ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി. കോവിഡ് നിരീക്ഷണത്തിലായതിനെ തുടർന്ന് പരിപാടികൾ ഒഴിവാക്കിയത്. നിരീക്ഷണത്തിൽ തുടരാൻ ഡോക്ടർമാർ അറിയിച്ചുവെന്ന് പ്രിയങ്ക പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്രക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയിൽ പ്രിയങ്ക ഗാന്ധിക്ക് കോവിഡ് നെഗറ്റീവാണ്.

നാളെയാണ് പ്രിയങ്ക ഗാന്ധി കേരളത്തിൽ എത്താനിരുന്നത്. നേമത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരന്റെ പ്രചാരണ പരിപാടിയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. മുമ്പ് കേരളത്തിലെത്തിയപ്പോൾ തീപാറുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ പ്രിയങ്ക എത്താത്തതിൽ മുരളീധരൻ അതൃപ്തിയറിയിച്ചിരുന്നു. തുടർന്ന് കേരളത്തിലെത്തുമെന്ന് പ്രിയങ്ക അറിയിക്കുകയും ചെയ്തിരുന്നു. ഇന്ന് അസമിലും നാളെ തമിഴ്‌നാട്ടിലും 4ന് കേരളത്തിലുമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പര്യടനം. മൂന്ന് ദിവസത്തെ പരിപാടികളും റദ്ദാക്കി. ഇക്കാര്യത്തിൽ ക്ഷമചോദിച്ചും ആശംസ നേർന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ വീഡിയോ സന്ദേശം പുറത്തിറക്കി.

അതേസമയം ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം നാളെ രാഹുൽ ഗാന്ധി പ്രചരണത്തിന് എത്തുമെന്ന് അറിയിച്ചുണ്ട്. ഷഹുൽഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമാണ് കോൺഗ്രസിന്റെ താരപ്രചാരകർ. പരസ്യപ്രചരണം അവസാനിക്കാനിരിക്കേ പ്രിയങ്ക ഗാന്ധിയുടെ അപ്രതീക്ഷിത പിന്മാറ്റം കോൺഗ്രസിന് ക്ഷീണമാകും.

വയനാട് മണ്ഡലത്തിൽ അടക്കം പ്രിയങ്ക ഗാന്ധിയുടെ റോഡ്‌ഷോ അടക്കം കോൺഗ്രസ് പ്രവർത്തകർ പ്ലാൻ ചെയ്തിരുന്നു. പ്രിയങ്ക വരില്ലെന്നത് കോൺഗ്രസിന് തിരിച്ചടിയാണ്്. അതേസമയം കൊച്ചിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടോണി ചമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചതും യുഡിഎഫിന് തിരിച്ചടിയായിരുന്നു. എന്നാൽ, ഇവിടെ മണ്ഡലത്തിലെ പ്രചരണ പ്രവർത്തനം താൻ ഏറ്റെടുക്കുന്നതായി എറണാകുളം എംപി ഹൈബി ഈഡൻ ഇറിയിച്ചു. ഏപ്രിൽ മൂന്ന്, നാല് തീയ്യതികളിൽ കൊച്ചി മണ്ഡലത്തിൽ മാത്രമായി പ്രചരണം നടത്തുമെന്നാണ് ഹൈബി അറിയിച്ചത്. ഏപ്രിൽ ആറിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കും.