ്ടുകളിൽ വളരെ കടുത്ത പോരാട്ടമാണെന്ന് ഞാൻ സമ്മതിക്കുന്നു. എന്നാൽ അത് അർഥമാക്കുന്നത് ബിജെപി അതിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും തൃണമൂലുമായി കടുത്ത പോരാട്ടമാണ് നേരിടുന്നത് എന്നാണ്. മത്സരത്തെ കുറച്ചുകാണുന്നത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെന്ന തന്റെ ജോലിയുടെ ഭാഗമല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടെടുപ്പ് തീയതികൾ ഒരു വിഭാഗത്തിന് അനുകൂലമായാണ് തീരുമാനിച്ചതെന്നും പ്രശാന്ത് ആരോപിച്ചു. 'തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ടെടുപ്പ് നടക്കുന്നത് അവസാന ഘട്ടങ്ങളിലാണ്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് ഒരു ബിജെപി തരംഗം സൃഷ്ടിക്കാൻ സഹായിക്കുന്നതാണ് ഈ ഷെഡ്യൂൾ. അതവർക്ക് മാനസികമായ ഒരു നേട്ടമാണ് നൽകുന്നത്. ഷെഡ്യൂൾ സുതാര്യവും നീതിയുക്തവുമായിരിക്കണം. ഇത്തരത്തിലുള്ള ഒരു ഷെഡ്യൂൾ ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല. ഒരേ ജില്ല മൂന്നുഘട്ടങ്ങളായിട്ടാണ് വോട്ട് രേഖപ്പെടുത്തുന്നത്.' അദ്ദേഹം ആരോപിച്ചു.