ലഖ്നൗ: എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയുടെ ക്ഷേത്ര സന്ദർശനവും രുദ്രാക്ഷ മാലയും വിവാദമാകുന്നു. വോട്ടിന് വേണ്ടി പ്രിയങ്ക ​പെട്ടെന്ന് ഹിന്ദുവായെന്ന വിമർശനം ബിജെപി ഉയർത്തുമ്പോൾ പ്രിയങ്ക ഗാന്ധി ബ്രാഹമണ കുടുംബാംഗം എന്ന വാദമാണ് കോൺ​ഗ്രസ് ഉയർത്തുന്നത്. കയ്യിൽ രുദ്രാക്ഷം അണിഞ്ഞ് യുപിയിലെ ശകുംഭരി ക്ഷേത്രത്തിൽ ദർശനത്തിന് പ്രിയങ്ക എത്തിയതാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത്.

ആദ്യമായാണ് പ്രിയങ്ക രുദ്രാക്ഷ മാലയണിഞ്ഞ് പൊതുസ്ഥലത്ത് എത്തുന്നത്. രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ക്ഷേത്രത്തിൽ രുദ്രാക്ഷ മാലയണിഞ്ഞ് എത്തിയതെന്ന് യുപി മന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു. വാർത്തകളിൽ നിറഞ്ഞ് നിൽക്കാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തെറ്റിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'അവർ വോട്ടിന് വേണ്ടി പെട്ടെന്ന് ഹിന്ദുവായി മാറി' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രിയങ്ക ഗാന്ധി ബ്രാഹമണ കുടുംബാംഗം ആണെന്നും ക്ഷേത്രങ്ങൾ സന്ദർശിക്കാനും രുദ്രാക്ഷം ധരിക്കാനും എല്ലാ അവകാശവുമുണ്ടെന്ന് കോൺഗ്രസ് വക്താവ് അൻശു അവസ്തി പറഞ്ഞു.