ന്യൂഡൽഹി: ബംഗാളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംഎൽഎമാരിൽ 61 പേർക്കു കൂടി 'എക്‌സ്' കാറ്റഗറിയിൽപെടുത്തി കേന്ദ്രസേനകളുടെ സുരക്ഷ ഏർപ്പെടുത്തി. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയടക്കം മറ്റുള്ളവർക്കു നേരത്തേ തന്നെ സുരക്ഷയുണ്ട്. ആകെ 77 എംഎൽഎമാരാണ് ബിജെപിക്കുള്ളത്.

തൃണമൂൽ കോൺഗ്രസ് വിട്ടു വന്നതു മുതൽ സുവേന്ദുവിന് 'സെഡ്' കാറ്റഗറിയിലും മുകുൾ റോയിക്ക് വൈ കാറ്റഗറിയിലും സുരക്ഷയുണ്ട്. സിആർപിഎഫ് കമാൻഡോകളാണ് എംഎൽഎമാർക്കു സുരക്ഷയൊരുക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച നാലംഗസംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് നടപടി.

എക്‌സ് കാറ്റഗറി സുരക്ഷയുള്ളവർക്കു 45 കമാൻഡോകൾ സുരക്ഷയൊരുക്കും. വൈ കാറ്റഗറിയിലുള്ളവർക്ക് 1012 കമാൻഡോകളുടെയും സെഡ് കാറ്റഗറിയിലുള്ളവർക്ക് 2022 കമാൻഡോകളുടെയും സുരക്ഷയുണ്ടാകും. സിപിഎം ഭരണത്തിൽ ബംഗാൾ പൊലീസിനെ വിശ്വസിക്കാനാവില്ലെന്നു പറഞ്ഞ് സംസ്ഥാനത്തെ രാഷ്ട്രീയനേതാക്കൾക്കു കേന്ദ്രസേനകളുടെ സുരക്ഷ ആദ്യമായി ഒരുക്കിയത് മമത ബാനർജിയാണ്.

അക്കാലത്ത് റെയിൽവേ മന്ത്രിയായിരുന്ന മമത ആർപിഎഫ് സുരക്ഷ സ്വയം ഏർപ്പെടുത്തുകയായിരുന്നു. ഇതേ ന്യായം പറഞ്ഞാണ് ബിജെപി തങ്ങളുടെ നേതാക്കൾക്കു സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ബംഗാളിൽ തിരഞ്ഞെടുപ്പ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി അടക്കമുള്ളവർക്കെതിരെ സർക്കാർ കേസെടുത്തു. 34 കേസുകളാണെടുത്തത്. വ്യാജ വാർത്തകളും വിദ്വേഷ പ്രചാരണവും നടത്തിയതിന് ബിജെപി നേതാക്കളായ കൈലാഷ് വിജയ് വർഗിയ, അഗ്മിമിത്ര പോൾ, നടി കങ്കണ റനൗട്ട് എന്നിവർക്കെതിരെയും കേസുണ്ട്.

ഇതുവരെ 150ലേറെ പോസ്റ്റുകൾ നീക്കം ചെയ്തു. 21 പേരെ അറസ്റ്റ് ചെയ്തു. 50ലേറെ പോസ്റ്റുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിനു ബംഗാൾ സർക്കാർ കത്തയച്ചിട്ടുണ്ട്.