വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ കസിൻ പ്രിയ വേണു​ഗോപാൽ. ബാലഭാസ്കറിന്റെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്നും ബന്ധം വേർപിരിയുന്നതിനെ കുറിച്ച് പോലും ആലോചിച്ചിരുന്നു എന്നുമാണ് പ്രിയയുടെ വെളിപ്പെടുത്തൽ. റിപ്പോർട്ടർ ടിവിയിലെ എഡിറ്റേഴ്സ് അവർ എന്ന പരിപാടിയിലാണ് പ്രിയ വേണു​ഗോപാൽ ബാലഭാസ്കറിന്റെ കുടുംബ ജീവിതത്തിലെ താളപ്പിഴകൾ സംബന്ധിച്ച് സൂചിപ്പിച്ചത്. ഭാര്യ ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കർ അച്ഛനോടും അമ്മയോടും കരഞ്ഞുപറഞ്ഞിരുന്നതായി പ്രിയ പറഞ്ഞു. പിന്നീട് ബന്ധം വേർപ്പെടുത്താനുള്ള തീരുമാനം ബാലഭാസ്‌കർ തന്നെ തിരുത്തുകയായിരുന്നു എന്നുമാണ് പ്രിയ വ്യക്തമാക്കിയത്

ബാലഭാസ്‌കറിന്റെ മരണശേഷം സൈബർ മീഡിയ കേന്ദ്രീകരിച്ചുകൊണ്ട് തങ്ങൾക്കെതിരെ വലിയ തോതിലുള്ള അപവാദപ്രചാരണങ്ങളുണ്ടായതായി ബാലഭാസ്‌കറിന്റെ ബന്ധുക്കൾ പറയുന്നു. ബാലുവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കാനാണ് അച്ഛനും അമ്മയും ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം. ഇത് തങ്ങൾക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും ഇവർ പറഞ്ഞു. 21 വയസിൽ വിവാഹിതനായി വീട്ടിൽ നിന്നിറങ്ങിയ ബാലഭാസ്‌കർ പിന്നീട് പലപ്പോഴായി തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്ന മാനസികബുദ്ധിമുട്ടുകൾ സൂചിപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. എന്നാൽ ബാലഭാസ്‌കറിന്റെ പ്രൊഫഷണൽ ജീവിതത്തിലോ സാമ്പത്തിക കാര്യങ്ങളിലോ നാളിതുവരെ തങ്ങൾ ഇടപെടാൻ ശ്രമിച്ചിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.

തന്റെ ഭാര്യ വളരെയധികം ‘ഡിമാൻഡിങ്' ആണെന്ന് ബാലഭാസ്‌കറിർ പ്രശസ്ത കലാകാരന്മാരുൾപ്പെടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പ്രകടമായിത്തുടങ്ങിയ ഘട്ടത്തിലായിരുന്നു ഇത്. തനിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി സമ്മതിക്കാൻ എക്കാലവും മടിയുണ്ടായിരുന്ന ബാലഭാസ്‌കർ പല സ്റ്റേജ് ഷോകൾക്കിടയിലും സമ്മർദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുൻപിൽവെച്ച് കരഞ്ഞുപോകുന്ന അവസ്ഥ പോലുമുണ്ടായിരുന്നതായും പ്രിയ പറഞ്ഞു.

ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാർ, ബാലഭാസ്‌കറിന്റെ മുൻ പ്രോഗ്രാം മാനേജർ വിഷ്ണു സോമസുന്ദരം, പൂന്തോട്ടം റിസോർട്ട് ഉടമ രവീന്ദ്രൻ ഭാര്യ ലത, മാനേജർ പ്രകാശ് തമ്പി മുതലായവരെല്ലാം ബാലഭാസ്‌കറിന്റെ ബന്ധുക്കളേയും ബാലഭാസ്‌കറേയും തമ്മിൽ അകറ്റാൻ ശ്രമിച്ചതായി പ്രിയ സൂചിപ്പിക്കുന്നുണ്ട്. ബാലഭാസ്‌കറും ഈ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളിൽ ഒട്ടനവധി ആശയക്കുഴപ്പങ്ങളും ദുരൂഹതകളും അവശേഷിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു. വിഷ്ണു സോമസുന്ദരത്തിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങിയപ്പോൾ താൻ മകന് മുന്നറിയിപ്പ് നൽകിയെന്നും അയാൾ മുഴുവനായി കവർച്ച ചെയ്യാൻ അനുവദിക്കരുതെന്ന് ഓർമ്മിപ്പിച്ചതായും ബാലഭാസ്‌കറിന്റെ അച്ഛൻ ഉണ്ണി പറഞ്ഞു.

ലക്ഷ്മിയോടൊപ്പം തന്നെ ബാലഭാസ്‌കറിന്റെ സ്വത്തുക്കളിൽ ബാലുവിന്റെ അമ്മയ്ക്കും അവകാശമുണ്ടായിരുന്നു. ഇക്കാര്യംപോലും തങ്ങൾ ബാലഭാസ്‌കറിന്റെ മരണശേഷം ലക്ഷ്മിയുടെ സഹോദരൻ പറഞ്ഞപ്പോളാണ് അറിയുന്നതെന്നും പ്രിയ പറഞ്ഞു. ബാലുവിന്റെ സ്വത്തുക്കൾ ഞങ്ങൾക്ക് വേണ്ട എന്ന നിലപാടെടുത്തുകൊണ്ട് സാമ്പത്തികഇടപാടുകൾ മാനേജർമാർക്ക് വിട്ടുനൽകുന്നതിലൂടെ തന്ത്രപരമായ ഒരു പിഴവല്ലേ ബാലഭാസ്‌കറിന്റെ ബന്ധുക്കൾ കാണിച്ചത് എന്ന അവതാരകന്റെ ചോദ്യത്തിന് ഞങ്ങൾ എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നായിരുന്നു ഉണ്ണിയുടെ മറുപടി.

ബാലഭാസ്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐ ഏറ്റെടുത്ത് തെളിവെടുപ്പുകളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഭാര്യക്കെതിരെ വെളിപ്പെടുത്തലുകളുമായി ബന്ധുക്കൾ രം​ഗത്തെത്തുന്നത്. കേരള പൊലീസിൽ നിന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും അപകടത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഡിസംബറിൽ ശുപാർശ ചെയ്തിരുന്നു. അപകടത്തിൽ ദുരൂഹതയില്ലെന്നായിരുന്നു കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ബാലഭാസ്കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ കണ്ടെത്തലിലെത്തിയത്.ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

ദേശീയ പാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്‌ഷനു സമീപം 2018 സെപ്റ്റംബർ 25 ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല, എന്നിവർക്ക് ഒപ്പം ത്യശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അപകടം. മകൾ സംഭവ സ്ഥലത്തും ബാലഭാസ്‌കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മരിച്ചു.