കൊച്ചി: ലക്ഷദ്വീപിൽ വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണ നീക്കവുമായി ഭരണകൂടം മുന്നോട്ട്. സ്വകാര്യവൽക്കരണത്തിനുള്ള ടെൻഡർ നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ ആരംഭിക്കാൻ നിർദ്ദേശം.ചൊവ്വാഴ്ച സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് അഡ്‌മിനിസ്‌ട്രേറ്റർ ഉന്നതോദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. ടെൻഡർ നടപടികൾ കഴിഞ്ഞ മാസം നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് അടക്കമുള്ള പ്രശ്‌നങ്ങൾ മൂലം നീണ്ടുപോവുകയായിരുന്നു.

പ്രഫുൽ ഖോഡ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായിരിക്കുന്ന ദാമനിലെ വൈദ്യുത പദ്ധതി നടത്തിപ്പു നേരിട്ടു കണ്ടുമനസ്സിലാക്കാൻ വൈദ്യുതി വകുപ്പു സ്‌പെഷൽ സെക്രട്ടറി, എക്‌സിക്യൂട്ടീവ് എൻജിനീയർ, രണ്ടു ജൂനിയർ എൻജിനീയർമാർ എന്നിവരെ നിയോഗിച്ചിട്ടുമുണ്ട്. ഡീസൽ ജനറേറ്ററുകൾ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയാണു ദ്വീപിൽ വിതരണം ചെയ്യുന്നത്. സോളർ ഉൾപ്പെടെ ഹരിതോർജ പദ്ധതികൾ നടപ്പാക്കാനും ശ്രമം നടക്കുന്നുണ്ട്.

ഇതിനിടെ പ്രഫുൽ ഖോഡ പട്ടേലിനെതിരെ അഴിമതി ആരോപണങ്ങളുമായി പ്രധാനമന്ത്രിക്കു കത്ത്. പ്രഫുൽ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്ററായിരുന്ന കേന്ദ്രഭരണ പ്രദേശമായ ദാദ്രനഗർ ഹവേലിയുടെ തലസ്ഥാനമായ സിൽവാസ, സമീപ പ്രദേശമായ അംലി എന്നിവിടങ്ങളിലെ മുഴുവൻ പിഡബ്ലുഡി ഉദ്യോഗസ്ഥരും ചേർന്ന് അയയ്ക്കുന്നതായാണു കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്.ദാമൻ ദിയു, ദാദ്ര നഗർ ഹവേലി എന്നിവിടങ്ങളിലെ കടൽത്തീര വികസനം, റോഡുകളുടെ നിർമ്മാണം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പദ്ധതികളെപ്പറ്റിയാണ് ആരോപണം. അഡ്‌മിനിസ്‌ട്രേറ്ററുടെ ബന്ധുവിന്റെ പേരിലുള്ള കമ്പനിക്കു വേണ്ടി ബെനാമി കമ്പനിയെ മുൻനിർത്തി പ്രവർത്തിക്കുകയാണെന്നും കത്തിലുണ്ട്.

അതേസമയം ലക്ഷദ്വീപിലെ അഗത്തിയിൽ ബീച്ച് റോഡ് നിർമ്മാണത്തിനെതിരെ പ്രദേശവാസിയായ കാസ്മി കോയ അടക്കം 5 പേർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. റോഡ് നിർമ്മാണത്തിനെതിരെ ഇവരടക്കം നൽകിയ രണ്ടു ഹർജികൾ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു.

ധൂർത്തെന്ന് പരാതി

ലക്ഷദ്വീപു സന്ദർശനത്തിന്റെ പേരിൽ അഡ്‌മിനിസ്‌ട്രേറ്റർ ധൂർത്തടിക്കുന്നതു ലക്ഷങ്ങളെന്നു പരാതി. ഫെബ്രുവരിയിൽ പ്രഫുൽ ഖോഡ പട്ടേൽ ദ്വീപു സന്ദർശിച്ചപ്പോൾ ദാമനിൽ നിന്ന് അഗത്തിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കായി കോസ്റ്റ്ഗാർഡിന്റെ ഡോണിയർ വിമാനം വാടകയ്‌ക്കെടുത്തതിന്റെ ചെലവ് 23,21,280 രൂപയാണെന്ന വിവരം പുറത്തായതോടെയാണു ധൂർത്തിനെപ്പറ്റി വിമർശനം ഉയർന്നത്. കൊച്ചിയിൽ നിന്ന് അഗത്തിയിലേക്കു പ്രതിദിന വിമാനസർവീസും അടിയന്തര സാഹചര്യങ്ങളിൽ വിഐപി യാത്രകൾക്ക് എയർ ആംബുലൻസായി ഉപയോഗിക്കുന്ന 3 ഹെലികോപ്റ്ററുകളുമുള്ളപ്പോഴാണ് അഡ്‌മിനിസ്‌ട്രേറ്റർ വിമാനം ചാർട്ടർ ചെയ്‌തെത്തി ധാരാളിത്തം കാട്ടുന്നതെന്നാണ് ആരോപണം.