തിരുവനന്തപുരം: ലക്ഷദ്വീപിലെ നിയമ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരേ സംഘപരിവാർ സംഘടനകൾ നടത്തുന്ന അപകീർത്തികരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു.

എല്ലാത്തിനോടും അസഹിഷ്ണുത കാണിക്കുന്ന നിലപാടാണ് സംഘപരിവാർ സാധാരണയായി സ്വീകരിച്ചുവരാറുള്ളത്. പൃഥ്വിരാജിനെതിരേയും അതേ അസഹിഷ്ണുത അവർ കാണിച്ചു. എന്നാൽ അതിനോട് നമ്മുടെ സമൂഹത്തിന് യോജിപ്പിച്ചില്ല. അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സംഘപരിവാറിനോട് വിയോജിച്ച് തന്നെയാണ് നമ്മുടെ നാട് നിൽക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൃഥ്വിരാജ് പ്രകടിപ്പിച്ച വികാരം നമ്മുടെ സമൂഹത്തിന്റെ വികാരമാണ്. കേരളത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ഉണ്ടാകുന്ന വികാരമാണത്. അത് ശരിയായ രീതിയിൽ പൃഥ്വിരാജ് പ്രകടിപ്പിച്ചു.

ഇത്തരം കാര്യങ്ങളിൽ പൃഥ്വിരാജിനെ പോലെ എല്ലാവരും മുന്നോട്ടുവരാൻ സന്നദ്ധമാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.