ആംസ്റ്റർഡാം: ആസ്ട്രിയയിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഇന്നലെ ലണ്ടനിലെ ആസ്ട്രിയൻ എംബസിക്കുമുന്നിൽ പ്രകടനം നടന്നു. തിങ്കളാഴ്‌ച്ച മുതൽ ലക്ഷക്കണക്കിന് പൗരന്മാർക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തി വീട്ടിലിരുത്തുമെന്ന് നേരത്തേ ആസ്ട്രിയൻ ചാൻസലർ അലക്സാണ്ടർ ഷാല്ലെൻബെർഗ് പറഞ്ഞിരുന്നു. തങ്ങൾ ആസ്ട്രിയയ്ക്കൊപ്പമാണെന്നും എന്നാൽ ആസ്ട്രിയൻ ഭരണകൂടത്തെ ഓർത്ത് ലജ്ജിക്കുന്നു എന്നും എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചായിരുന്നു ലണ്ടനിൽ ആസ്ട്രിയൻ എംബസിക്ക് മുന്നിൽ പ്രതിഷേധക്കാർ ഒത്തുകൂടിയത്.

ഫ്രാൻസിലെ ആസ്ട്രിയൻ എംബസിക്ക് പുറത്തും സമാനമായ പ്രതിഷേധം നടന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. യൂറോപ്പ് വീണ്ടും കൊറോണയുടെ പിടിയിലമർന്നതോടെ പല രാജ്യങ്ങളും പ്രതിസന്ധി നേരിടുകയാണ്. നിലവിൽ യൂറോപ്പിൽ മാത്രമാണ് കോവിഡ് വ്യാപനവും മരണനിരക്കും അനുദിനം വർദ്ധിച്ചു വരുന്നതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിക്കുകയും ചെയ്തു. ആസ്ട്രിയയിൽ, വാക്സിൻ എടുക്കാത്തവരെ നിർബന്ധിച്ച് വീട്ടിൽ തന്നെ ഇരുത്തുന്ന രീതിയിലാണ് പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വരുന്നത്. ജോലിക്ക് പോകാനും അതുപോലെ അത്യാവശ്യ സാധനങ്ങൾ വാങ്ങുവാനായി പോകാനും മാത്രമാണ് ഇവർക്ക് അനുമതിയുള്ളത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് വ്യാപനം കനത്തതോടെ ഒരു സമ്പൂർണ്ണ ലോക്ക്ഡൗൺ ഒഴിവാക്കുന്നതിനായിട്ടാണ് ആസ്ട്രിയ ഇത്തരമൊരു നടപടി സ്വീകരിച്ചത്. വാക്സിൻ എടുക്കാത്തവർ വീടുകളിൽ നിന്നും അനുവദനീയമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കാൻ കർശന പരിശോധനകളും സർക്കാർ ആരംഭിക്കും. സമാനമായ രീതിയിൽ വാക്സിൻ എടുക്കാത്തവർക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ജർമ്മനിയും തീരുമാനിച്ചിരിക്കുകയാണ്. അയർലൻഡും ഈ മാതൃക പിന്തുടരാൻ ആരംഭിച്ചു.

അയർലൻഡിൽ നൈറ്റ്ക്ലബ്ബുകൾ, പബ്ബുകൾ എന്നിവ ഉൾപ്പടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുവാൻ വാക്സിൻ പാസ്സ്പോർട്ട് നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പാതിരാത്രിക്ക് ശേഷം ഇവ തുറന്നിരിക്കാനുള്ള അനുമതിയും നിഷേധിച്ചിട്ടുണ്ട്. എന്നാൽ, ഈ പുതിയ നിയന്ത്രണങ്ങൾ പലയിടങ്ങളിലും കടുത്ത പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിട്ടുണ്ട്. ഭാഗിക ലോക്ക്ഡൗണിനെതിരെ ഇന്നലെ റോട്ടർഡാമിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ പൊലീസിന് വെടിവെയ്‌പ്പ് നടത്തേണ്ടതായി വന്നു.

എന്നിട്ടും നെതർലാൻഡ്സിന്റെ പല ഭാഗങ്ങളിലേക്കും പ്രതിഷേധ സമരം വ്യാപിക്കുകയാണ്. കോവിഡിന്റെ ശൈത്യകാല തരംഗം ആദ്യം ബാധിച്ചത് കിഴക്കൻ യൂറോപ്പിനെയായിരുന്നു. അവിടെ വാക്സിൻ നിരക്ക് വളരെ കുറവാണ്. റഷ്യയും ലാറ്റ്‌വിയയും ഇപ്പോൾ തന്നെ ലോക്ക്ഡൗണിലേക്ക് നീങ്ങിക്കഴിഞ്ഞു.

ലോക്ക്ഡൗണിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു

പുതിയ കോവിഡ് ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി പതിനായിരക്കണക്കിന് ജനങ്ങൾ ഇന്നലെ വിയന്നയിൽ തെരുവിലിറങ്ങി. സ്വിറ്റ്സർലാൻഡ്, ക്രൊയേഷ്യ, ഇറ്റലി, നോർത്തേൺ അയർലൻഡ് നെതർലൻഡ്സ്, നോർത്ത് മാസിഡോണീയ എന്നിവിടങ്ങളിലും ഇന്നലെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. റോട്ടർഡാമിലെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിയുതിർത്തിട്ടും പ്രതിഷേധത്തിന്റെ ശക്തി വർദ്ധിച്ചുവരികയാണ്. പല യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് പാസ്സ്പോർട്ട് ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിൽ പ്രവേശനത്തിന് നിർബന്ധമാക്കിയതും അതിനോടൊപ്പമുള്ള പുതിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുമാണ് ജനരോഷത്തിന് കാരണമായത്.

ഇറ്റലിയിലെ സർക്കസ് മാക്സിമസിൽ തടിച്ചുകൂടിയ മൂവായിരത്തോളം പേർ കോവിഡ് പാസ്സ്പോർട്ടിനെതിരെ പ്രതിഷേധമുയർത്തി. ഇറ്റലിയിൽ തീയറ്ററുകളിലും കായിക മത്സരവേദികളിലും അതുപോലെ പൊതുഗതാഗത സംവിധാനങ്ങളിലും വരെ പ്രവേശിക്കുന്നതിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ്. നോർത്തേൺ അയർലൻഡിൽ ബെൽഫാസ്റ്റിലെ സിറ്റി ഹാളിനു മുൻപിലായിരുന്നു ആയിരക്കണക്കിന് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. ഇവിടെയാണ് ശനിയാഴ്‌ച്ച ക്രിസ്ത്മസ്സ് വിപണി ആരംഭിച്ചത്. ശനിയാഴ്‌ച്ച ആരംഭിച്ച വിപണിക്കുള്ളിൽ പ്രവേശിക്കുന്നതിനും കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കിയിരിക്കുകയാണ്.

സ്വിറ്റ്സർലാൻഡിൽ സർക്കാരിന്റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തോളം പേർ തലസ്ഥാന നഗരിയിൽ അണിചേര്ന്നു. ക്രൊയേഷ്യയിലും തലസ്ഥാനമായ സാഗ്രെബിൽ ദേശീയ പതാകയേന്തി ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ലോക്ക്ഡൗണിനെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങിയത്. നോർത്ത് കാസെഡോണീയയിലും നൂറുകണക്കിന് പേർ പ്രതിഷേധവുമായി തെരുവിലിറങ്ങി.