ന്യൂഡൽഹി: തനിക്കെതിരായ ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവയ്ക്കണമെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു. ട്വീറ്റുകൾ കോടതിയലക്ഷ്യമാണെന്ന വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകി, അതിൽ തീർപ്പാകുംവരെ വാദം മാറ്റണമെന്നാണ് ആവശ്യം. ശിക്ഷ സംബന്ധിച്ച് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നു വാദം കേൾക്കാനിരിക്കെയാണ് ഭൂഷൺ അപേക്ഷ നൽകിയത്.

അനുവദനീയമായ 30 ദിവസത്തിനുള്ളിൽ പുനഃപരിശോധനാ ഹർജി നൽകും. സുപ്രീം കോടതി സ്വമേധയായെടുത്ത കോടതിയലക്ഷ്യ കേസിൽ അപ്പീലിന് സാഹചര്യമില്ല. ആകെയുള്ള പരിഹാരം പുനഃപരിശോധനാ ഹർജിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, സുപ്രീം കോടതി സ്വമേധയാ എടുക്കുന്ന കേസിൽ ശിക്ഷിക്കപ്പെടുന്നയാൾക്ക് അപ്പീൽ നൽകാൻ അവസരം വേണമെന്ന് സുപ്രീം കോടതിയിലെ തന്നെ മുൻ ജഡ്ജി കുര്യൻ ജോസഫ് അഭിപ്രായപ്പെട്ടു. കോടതിയലക്ഷ്യ നിയമത്തിന്റെ 19ാം വകുപ്പനുസരിച്ച്, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് വിധിയെങ്കിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാം. ഡിവിഷൻ ബെഞ്ചിന്റെ വിധിയെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാം.

ഭരണഘടനാ വ്യാഖ്യാനം വേണ്ട നിയമപ്രശ്‌നങ്ങളുള്ള കേസുകൾ 5 ജഡ്ജിമാരെങ്കിലുമുള്ള ബെഞ്ച് കേൾക്കണമെന്നാണ് ഭരണഘടനയുടെ 145(3) വകുപ്പ് വ്യക്തമാക്കുന്നത്. ഇപ്പോഴത്തെ കോടതിയലക്ഷ്യ കേസുകൾ ഒന്നോ രണ്ടോ വ്യക്തികളെ മാത്രം സംബന്ധിച്ചതല്ല, രാജ്യത്തെ ന്യായവ്യവസ്ഥയെ സംബന്ധിച്ച വലിയ വിഷയങ്ങളുടേതാണ്. ഇത്തരം കേസുകളിൽ കോടതി മുറിയിൽ വാദം കേൾക്കണ്ടതാണ്. കുര്യൻ ജോസഫ് പറഞ്ഞു.