ന്യൂഡൽഹി: സിംഗുവിലെ അക്രമത്തിൽ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്.കർഷകർക്ക് നേരെ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ബിജെപി ഗുണ്ടകളാണെന്ന് റിപബ്ലിക്ക് ദിവസം തൊട്ട് ബിജെപി ആക്രമണത്തിനുള്ള നീക്കം തുടങ്ങിയെന്നും അദ്ദേഹം പ്രതികരിച്ചു.

ബിജെപിയുടെ ഗുണ്ടകൾ സിംഗു അതിർത്തിയിൽ പണി തുടങ്ങി. റിപബ്ലിക്ക് ദിവസം മുതൽ അവർ ഈ ആക്രമണത്തിനുള്ള ഭീഷണി തുടങ്ങിയിരുന്നെന്നും അഹിംസാത്മകവും അച്ചടക്കമുള്ളതുമായ പ്രതിഷേധത്തിനായി നിലകൊള്ളുന്ന ആളുകൾക്കെതിരെ കേസെടുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.

സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഒരു സംഘമാണ് കർഷകർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. കർഷകരുടെ ടെന്റുകൾ ഇവർ പൊളിച്ചുമാറ്റി. കർഷകരെ തീവ്രാവാദികൾ എന്നുവിളിച്ചുകൊണ്ടാണ് ആക്രമണം.സംഘർഷം കനത്തതോടെ പൊലീസ് ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.മാധ്യമപ്രവർത്തകരെ സ്ഥലത്തുനിന്ന് മാറ്റാനും ശ്രമം നടക്കുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തുന്നതും പൊലീസ് തടഞ്ഞു.