തിരുവനന്തപുരം: പൊതുജനങ്ങളും വ്യാപാരികളും മറ്റു സംരംഭകരും തദ്ദേശ സ്ഥാപനങ്ങളിൽ വസ്തുനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 വരെ നീട്ടി തദ്ദേശഭരണ വകുപ്പ് ഉത്തരവിറക്കി. കോവിഡ് വ്യാപനം പരിഗണിച്ചാണിത്. മാർച്ച് 31 വരെയാണ് നേരത്തേ അനുവദിച്ച സമയം.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള സമയപരിധിയും ഓഗസ്റ്റ് 31 വരെ നീട്ടി. നേരത്തെ മാർച്ച് 20 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്.

ഈ സാമ്പത്തിക വർഷം വസ്തു നികുതി ഇളവു ലഭിക്കുന്നതിനു വിമുക്തഭടന്മാരോ അവരുടെ ഭാര്യമാരോ വിധവകളോ തദ്ദേശ സ്ഥാപനങ്ങളിൽ സാക്ഷ്യപത്രം നൽകാനുള്ള സമയം ജൂൺ 30 വരെ നീട്ടി തദ്ദേശ വകുപ്പ് ഉത്തരവിറക്കി. മാർച്ച് 31 നു സമർപ്പിക്കാനാണു നേരത്തേ നിർദേശിച്ചിരുന്നത്.

വിമുക്തഭടന്മാർ, വിമുക്ത ഭടന്റെ ഭാര്യ/വിധവ, ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ നിന്നു വിരമിച്ച ഭടന്മാർ, അവരുടെ ഭാര്യ/വിധവ, ബിഎസ്എഫ്, സിആർപിഎഫ്, സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, അസം റൈഫിൾസ് എന്നീ കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗങ്ങളിൽ നിന്നു വിരമിച്ച ഭടന്മാർ, വിരമിച്ച ഭടന്മാരുടെ ഭാര്യമാർ/വിധവകൾ എന്നിവർക്കാണു നികുതിയിൽ ഇളവു ലഭിക്കുക.