മൊഹാലി: ചികിത്സ തേടിയെത്തിയ യുവതിയെ ബലാത്സം​ഗം ചെയ്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ. പഞ്ചാബിലെ മൊഹാലിയിലാണ് സംഭവം. ഡോക്ടർ തന്നെ ബലാത്സം​ഗം ചെയ്തെന്ന് ആരോപിച്ച് 21കാരി രം​ഗത്തെത്തുകയായിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തെഹ്കിലും പ്രതിയെ അറസ്റ്റ്‌ചെയ്തിട്ടില്ല.

രണ്ടാഴ്ചയ്ക്ക് മുൻപ് പുറം വേദനയെ തുടർന്നാണ് ഗംഗാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറുടെ ചികിത്സ തേടിയെത്തിയതെന്ന് യുവതി പരാതിയിൽ പറയുന്നു. അതിനിടെ മാർച്ച് 15ന് താൻ മൊഹാലിയിൽ ഉണ്ടെന്നും അവിടെ എത്തിയാൽ ചികിത്സിക്കാമെന്നും പറഞ്ഞ് ഡോക്ടർ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതായും യുവതി പറയുന്നു.

ഗംഗാനഗറിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് തന്റെ നമ്പർ ഡോക്ടർ നൽകിയതെന്ന് യുവതി പറയുന്നു. ഹോട്ടലിലെ 82ാം നമ്പർ മുറിയിലുണ്ടെന്ന് ഡോക്ടർ അറിച്ചു. വരുമ്പോൾ നേരത്തെ പരിശോധിച്ച മെഡിക്കൽ റിപ്പോർട്ടുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.ഹോട്ടലിലെ മുറിയിൽ എത്തിയതിന് പിന്നാലെ അദ്ദേഹം നൽകിയ ടാബ് ലെറ്റ് കഴിച്ച താൻ ബോധരഹിതയായെന്നും ഈ സമയത്ത് ഡോക്ടർ തന്നെ ബലാത്സംഗം ചെയ്തതായും യുവതി ആരോപിക്കുന്നു. ഇതിന് പിന്നാലെ ഡോക്ടർ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു.