തിരുവനന്തപുരം: മണിരത്നം ഒരുക്കിയ 'ഉണരൂ' എന്ന ചിത്രത്തിലെ ലൊക്കേഷൻ ഫോട്ടോ പങ്കുവച്ച് നടൻ പൃഥ്വിരാജ്. 1984ൽ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണ സമയത്തെടുത്ത ഫോട്ടോയാണ് പൃഥ്വിരാജ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്.

മോഹൻലാലും സുകുമാരനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. മോഹൻലാൽ അഭിനയിക്കുമ്പോൾ ക്യാമറമാൻ രാമചന്ദ്രബാബുവിനും രവി കെ ചന്ദ്രനും മണിരത്നത്തിനും സമീപം സിഗരറ്റ് പുകച്ചു നിൽക്കുന്ന സുകുമാരനെ ഫോട്ടോയിൽ കാണാം.

'ലാലേട്ടൻ, അച്ഛൻ, മണിരത്നം സർ, രവി ഏട്ടൻ എന്നിവർ ഉണരൂ സെറ്റിൽ. ഈ ചിത്രം തന്നതിന് ഒരുപാട് നന്ദി രവിയേട്ട', എന്നാണ് ചിത്രത്തോടൊപ്പം പൃഥ്വി കുറിച്ചത്.

അതേസമയം, ലക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.

പൃഥ്വിരാജിനെക്കുറിച്ചും പിതാവ് സുകുമാരനെ കുറിച്ചും മോശം പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ താരത്തെ പിന്തുണച്ച് കൊണ്ട് കലാ സാംസ്‌കാരിക രംഗത്തുള്ള നിരവധി പേരാണ് ഓരോ ദിവസവും രംഗത്തെത്തുന്നത്.