തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ മാറ്റിനിർത്തപ്പെടാനാകാത്ത സമരമാണ് ആലപ്പുഴയിലെ ബോട്ട് ജട്ടിയിൽ നിന്നും ആരംഭിച്ച് കേരളമാകെ കത്തിപ്പടർന്ന ഒരണസമരം. വിദ്യാർത്ഥികളുടെ ബോട്ട് കൺസഷൻ ഒരണ (ആറ് പൈസ)യിൽ നിന്നും പത്ത് പൈസയായി വർദ്ധിപ്പിച്ച അധികാരികൾക്കെതിരെ ബോട്ട് പിടിച്ചുകെട്ടി വിദ്യാർത്ഥികൾ നടത്തിയ സമരം കേരളചരിത്രത്തിലെ ആദ്യത്തെ കൺസഷൻ സമരം കൂടിയാണ്. വിമോചന സമരത്തിന് തുടക്കം കുറിച്ച സമരങ്ങളിലൊന്നുകൂടിയായിരുന്നു കെ.എസ്.യു നേതൃത്വം നൽകിയ ഒരണസമരം.

പിൽക്കാലത്ത് വിദ്യാർത്ഥി രാഷ്ട്രീയത്തിന് കേരള രാഷ്ട്രീയത്തിൽ വേരൂന്നുന്നതിന് നിലമൊരുക്കുന്നതിലും കോൺഗ്രസ് രാഷ്ട്രീയത്തിലേയ്ക്ക് നിരവധി നേതാക്കളെ സംഭാവന ചെയ്യുന്നതിലും നിസ്തുലമായ പങ്കുവഹിച്ച സമരമാണ് ഒരണസമരം. ലോകചരിത്രത്തിലാദ്യമായി വിദ്യാർത്ഥി സമരത്തിലൂടെ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം പുറത്താക്കപ്പെടുന്നതിനും ഒരണസമരത്തിലൂടെ കേരളം സാക്ഷ്യം വഹിച്ചു.

എന്നാൽ ആദ്യകാല കെ.എസ്.യു നേതാക്കളിലൊരാളും ഇന്നത്തെ കോൺഗ്രസിന്റെ സമുന്നതനേതാവുമായ എകെ ആന്റണിയുടെ സംഭാവനകൾ ഒരണസമരത്തിൽ ഉണ്ടായിരുന്നില്ലെന്ന് പറയാതെ പറയുകയാണ് കോൺഗ്രസ് നേതാവ് പ്രൊഫ. ജി. ബാലചന്ദ്രൻ തന്റെ ആത്മകഥയായ ഇന്നലെയുടെ തീരത്തിൽ. എകെ ആന്റണി കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്നു ബാലചന്ദ്രൻ. ഡിസി ബുക്സ് പ്രസാധനത്തിൽ കഴിഞ്ഞ ആഴ്‌ച്ചയാണ് പുസ്തകം പുറത്തിറക്കിയത്.

തന്നെ കോൺഗ്രസുകാരനാക്കിയത് ഒരണ സമരമായിരുന്നു. അക്കാലത്ത് പതിന്നാല് വയസ് മാത്രമുള്ള ഞാൻ സമരത്തിൽ നേരിട്ട് പങ്കാളിയായില്ലെങ്കിലും സമരത്തെ അടുത്തുനിന്ന് വീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം ആത്മകഥയിൽ പറയുന്നു. 'വിദ്യാർത്ഥികൾക്ക് തല്ലു കൊണ്ടപ്പോൾ രക്ഷിതാക്കളും നാട്ടുകാരും സമര രംഗത്തിറങ്ങി. വിമോചന സമരത്തിനു പോലും വഴിമരുന്നിട്ടത് ഒരണാസമരമാണ്. എനിക്കന്ന് 14 വയസ്സേ പ്രായമുള്ളു, അതുകൊണ്ട് എനിക്ക് ആ സമരത്തിൽ പങ്കെടുക്കാനായില്ല. വീട് ബോട്ടുജെട്ടിക്കടുത്തായതുകൊണ്ട് സമരാവേശം കാണാൻ എതിർകരയിൽ കമ്പിയിൽ പിടിച്ചുകൊണ്ട് ഞാൻ നിൽക്കും.

വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം കേട്ടാലുടനെ ഉണ്ണിപ്പിള്ള ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പൊലീസു സംഘം ഓടിവന്ന് അടിതുടങ്ങിയതും കുട്ടികൾ ചിതറി ഓടുന്നതും ഇന്നും ഞാൻ ഓർക്കുന്നു. തൊട്ടടുത്തുള്ള ശ്രീകൃഷ്ണഭവൻ ഹോട്ടൽ ആൻഡ് ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ടൗൺ കമ്മിറ്റി ഓഫീസിലിരുന്ന് സഖാക്കൾ ലാത്തിയടി രംഗം കണ്ടു ഹരം പിടിക്കും .സമരകാലത്ത് ചേർത്തലക്കാരൻ പി.കെ. കുര്യാക്കോസിനെ പൊലീസ് മൃഗീയമായി മർദ്ദിച്ചു. വെളുത്തു ചുവന്ന കുര്യാക്കോസിന്റെ ശരീരം മുഴുവൻ ലാത്തിയുടെ കരുവാളിച്ച പാടുകൾ കാണാമായിരുന്നു.

ഒടുവിൽ വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. 1958 ഓഗസ്റ്റ് മൂന്നാം തീയതി സമരം തീർന്നു. അതിന്റെ വിജയാഹ്ലാദ ജാഥ കാണാൻ ഞാനും പോയിരുന്നു. മുല്ലയ്ക്കൽ ജംഗ്ഷനിൽ നിന്നാണ് ജാഥ തുടങ്ങിയത്. ആനപ്പുറത്തിരുന്നുകൊണ്ട് കുര്യാക്കോസ് ജാഥ നയിക്കുന്നത് കണ്ട് കുട്ടികൾക്ക് ആവേശം കൂടി. അറിയപ്പെട്ട ആദ്യത്തെ കെ.എസ്.യു ഒരണാസമര നേതാവ് കുര്യാക്കോസാണ്.' അദ്ദേഹം ഓർക്കുന്നു.

സമരത്തിന് അഗ്‌നി പകർന്നത് വയലാർ രവിയും എംഎ ജോണുമായിരുന്നു. എംഎ ജോണായിരുന്നു ഉമ്മൻ ചാണ്ടിയെ കോട്ടയത്തെ സമരരംഗത്തേയ്ക്ക് ഇറക്കിയത്. ഉമ്മൻ ചാണ്ടി സ്‌കൂൾ ബോയ്ക്കോട്ട് ചെയ്ത് അറസ്റ്റ് വരിക്കുകയായിരുന്നു- ഒരണ സമര നായകർ എന്ന അധ്യായത്തിൽ അദ്ദേഹം പറയുന്നു. വയലാർ രവി മുതൽ ഒരണ സമര നായകൻ ചേർത്തലക്കാരൻ പികെ കുര്യാക്കോസിനെ വരെ ആ അധ്യായത്തിൽ അദ്ദേഹം ഓർക്കുന്നുണ്ടെങ്കിലും എകെ ആന്റണിയെ പറ്റി അദ്ദേഹം മിണ്ടുന്നില്ല. ഈ അധ്യായത്തിന്റെ ഒരു ഭാഗം ജി. ബാലചന്ദ്രൻ തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തപ്പോൾ പലരും അതിനെ പറ്റി കമന്റുകൾ ഇട്ടെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് അദ്ദേഹത്തെ ബന്ധപ്പെട്ട ഒരു മാധ്യമത്തോട് ആന്റണി ഒരണസമരത്തിൽ പങ്കാളി ആയിരുന്നില്ലെന്ന് ബാലചന്ദ്രൻ വെളിപ്പെടുത്തി.

മുൻ കെ.എസ്.യു- യൂത്ത് കോൺഗ്രസ് നേതാവായിരുന്ന പ്രൊഫ. ബാലചന്ദ്രൻ ആലപ്പുഴ ഡിസിസി യുടെ അധ്യക്ഷനുമായിരുന്നു. അധികാരസ്ഥാനങ്ങളിൽ നിന്നും പരമാവധി അകന്നുനിന്ന അദ്ദേഹം കോൺഗ്രസിലെ ബൗദ്ധികമുഖമായാണ് അറിയപ്പെടുന്നത്. കെ.എസ്.യു സ്ഥാപകനേതാക്കളിലൊരാളായി പൊതുവേ എകെ. ആന്റണിയെ പറയാറുണ്ടെങ്കിലും കെ.എസ്.യുവിന്റെ ആദ്യകാലങ്ങളിൽ നേതൃസ്ഥാനത്ത് സജീവമായി ആന്റണി ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ഒരണസമരകാലത്ത് വയലാർ രവി, തരകൻ, എംഎ ജോൺ തുടങ്ങിയവരായിരുന്നു കെ.എസ്.യുവിനെ നയിച്ചിരുന്നത്. അതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള പ്രൊഫ. ബാലചന്ദ്രന്റെ ആത്മകഥയും.