ന്യൂഡൽഹി: ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 2019ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നാല് മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ എട്ട് രാഷ്ട്രീയ കക്ഷികളിൽനിന്ന് 14 നേതാക്കളാണ് പങ്കെടുത്തത്. 2018ൽ മെഹബൂബ മുഫ്തി സർക്കാരിനു ബിജെപി പിന്തുണ പിൻവലിച്ചതിനു ശേഷം രാഷ്ട്രപതി ഭരണത്തിൽ കീഴിലുള്ള ജമ്മു കശ്മീരിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ സംബന്ധിച്ച് ധാരണയിലെത്തുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ജമ്മു കശ്മീർ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിനു ശേഷം ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി മണ്ഡല പുനർ നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയായെന്നാണു സൂചന. കോവിഡ് മഹാമാരിയെ തുടർന്ന് ഭീകരപ്രവർത്തനം മന്ദഗതിയിലായെന്നും രാഷ്ട്രീയ പ്രക്രിയ ആരംഭിക്കാനുള്ള സമയമാണിതെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും പുനഃസ്ഥാപിക്കണമെന്ന ആവശ്യം യോഗത്തിൽ ആവർത്തിച്ചുവെന്ന് മെഹബൂബ മുഫ്തിയുടെയും നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെയും നേതൃത്വത്തിൽ ഏഴ് പാർട്ടികൾ ഉൾപ്പെടുന്ന ഗുപ്കർ സഖ്യം പറഞ്ഞു. കോൺഗ്രസും ഇതേ ആവശ്യമാണ് ഉന്നയിച്ചത്.

മണ്ഡലപുനഃക്രമീകരണമാണ് അജൻഡയെന്നു നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും അജൻഡയില്ലെന്നാണു ക്ഷണം ലഭിച്ച നേതാക്കൾ പറയുന്നത്. മണ്ഡല പുനഃക്രമീകരണ കമ്മിഷനുമായി പാർട്ടികൾ സഹകരിക്കുന്നില്ല. അപ്പോൾ ഈ വിഷയത്തിൽ മാത്രമായി ചർച്ചയ്ക്കു വിളിക്കുന്നതു പ്രയോജനം ചെയ്യില്ലെന്ന വിലയിരുത്തലിലാണു യോഗം ചേർന്നത്. 2019 ഓഗസ്റ്റ് 5 ന് ആണു ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാനപദവിയും ഒഴിവാക്കി, ജമ്മു കശ്മീർ, ലഡാക്ക് എന്നീ 2 കേന്ദ്ര ഭരണപ്രദേശങ്ങൾ രൂപീകരിച്ചത്.

യോഗത്തിന്റെ അജൻഡയൊന്നും അറിയിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ എന്താണ് പറയുന്നതെന്ന് അറിയാനാണ് പോകുന്നതെന്നും സിപിഎം നേതാവ് മുഹമ്മദ് യുസുഫ് താരിഗാമി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം സംസ്ഥാനപദവി പുനഃസ്ഥാപിക്കാനുള്ള സമയം ആയിട്ടില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. 2019ൽ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രം മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള തുടങ്ങിയ നേതാക്കളെ തടവിലാക്കിയിരുന്നു. തുടർന്ന് ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഗുപ്കർ സഖ്യം നൂറിലേറെ സീറ്റ് നേടി. 74 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ചെയ്തിരുന്നു.

ജില്ലാ വികസന കൗൺസിലുകളിലേക്കു (ഡിഡിസി) തിരഞ്ഞെടുപ്പു നടന്നെങ്കിലും കശ്മീരിലെ പല പ്രധാനകക്ഷികളുടെയും നിസഹകരണം കാരണം പ്രവർത്തനം ഊർജിതമല്ല. നിയമസഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തിനു സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന ദേശായി അധ്യക്ഷയായി കഴിഞ്ഞ വർഷം മാർച്ചിൽ കമ്മിഷൻ രൂപീകരിച്ചു. കമ്മിഷനുമായി പല പാർട്ടികളും സഹകരിക്കുന്നില്ല. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതു ചോദ്യം ചെയ്തുള്ള ഹർജികൾ 2019 ഓഗസ്റ്റ് 28 നാണു സുപ്രീം കോടതി 5 അംഗ ഭരണഘടനാ ബെഞ്ചിനു വിട്ടത്. തുടർ നടപടികളുണ്ടായിട്ടില്ല.