തിരുവനന്തപുരം: രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ കേരള സന്ദർശനം ഈ മാസം 21 മുതൽ. 21നു കണ്ണൂർ വിമാനത്താവളത്തിൽ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെയുള്ളവർ സ്വീകരിക്കും. മന്ത്രി എംവി ഗോവിന്ദനാണു കണ്ണൂരിൽ മിനിസ്റ്റർ ഓൺ വെയ്റ്റിങ്. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, കണ്ണൂർ കലക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരും സ്വീകരിക്കാനുണ്ടാകും.

കാസർക്കോട് കേന്ദ്ര സർവകലാശാലയുടെ ബിരുദ സമർപ്പണ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അന്നു തന്നെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതിയെ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 22നു കൊച്ചി നേവൽ ബേസിലെ പരിപാടികൾക്കു ശേഷം 23നു രാവിലെ തിരുവനന്തപുരത്തെത്തും.

പൂജപ്പുരയിൽ പിഎൻ പണിക്കർ ഫൗണ്ടേഷൻ സ്ഥാപിച്ച പിഎൻ പണിക്കരുടെ പ്രതിമ 11.30ന് അനാഛാദനം ചെയ്ത ശേഷം പൂജപ്പുര മൈതാനത്തു പൊതുസമ്മേളനത്തിലും പ്രസംഗിക്കും. ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, മന്ത്രി വി ശിവൻകുട്ടി, പിഎൻ പണിക്കർ ഫൗണ്ടേഷൻ ഉപദേശകൻ പിജെ കുര്യൻ, പ്രതിമ നിർമ്മാണ കമ്മിറ്റി അധ്യക്ഷൻ പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 24നു രാവിലെ രാഷ്ട്രപതി ഡൽഹിക്കു മടങ്ങും.