തൃശൂർ: തൃശൂർ എംപി ടിഎൻ പ്രതാപന്റെ പരാതിയിൽ മറുനാടൻ മലയാളിയ്‌ക്കെതിരെ പൊലീസ് കേസെടുത്തത് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തെറ്റായ വകുപ്പുകൾ ചേർത്ത്. പ്രതാപന് മാനനഷ്ടമുണ്ടായി എന്ന കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന തിരിച്ചറിവിലാണ് ഈ ഇടപെടൽ. പ്രതാപനെതിരെ വ്യാജരേഖയുണ്ടാക്കി എന്ന കുറ്റമാണ് മറുനാടന് മേൽ ആരോപിക്കുന്നത്.

ഇന്ത്യൻ പൊലീസ് ആക്ടിലെ 465, 469 വകുപ്പുകൾ പ്രകാരമാണ് കേസ്. കെപി ആക്ടിലെ 120(ഒ) വകുപ്പും ചുമത്തിയിട്ടുണ്ട്. എല്ലാം ജാമ്യമമുള്ള വകുപ്പുകളാണ്. തൃശൂർ സിറ്റിയിൽ പ്രവർത്തിക്കുന്ന മറുനാടൻ മലയാളി എന്ന അഡ്രസാണ് എഫ് ഐ ആറിലുള്ളത്. ഷാജൻ സക്കറിയുടെ വയസ്സ് 45ഉം. ഈ പ്രാഥമിക വിവരങ്ങളും തെറ്റാണ്. ഐപിസിയിലെ 465 വ്യാജ രേഖകൾ ചമയ്ക്കുന്നതിന് എതിരെയുള്ള വകുപ്പാണ്. ഐപിസി 469ഉം ഇലക്ട്രോണിക്ക് മാധ്യമം ഉപയോഗിച്ചുള്ള വ്യാജ രേഖയുണ്ടാക്കലാണ്. കെപി ആക്ടിലെ 120(ഒ) വകുപ്പ് മറ്റൊരാൾക്ക് ശല്യം ഉണ്ടാക്കുന്ന കുറ്റകൃത്യത്തിന് ചുമത്തുന്നതാണ്.

പ്രതാപനുമായി ബന്ധപ്പെട്ട വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ ചീഫ് സെക്രട്ടറിയെന്ന പേരിൽ ഹോം സെക്രട്ടറിക്ക് പരാതിയും നൽകി. ഇതിൽ ഇത്തരത്തിലൊരു വീഡിയോ ഉണ്ടെന്നും പ്രതാപൻ തന്നെ പറഞ്ഞിരുന്നു. ഈ പരാതിക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ എത്തിയ വീഡിയോ ഉപയോഗിച്ച് വിശകലനങ്ങൾ മറുനാടൻ മലയാളിയുടെ യുട്യൂബ് ചാനലിൽ എത്തിയത്. ഇതിൽ കേസെടുക്കാൻ പൊലീസിന് കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് വ്യാജ രേഖ നിർമ്മാണം എന്ന തരത്തിലെ കുറ്റാരോപണം എഫ് ഐ ആറിൽ എത്തുന്നത്.

ഇന്ത്യൻ പാർമെന്റ് മെമ്പറായ ആവലാതിക്കാരനെ പൊതു സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കണമെന്നും സൽപേരിന് കളങ്കം വരുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രവർത്തിച്ചുവെന്നാണ് എഫ് ഐ ആറിലെ ആരോപണം. ആവലാതിക്കാരന്റെ തൃശൂർ ഓഫീസിന് കീഴിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി കെയർ എന്ന ജീവകാരുണ്യ പരിപാടിയുടെ ദുബായിലുള്ള പ്രവർത്തകരുടെ അൽക്യൂസെസ് എന്ന സ്ഥലത്തെ അൽ-മിക്വാദിൽ അതിഥിയായി പങ്കെടുത്ത ആവലാതിക്കാരൻ ഇടെപഴകുന്നതിന്റെ വീഡിയോ മറുനാടൻ മലയാളി എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ഷാജൻ സ്‌ക്കറിയ എന്നയാൾ എങ്ങനെയോ കൈക്കലാക്കിയെന്നും കുറ്റപ്പെടുത്തുന്നു.

ടി വീഡിയോയിൽ 'നാണമില്ലേ മിസ്റ്റർ പ്രതാപൻ ഇങ്ങനെ വേഷം കെട്ടാൻ' എന്ന തലക്കെട്ടോടെ വീഡിയോയിൽ കൃത്രിമത്വം കാണിച്ചും വക്രീകരിച്ചും അവാലാതിക്കാരനെ മദ്യപനായും ചിത്രീകരിച്ച് വ്യജമായി പ്രതിയുടെ യുട്യൂബ് ചാനലിൽ പൊതു ജനമധ്യത്തിൽ പ്രദർശിപ്പിച്ച് ആവലാതിക്കാരന്റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്നതിന് ഇടയായ കാര്യം-ഇതാണ് എഫ് ഐ ആറിലെ കുറ്റാരോപണം. വീഡിയോ മറുനാടൻ മലയാളി എങ്ങനേയോ കൈക്കലാക്കിയെന്ന് പറയുകയും വ്യാജ രേഖ ചമച്ചതിന് കേസെടുക്കുകയും ചെയ്യുന്നതോടെ എഫ് ഐ ആറിൽ തന്നെ രണ്ട് നിലപാടുകൾ എത്തുകയാണ്. കോൺഗ്രസ് എംപിയായ പ്രതാപന് വേണ്ടി ചില ഉന്നതരുടെ ഇടപെടൽ കേസെടുക്കലിന് പിന്നിൽ ഉണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ടി എൻ പ്രതാപൻ എംപിക്കെതിരെ അപവാദപ്രചാരണം നടത്തിയ മറുനാടൻ മലയാളി ഓൺലൈൻ യു ട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് കേസെടുത്തുവെന്ന വാർത്ത പതിവ് പോലെ ദേശാഭിമാനിയിലും ഉണ്ട്. ദുബായിലെ പരിപാടിയൽവച്ച് ടി എൻ പ്രതാപൻ എംപി മദ്യപിച്ച് സുഹൃത്തുക്കളുമായി ആഘോഷിക്കുന്നു എന്ന തരത്തിൽ മറുനാടൻ മലയാളി ഓൺ ലൈൻ ചാനലിൽ ദൃശ്യങ്ങൾ സഹിതം ഷാജൻ സ്‌കറിയ വാർത്ത നൽകിയിരുന്നു.

ഇതിനെതിരെ എംപി, മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. നവംബറിൽ ഷാർജയിൽ വച്ച് നടന്ന വിവിധ പരിപാടികൾക്ക് ശേഷം പങ്കെടുത്ത വിരുന്നുനിടെയുള്ള ചിത്രങ്ങൾ ദുരുപയോഗം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപെടുത്തുന്നുവെന്നാണ് ടിഎൻ പ്രതാപൻ എംപിയുടെ പരാതി. തന്നെ ഭീഷണിപ്പെടുത്താൻ ലക്ഷ്യമിട്ട് ഓൺലൈൻ മാധ്യമം ദൃശ്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ടിഎൻ പ്രതാപൻ പരാതിയിൽ പറഞ്ഞത്.