കൊല്ലം: പൂണെയിൽ ഭർതൃവീട്ടിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം സ്വദേശിനി പ്രീതി(29)യെയാണ് ബുധനാഴ്ച ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണം സ്ത്രീധന പീഡനം മൂലമുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിരുന്നു.

യുവതിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പൊലീസ് പ്രീതിയുടെ ഭർത്താവ് ആലപ്പുഴ സ്വദേശിയായ അഖിലിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടിൽ നിന്നു മകൾക്ക് ക്രൂരമർദനമേറ്റിരുന്നതായും പ്രീതിയുടെ ശരീരത്തിൽ മർദനത്തിന്റെ പാടുകളുണ്ടായിരുന്നുവെന്നും മാതാപിതാക്കൾ ആരോപിച്ചു. ആറ് വർഷം മുൻപ് ഏകദേശം 85 ലക്ഷം രൂപയും 125 പവനും സ്ത്രീധനമായി നൽകിയായിരുന്നു പ്രീതിയുടെയും വിവാഹം നടത്തിയത്. എന്നാൽ, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അഖിലും അമ്മയും പ്രീതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രീതിയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നു.

കൊല്ലം വാളകം സ്വദേശിയാണ് പ്രീതി. ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിടുന്നുവെന്ന് സുഹൃത്തിന് അയച്ച സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. ഒക്ടോബർ ആറിനാണ് പൂണെയിലെ ഭർത്താവിന്റെ വീട്ടിൽ മലയാളി യുവതിയായ പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഖിലും ഭർതൃമാതാവും ജോലി കഴിഞ്ഞ് എത്തുമ്പോൾ പ്രീതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ പ്രീതി കൊല്ലപ്പെട്ടതാണെന്നും കൊലയ്ക്ക് പിന്നിൽ അഖിലും അമ്മയും ആണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭർത്താവിന്റെ വീട്ടിൽ സ്ത്രീധനത്തെ ചൊല്ലി മകൾക്ക് നിരന്തരം പീഡനം നേരിടേണ്ടിവന്നുവെന്ന് പിതാവ് മധുസൂദനൻ പിള്ള ആരോപിച്ചിരുന്നു.

മധുസൂദനൻ പിള്ളയുടെ വാക്കുകൾ:

'എന്റെ മകളെ അവർ കൊന്നതാണെന്നാണ് എന്റെ ബലമായ സംശയം. അവൾ അങ്ങനെ ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവും ഇല്ല. കാരണം അവൾക്ക് ഞങ്ങളുടെ അടുത്തേക്ക് വന്നാൽ മതി. എല്ലാ സാമ്പത്തിക സഹായങ്ങളും ഞങ്ങൾ ചെയ്തു കൊണ്ടിരുന്നതാണ്. നവംബർ അഞ്ചാം തീയതി അവൾ ഞങ്ങളെ കാണാൻ വരാനിരുന്നതാണ്. ടിക്കറ്റെടുത്തതാണ് പൂണെയിൽ നിന്ന് ഡൽഹിയിലേക്ക്. അവൾ വന്നാൽ, തിരിച്ചുചെല്ലില്ലാ എന്ന് അവർക്ക് തോന്നി കാണും. ആ രീതിയിൽ അവൾ സംസാരിച്ചിട്ടുണ്ട്. കൂട്ടുകാരികളുമായി ഷെയർ ചെയ്തിട്ടുണ്ട്.

2015 ജനുവരി 12 നായിരുന്നു വിവാഹം. ഏഴുവർഷം തികയുന്നതേയുള്ളു. കുട്ടികൾ ഇല്ല. കേരള മാട്രിമോണിയൽ വഴിയാണ് ആലോചന നടന്നത്. ആലപ്പുഴക്കാരാണ് പയ്യന്റെ കുടുംബം എങ്കിലും പൂണെയിലാണ് ദീർഘനാളായി താമസം.

വിവാഹശേഷം പലപ്പോഴായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുത്തിട്ടുമുണ്ട്. സങ്കടപ്പെടുത്തേണ്ട എന്ന് കരുതി എന്നിൽ നിന്ന് പലതും മറച്ചുവയ്ക്കുമായിരുന്നു. എന്നാലും അവസാന സമയത്ത് അവൾ പറയുമായിരുന്നു...അവർക്കുണ്ടായിട്ടുള്ള കഷ്ടനഷ്ടങ്ങൾ എല്ലാം, ഞാനോ അവളോ ഉത്തരവാദിയാണെന്നും അത് നികത്തി കൊടുക്കണമെന്നും. അതിന്റെ ലോജിക്ക് എനിക്ക് അറിയില്ല. ടയറിന്റെ ഡീലർ എന്ന് പറഞ്ഞായിരുന്നു വിവാഹം കഴിച്ചത്. രണ്ട് കടകൾ ഉണ്ടായിരുന്നു. എന്നാൽ, അവർ ബിസിനസിൽ വേണ്ട താൽപര്യം എടുത്തില്ല. ബിസിനസ് തകർന്നു പോയി. അപ്പോൾ അച്ഛന്റെ കൈയിൽ പൈസയുണ്ട്...അച്ഛൻ അത് നടത്തി തരണമെന്നായി നിർബന്ധം. കടം വീട്ടി തരണം. അവന്റെ അച്ഛൻ 2018 ൽ മരിച്ചു പോയി. അതിന് ശേഷമാണ് പ്രശ്‌നം രൂക്ഷമാകുന്നത്. ബിസിനസ് വികസിപ്പിക്കണമെന്ന് പറഞ്ഞ് അമ്മായിഅച്ഛൻ ഉള്ള കാലത്തും രണ്ടുതവണ പണം വാങ്ങി. 2015 ലാണ് കാശ് കൊടുത്തത്. ബാങ്ക് വഴിയല്ല കൊടുത്തത്. എനിക്ക് ഇവിടെ ചെറിയ ബിസിനസുണ്ട്. പിന്നെ റബറും മറ്റുകൃഷികളും. സുഹൃത്തുക്കളുടെ കൈയിൽ നിന്നും മറ്റും കടം കൂടിയും, ചിട്ടി പിടിച്ചും ഒക്കെയാണ് കൊടുത്തത്.

കല്യാണം വയയ്ക്കൽ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു.125 പവനോളം കൊടുത്തിട്ടുണ്ട്..കല്യാണ സമയത്ത്. ബാങ്കിൽ ലോക്കറിൽ വയ്ക്കാമെന്ന് പറഞ്ഞ് വാങ്ങിയ പണം മുഴുവൻ വിറ്റു. അവൾക്ക് ആഭരണഭ്രമം ഉള്ളവൾ ആയിരുന്നില്ല. അവൾ സന്തോഷമായിട്ട് ജീവിക്കണമെന്ന് കരുതി കൊടുത്തതാണ്...എനിക്കൊരു മകനും കൂടി ഉള്ളതാണ്.

രണ്ടുമാസം മുമ്പ് അവൾ ഡൽഹിയിൽ വന്നിരുന്നു..അന്നാണ് അവസാനമായി കണ്ടത്. 15 ദിവസം കൂടെ ഉണ്ടായിരുന്നു. ഒറ്റയ്ക്കാണ് വന്നത്. ഞാൻ ഒരു രാജകുമാരിയെ പോലെയാണ് അവളെ അയച്ചത്. അവൾ വന്നതാകട്ടെ ഒരു പിച്ചക്കാരിയെ പോലെയും. നല്ല ഡ്രസോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ചോദിച്ചപ്പോഴാണ് അച്ഛാ ..ഇതെല്ലാം വിറ്റുപോയി എന്ന് പറയുന്നത്. മോൾ സങ്കടത്തിലായിരുന്നു. എന്നാലും, അവൾക്ക് എന്നോട് തുറന്നുപറയാൻ മടിയായിരുന്നു.

ഞാൻ മോളോട് പറഞ്ഞിരുന്നു...നിനക്ക് വിഷമം ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും കൊണ്ടുപോരാം...രാത്രിയിൽ വേണമെങ്കിലും വന്നുകൊണ്ടു വരാം..ന്ന്. ഫോണിലാണ്....എല്ലാം പറഞ്ഞത്. ഇടയ്ക്ക് ഷെയർ വേണമെന്നു അവൾ പറഞ്ഞു. അമ്മായിഅമ്മയും മരുമകനുമായി വരാൻ പറഞ്ഞു. അതിനും ഞാൻ തയ്യാറായിരുന്നു. മൂന്നാമത് ഒരാളെ കൊണ്ടാണ് അവർ സംഭവം വിളിച്ചുപറഞ്ഞത്.നേരിട്ട് അറിയിച്ചില്ല. അമ്മയും മകനും മാത്രമാണ് ഇത് കണ്ടത്. അവർ തന്നെ താഴെയിറക്കി സോഫായിൽ കിടത്തി. റൂം ക്ലീൻചെയ്തു, മറ്റുള്ളവർ വരും മുമ്പ്. കണ്ടാൽ തൂങ്ങി മരണത്തിന്റേതായ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. പൂണെയിൽ തന്നെയാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. മൃതദേഹം അടക്കുകയാണ് ചെയതത്. ഭാവിയിൽ എന്തെിലും തെളിവുകൾ വേണ്ടി വന്നാൽ....

നിരന്തരം പണം ആവശ്യപ്പെടുകയും കിട്ടാതെ വരുമ്പോൾ മർദ്ദിക്കുകയും ചെയ്യുമായിരുന്നു.

വിസ്മയ കേസിനേക്കാൾ കടുപ്പമായിരുന്നു. കുട്ടികൾ വേണ്ടെന്ന് വച്ചത് മനഃപൂർവമായിരുന്നു എന്നാണ് കരുതുന്നത്. ഏഴുമണിക്ക് സംഭവം നടക്കുന്നു. ഒമ്പത് മണിക്കാണ് എന്നെ അറിയിക്കുന്നത്. 25 കിലോമീറ്റർ അകലെ താമസിക്കുന്ന സഹോദരൻ വന്നുനോക്കുമ്പോൾ റൂമെല്ലാം ക്ലീൻചെയ്തിരുന്നു. പൊലീസുകാർ ബോഡി പോസ്റ്റ്‌മോർട്ടത്തിന് എടുത്തു. അവൾക്ക് ആത്മഹത്യ ചെയ്യേണ്ട ഒരുകാര്യവുമില്ല.'

വർഷങ്ങളായി പ്രീതിയെ ശാരീരികമായും മാനസികമായും ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുന്നു എന്നാണ് പ്രീതിയുടെ അമ്മയും സഹോദരനും ആരോപിക്കുന്നത്.

രണ്ടുകോടി രൂപ നൽകിയാൽ തങ്ങളുടെ കടത്തിന് ആശ്വാസം കിട്ടുമെന്ന അഖിലിന്റെ അമ്മ പറഞ്ഞിരുന്നു. 'എന്റെ മകൾ അല്ലല്ലോ ഈ ബാധ്യത ഉണ്ടാക്കിയതെന്ന് മറുപടി പറഞ്ഞ ശേഷം അവർ ഫോൺ വിളിച്ചിട്ടില്ല. അമ്മയും, മകനും ഫോൺ വിളിച്ചിരുന്നത് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ്. കൊച്ചിനെ അവർ പൈസയ്ക്ക് വേണ്ടി തന്നെയാണ് വിവാഹം കഴിച്ചത്. നിന്റെ അച്ഛന്റെ കൈയിൽ കോടിക്കണക്കിന് പൈസയുണ്ട്..നീയൊന്ന കരഞ്ഞാൽ മതി...നിന്റെ കണ്ണുനിറഞ്ഞാൽ മതി..നിന്റെ അച്ഛൻ സഹിക്കത്തില്ല'...ഇതായിരുന്നു അഖിലിന്റെ ഡയലോഗ്.

ഭർത്താവിനെ വീട്ടുകാർ മർദ്ദിച്ചത് ആണെന്ന് കാണിച്ച് പ്രീതി സുഹൃത്തിന് അയച്ച ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമം സാക്ഷ്യപ്പെടുത്തുന്ന തരത്തിൽ പ്രീതി സുഹൃത്തിന് അയച്ച വാട്‌സപ്പ് സന്ദേശങ്ങളും പുറത്തായി. താൻ സന്തോഷവതിയാണെന്ന് കാണിക്കാൻ പ്രീതിയുടെ ഫോണിൽനിന്ന് ഭർത്താവ് അച്ഛന് സന്ദേശങ്ങൾ അയക്കുമായിരുന്നുവെന്നും പുറത്തു വന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളിലുണ്ട്.

ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശിയായ അഖിൽ വർഷങ്ങളായി പൂണെയിലാണ് താമസിക്കുന്നത്. അഖിലിനെ ഗാർഹിക പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഗാർഹിക പീഡനം ചൂണ്ടിക്കാട്ടി പ്രീതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.

മകളുടെ മരണവിവരം പോലും തങ്ങളെ അഖിലിന്റെ വീട്ടുകാർ അറിയിച്ചില്ലെന്നും മറ്റൊരാൾ വിളിച്ചുപറഞ്ഞാണ് അറിഞ്ഞതെന്നും പ്രീതിയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രീതിയുടെ മൃതദേഹം വാളകത്തുള്ള വീട്ടിൽ എത്തിച്ച് സംസ്‌കരിച്ചു.