ന്യൂഡൽഹി: പാക് അധീന കാശ്മീിൽ ചൈനക്കെതിരെ വൻ പ്രതിഷേധം. ചൈന അണക്കെട്ട് പണിയുന്നതിനെതിരെയാണ് ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. പാക് അധീന കശ്മീരിൽ രണ്ട് അണക്കെട്ടുകൾ പണിയാൻ പാക്കിസ്ഥാനും ചൈനയും കരാറിൽ ഒപ്പിട്ടിട്ടുണ്ട്. ഇതിനെതിരെയാണ് ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിച്ചത്. തങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് ആരോപിച്ചാണ് ഇവർ പ്രതിഷേധിക്കുന്നത്. മേഖലയിലെ വർധിച്ച തോതിലുള്ള ചൈനീസ് സാന്നിധ്യത്തിലും പ്രദേശവാസികൾക്ക് അമർഷമുണ്ട്.

തിങ്കളാഴ്ച ജനങ്ങൾ തടിച്ചുകൂടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നീലം,ഝലം നദികളിൽ രണ്ട് അണക്കെട്ടുകൾ നിർമ്മിക്കുന്നതിനാണ് ഇരു രാജ്യങ്ങളും ധാരണയായത്. നദികളെയും മുസാഫറബാദിനെയും രക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കിയാണ് നാട്ടുകാർ പ്രതിഷേധ സ്വരം ഉയർത്തിയത്.

പാക് അധീന കശ്മീരിൽ ആസാദ് പട്ടാൻ, കൊഹാല എന്നി പേരുകളിലാണ് ജലവൈദ്യുത പദ്ധതികൾ വരുന്നത്. നിർദിഷ്ട ആസാദ് പട്ടാൻ ജലവൈദ്യുത പദ്ധതിയിലൂടെ 700 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം. വിവാദമായ ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായാണ് അണക്കെട്ട് നിർമ്മാണം. 154 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് നിർദ്ദിഷ്ട കൊഹാല ജലവൈദ്യുത പദ്ധതി. ചൈനയുടെ ത്രീ ഗോർജസ് കോർപ്പറേഷനാണ് നിർമ്മാണം നടത്തുന്നത്. 2026 നകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.