കൊച്ചി: നാലുദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചൊവ്വാഴ്ചയെത്തും. കാസർകോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി കേരളത്തിൽ എത്തുന്നത്. 21ന് കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ആദ്യം പങ്കെടുക്കുക.

കാസർകോട് ജില്ലയിലെ പരിപാടികളിൽ പങ്കെടുത്തതിനു ശേഷം വൈകിട്ട് 6.35ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തും. 22ന് രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡിൽ നാവിക സേനയുടെ ഓപ്പറേഷനൽ ഡെമോൻസ്ട്രേഷൻ വീക്ഷിക്കും. 11.30ന് വിക്രാന്ത് സെൽ സന്ദർശിക്കും. 23ന് രാവിലെ 10.20ന് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കു യാത്ര തിരിക്കും. അവിടെ വിവിധ പരിപാടികൾക്കുശേഷം 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഡൽഹിക്ക് മടങ്ങും.

കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം

രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെരിയ കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്ന സാഹചര്യത്തിൽ 21ന് രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി. ദേശീയപാതയിലെ മീങ്ങോത്ത് മുതൽ ചട്ടഞ്ചാൽ വരെയും സംസ്ഥാന പാതയിലെ പള്ളിക്കര മുതൽ കളനാട് വരെയും ചട്ടഞ്ചാൽ മുതൽ മാങ്ങാട് വഴി കളനാട് വരെയുള്ള ക്രോസ് റോഡിലുമാണ് ഗതാഗത നിയന്ത്രണം. ബസ്, മറ്റ് ചെറു വാഹനങ്ങൾ എന്നിവ നിയന്ത്രണവിധേയമായി കടത്തി വിടും. എന്നാൽ അമിത ഭാരവുമായി വരുന്ന വലിയ വാഹനങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ ഇതുവഴി കടത്തി വിടില്ല.