ന്യൂഡൽഹി: സ്ത്രീശാക്തീകരണ കാര്യത്തിൽ അമേരിക്കയേക്കാൾ മെച്ചം ഇന്ത്യയാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അമേരിക്ക വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതാദ്യമായി കമലാഹാരീസിലൂടെ ഒരു വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തെങ്കിൽ ഇന്ത്യ ഇക്കാര്യത്തിൽ ഏറെ മുമ്പേ സഞ്ചരിച്ചവരാണെന്നും 50 വർഷം മുമ്പ് അവർ ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തെന്നും കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി. ഇന്ദിരയുടെ ജന്മദിനത്തിൽ ട്വിറ്ററിൽ നടത്തിയ കുറിപ്പിലാണ് പ്രിയങ്കാഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ദിരാഗാന്ധിയുടെ ധൈര്യവും കരുത്തും ലോകത്തുടനീളമുള്ള സ്ത്രീകൾക്ക് പ്രചോദനമാണെന്നും പറഞ്ഞു. 1917 നവംബർ 19 ന് ജനിച്ച ഇന്ദിരാഗാന്ധി 1966 മുതൽ 1977 മാർച്ച് വരെയും വീണ്ടും 1980 ജനുവരിയിൽ വീണ്ടും ചുമതലയേറ്റ് 1984 ഒക്ടോബറിൽ മരണമടയുന്നത് വരെ തുടരുകയും ചെയ്തു.

ഇന്ദിരാഗാന്ധിയുടെ ജന്മദിനത്തിൽ അവർക്ക ആദരം അർപ്പിച്ചായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്താതിരുന്നതിന്റെ പേരിൽ വിമർശനം നേരിടുകയാണ് പ്രിയങ്ക.

ഉത്തർപ്രദേശിന്റെ ചുമതലയുള്ള പ്രിയങ്ക ബീഹാറിൽ മൂന്ന് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാനെത്തിയിരുന്നില്ല. ബീഹാർ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസ് ചുമതല നൽകിയ 30 നക്ഷത്ര പ്രചാരകരിൽ ഒരാളായിരുന്നു പ്രിയങ്ക.

ബീഹാറിലെ ഒട്ടേറെ നേതാക്കളാണ് പ്രിയങ്കയെ പ്രചരണത്തിനായി ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. അതേസമയം യുപിയിലെ ഉപ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കായിരുന്നു പ്രിയങ്കയ്ക്ക്. ബീഹാറിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ സോണിയയും മന്മോഹൻ സിംഗും പ്രചരണം ഒഴിവാക്കിയിരുന്നു. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് 19 സീറ്റുകളിൽ മാത്രമാണ് ജയിച്ചത്.