തിരുവനന്തപുരം: ദുൽഖർ സൽമാന്റെ 'കുറുപ്പ്' എന്ന സിനിമയ്‌ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സംവിധായകൻ പ്രിയദർശൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ചാനൽ ചർച്ചയ്ക്കിടെ നെറ്ഫ്‌ളിക്‌സിൽ എടുക്കാതെ സിനിമകൾ തിയേറ്ററുകളിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പരാമർശം വിവാദമായതിനെ തുടർന്നാണ് വിശദീകരണവുമായി പ്രിയദർശൻ രംഗത്തെത്തിയത്. തന്റെ വാചകം വളച്ചൊടിച്ചു എന്ന് അദ്ദേഹം ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ട്വീറ്റിലൂടെ വ്യക്തമാക്കി.

നെറ്ഫ്‌ളിക്‌സ് 40 കോടി രൂപ വിലയിട്ട ദുൽഖർ സൽമാൻ ചിത്രം 'കുറുപ്പ്' തിയേറ്ററിൽ റിലീസ് ചെയ്യാൻ മമ്മൂട്ടി ഇടപെട്ടു എന്ന് വാർത്ത വന്നിരുന്നു. 35 കോടി മുതൽമുടക്കിൽ നിർമ്മിച്ച ചിത്രമാണ് പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ കഥ പറയുന്ന 'കുറുപ്പ്'. കേരളത്തിൽ തിയേറ്ററുകൾ തുറന്ന ശേഷം റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണ് 'കുറുപ്പ്'. എന്നാൽ പ്രിയദർശന്റെ പരാമർശം കുറുപ്പ് സിനിമയെ ലക്ഷ്യം വച്ചുകൊണ്ടാണ് എന്നായിരുന്നു സോഷ്യൽ മീഡിയ പ്രചാരണം.

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് വിൽക്കാൻ പറ്റാത്ത സിനിമകൾ ചിലർ തീയേറ്ററിൽ കൊണ്ടുവരുമ്പോൾ, തീയേറ്ററുകാരെ രക്ഷിക്കാനാണെന്ന് കള്ളം പറയുകയാണെന്നായിരുന്നു പ്രിയദർശന്റെ പ്രസ്താവന. ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇത് ദുൽഖർ ചിത്രം കുറുപ്പിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്. വിവാദങ്ങൾ ഉയരുന്നതിനിടെയാണ് വിശദീകരണവുമായി പ്രിയദർശൻ രംഗത്ത് എത്തിയത്. 

'കഴിഞ്ഞ ദിവസത്തെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന, നെറ്റ്ഫ്ളിക്സിനെയും തിയറ്റർ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ, നടനെയോ പരാമർശിക്കാതെയായിരുന്നു പ്രസ്താവന', എന്നായിരുന്നു പ്രിയദർശൻ ട്വീറ്റ് ചെയ്തത്. ദുൽഖറിന്റെ കുറുപ്പ് എന്ന ചിത്രത്തെ കുറിച്ച് ഒന്നും തന്നെ താൻ പരാമർശിച്ചിട്ടില്ലെന്നും ട്വീറ്റിന് താഴെ പ്രിയദർശൻ കുറിച്ചു.

'ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. ദുൽഖറിന്റെ വരാനിരിക്കുന്ന ചിത്രം കുറുപ്പിനെ കുറിച്ച് ഒന്നും തന്നെ ഞാൻ പരാമർശിച്ചിട്ടില്ല. ഒരിക്കലും ഉദ്ദേശിക്കാത്ത കാര്യങ്ങളായി മാധ്യമങ്ങൾ, എന്റെ വാക്ക് വാക്കുകൾ വളച്ചൊടിച്ചതായി കാണുന്നു', പ്രിയദർശൻ ട്വീറ്റ് ചെയ്തു.