ലക്നൗ: കോൺഗ്രസും മൃദു ഹിന്ദുത്വത്തിലേക്ക്. വടക്കേ ഇന്ത്യയുടെ മനസ്സ് പിടിക്കാൻ ഈ രാഷ്ട്രീയം അനിവാര്യമാണെന്ന് തിരിച്ചറിയുകയാണ് കോൺഗ്രസ്. അയോധ്യാ ക്ഷേത്ര നിർമ്മാണത്തിൽ അടക്കം മൗനം പൂണ്ട കോൺഗ്രസ് കൂടതൽ മൃദു സമീപനത്തിലേക്ക് കടക്കുകയാണ്. ഇതിന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി നേതൃത്വം നൽകും.

മൗനി അമാവാസ്യ ദിനത്തിൽ അലഹബാദിലെ പ്രയാഗ് രാജിലെ ത്രിവേണി നദീ സംഗമത്തിൽ മുങ്ങിക്കുളിച്ച് പ്രിയങ്കാ ഗാന്ധി നൽകുന്നത് മൃദു ഹിന്ദുത്വത്തിലേക്ക് പതിയെ കോൺഗ്രസ് ചുവടുമാറുന്നതിന്റെ സൂചനയാണ്. പ്രാർത്ഥനയോടെ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. നദിയിൽ പ്രിയങ്ക പൂജയും നടത്തി. മകൾ മിറായയും കോൺഗ്രസ് എംഎൽഎ ആരാധന മിശ്രയും പ്രിയങ്കയ്ക്ക് ഒപ്പം പ്രയാഗ് രാജിൽ എത്തിയിരുന്നു. ഗംഗ, യമുന, സരസ്വതീ നദികളുടെ സംഗമസ്ഥാനമായാണ് ത്രിവേണിയെ കണക്കാക്കുന്നത്.

ജവാഹർ ലാൽ നെഹ്‌റുവിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്നതിനു മുന്നിൽ പ്രണാമം അർപ്പിച്ചാണ് നദീസംഗമത്തിലെ പൂജകളിൽ പ്രിയങ്ക പങ്കെടുത്തത്. പ്രാർത്ഥനയ്ക്ക് ശേഷം ബോട്ടിൽ സഞ്ചരിക്കുന്ന വിഡിയോയും കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. നെഹ്‌റു കുടുംബത്തിന്റെ മുൻ ഭവനമായ ആനന്ദ ഭവനവും സന്ദർശിച്ച പ്രിയങ്ക അവിടെ അനാഥാലയത്തിലെ കുട്ടികളുമൊത്തും സമയം ചെലവഴിച്ചു. നിലവിൽ മ്യൂസിയമാണ് ആനന്ദ ഭവൻ.

ആത്മീയാചാര്യന്മാരെയും പ്രിയങ്ക സന്ദർശിച്ചു. കഴിഞ്ഞ ദിവസം സഹാറാൻപുരിൽ നടന്ന കർഷകരുടെ മഹാപഞ്ചായത്തിലും പ്രിയങ്കാ ഗാന്ധി പങ്കെടുത്തിരുന്നു. അടുത്ത വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തർപ്രദേശിൽ കോൺഗ്രസിനു പുതിയ ഉണർവ് സമ്മാനിക്കുന്ന നീക്കങ്ങളാണ് പ്രിയങ്ക നടത്തുന്നത്. ഇതിന് മൃദു ഹിന്ദുത്വം അനിവാര്യമാണെന്നാണ് വിലയിരുത്തൽ. തീവ്ര ഹിന്ദുത്വവുമായി യുപിയെ വീണ്ടും പിടിക്കാനാണ് യോഗി ആദിത്യനാഥും ബിജെപിയും ശ്രമിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ തന്ത്രം.

മൃദു ഹിന്ദുത്വ നിലപാട് കൈക്കൊണ്ട നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന വിലയിരുത്തൽ സജീവമാണ്. ഇന്ദിര പോയതോടെ ഇതിന് മാറ്റം വന്നു. ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. ഇത് മനസ്സിലാക്കിയാണ് പ്രിയങ്കയുടെ ചുവടു മാറ്റം. പ്രകടമായ മൃദു ഹിന്ദുത്വ സമീപനം ഉയർത്തിപിടിച്ചുകൊണ്ടാണ് രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രിയങ്കയുടെ പ്രസ്താവന എത്തിയത്. ക്ഷേത്ര നിർമ്മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും, സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന. മൃദു ഹിന്ദുത്വ നിലപാടിൽ നിന്ന് പിന്നോക്കം പോകാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്നാണ് പ്രിയങ്കയുടെ സ്‌നാനവും തെളിയിക്കുന്നത്.

അയോധ്യ ഭൂമിയിലെ തർക്കം സുപ്രിം കോടതി വിധിയോടെ അവസാനിച്ചതാണ്. എല്ലാവരും അംഗീകരിച്ച കോടതി തീരുമാനപ്രകാരമാണ് രാമക്ഷേത്ര നിർമ്മാണം. അതംഗീകരിക്കാതെ തരമില്ല. യുപിയിൽ ബിജെപി നിലവിലെ സാഹചര്യത്തിൽ കടുത്ത വെല്ലുവിളി നേരിടുകയാണ്. ആ രാഷ്ട്രീയ സാഹചര്യത്തിന് അനുസരിച്ചുള്ള നിലപാട് മാത്രമെ രാമക്ഷേത്ര നിർമ്മാണത്തിലും സ്വീകരിക്കാനാകൂവെന്ന് കോൺഗ്രസ് നേരത്തെ വിശദീകരിച്ചതും ഇതിന്റെ ഭാഗമാണ്.