ലണ്ടൻ: മുത്തച്ഛന്റെ ശവമടക്ക് കഴിഞ്ഞതോടെ കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരന്ഇനി ഏറെ പണികളൊന്നുമില്ല. ഇന്ന് പിതാവ് ചാൾസ് രാജകുമാരനോടൊപ്പം ഒരു സവാരിക്കിറങ്ങിയതിനു ശേഷം ഹാരി തന്റെ ഗർഭിണിയായ ഭാര്യയുടെ സമീപത്തേക്ക് ഇന്നു തന്നെ തിരിച്ചു പറക്കുമെന്നാണ് കൊട്ടാരം വൃത്തങ്ങൾ അറിയിക്കുന്നത്. കൊട്ടാരം വിട്ടിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് പിതാവും പുത്രനും നേരിൽ കണ്ടുമുട്ടുന്നതും ഒരല്പംസമയം ഒന്നിച്ചു ചെലവഴിക്കുന്നതും. ഫിലിപ്പ് രാജകുമാരന് ജനങ്ങൾ സമർപ്പിച്ച പുഷ്പാഞ്ജലികൾ നേരിട്ടു കാണുവാൻ അവർ ഇരുവരും വിൻഡ്സർ എസ്റ്റേറ്റിലൂടെ ഒരുമിച്ച് നടക്കും.

10 മണിക്കൂർ നീളുന്ന വിമാനയാത്ര ഒഴിവാക്കുവാൻ ഡോക്ടർമാരുടെ കർശന നിർദ്ദേശമുള്ളതിനാൽ മേഗന് ബ്രിട്ടനിലെത്തി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനായില്ല. ടെലിവിഷനിലായിരുന്നു മേഗൻ സംസ്‌കാര ചടങ്ങുകൾ വീക്ഷിച്ചിരുന്നത്. മാത്രമല്ല, തന്റെ കൈപ്പടയിലെഴുതിയ ഒരു കുറിപ്പ് പുഷ്പചക്രത്തോടൊപ്പം വയ്ക്കുവാൻ കൊടുത്തയയ്ക്കുകയും ചെയ്തിരുന്നു. സംസ്‌കാര ചടങ്ങുകൾ അവസാനിച്ചതിനു ശേഷം ഹാരി തന്റ്ഗെ സഹോദരൻ വില്യമുമായി സംസാരിച്ചിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ പിതാവുമൊത്ത് അല്പനേരം സ്വകാര്യമായി ചെലവഴിക്കാൻ പോകുന്നത്.

വിവാദ അഭിമുഖത്തിനു ശേഷം ചാൾസും ഹാരിയുമായുള്ള ബന്ധം ഏറെ വഷളായിരുന്നു. വംശീയ വെറി എന്ന ആരോപണം ഏറ്റവുമധികം സംശയത്തിന്റെ നിഴലിൽ നിർത്തിയത് ചാൾസ് രാജകുമാരനെ ആയിരുന്നു. മത്രമല്ല, തന്റെ പിതാവ് തന്റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതെയാക്കി എന്നും ഹാരി ആരോപിച്ചിരുന്നു. സഹോദരന്മാർക്കിടയിലെ മഞ്ഞുരുക്കാൻ കെയ്റ്റ് രാജകുമാരിയായിരുന്നു മുൻകൈ എടുത്തത്. മാത്രമല്ല, അവർ ഇരുവരും ഒരുമിച്ചു വന്നപ്പോൾ, അവരുടെ സ്വകാര്യതയിലിടപെടാതെ രാജകുമാരി തന്ത്രപൂർവ്വം അവിടെനിന്നും മാറി അവർക്ക് ഇരുവർക്കും സ്വകാര്യ സംഭാഷണം നടത്താൻ വഴിയൊരുക്കുകയും ചെയ്തിരുന്നു.

അതേസമയം, മറ്റു പല ബന്ധുക്കളും ഹാരിയോട് തണുപ്പൻ സമീപനമാണ് സ്വീകരിച്ചത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആന്നി രാജകുമാരി, എഡ്വേർഡ് രാജകുമാരൻ, ഭാര്യ സോഫി എന്നിവർ സംസ്‌കാര ചടങ്ങുകൾക്ക് മുൻപും പിൻപും ഹാരിയെ കണ്ട ഭാവം കൂടി നടിച്ചില്ല. ആൻഡ്രൂ രാജകുമാരൻ മാത്രമാണ് ഹാരിക്കടുത്തെത്തി സുഖാന്വേഷണം നടത്തിയത്. രാജകുടുംബം വംശീയവെറിയെ സ്ഥാപനവത്ക്കരിച്ചു എന്ന ആരോപണം കുടുംബാംഗങ്ങളിൽ പലർക്കും ഇനിയും ദഹിച്ചിട്ടില്ല.

സംസ്‌കാര ചടങ്ങുകളുടെ ഭാഗമായ പ്രാർത്ഥനാ പരിപാടികളിൽ വില്യമും ഹാരിയും മുഖാമുഖമാണ് ഇരുന്നതെങ്കിലും ഇരുവരും പരസ്പരം നോക്കിയിരുന്നില്ല. അതുപോലെ അന്ത്യയാത്രയെ അനുഗമിക്കുമ്പോഴും ഇരുവർക്കും ഇടയിൽ ഇവരുടെ ബന്ധുവായ ഫിലിപ്പ് ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ശേഷമായിരുന്നു സഹോദരങ്ങൾ ഇരുവരും സംസാരിച്ചത്.