ബംഗളുരു: പൊതുജനങ്ങൾക്കായുള്ള വാക്സിൻ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെത്തിച്ച് വിതരണം നടത്തിയ കർണാടകയിലെ ബിജെപി എംഎൽഎക്കെതിരെ കടുത്ത വിമർശനം. ബംഗളൂരുവിലെ സിവി രാമൻ നഗർ നിയോജകമണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ എസ് രഘുവാണ് വിവാദത്തിലായത്. പൊതുജനങ്ങൾക്കുള്ള വാക്സിൻ വിതരണം തന്റെ ഉടമസ്ഥതയിലുള്ള വിവാഹ ഓഡിറ്റോറിയത്തിലേക്ക് രഘു സ്വന്തം നിലയ്ക്ക് മാറ്റിയെന്നാണ് ആരോപണം. വാക്സിനായി എത്തിയ പൊതുജനങ്ങൾ മണിക്കൂറുകളോളം കാത്തുനിന്നെങ്കിലും വാക്സിൽ ലഭിക്കാതെ മടങ്ങുകയായിരുന്നു. രഘുവിന്റെ സ്വന്തക്കാർക്കും ബിജെപി അംഗങ്ങൾക്കും പ്രവർത്തകർക്കും മാത്രമേ അവിടെ നിന്ന് വാക്സിൻ ലഭിച്ചുള്ളൂവെന്ന് നാട്ടുകാർ ആരോപിക്കുന്നു.

തങ്ങൾക്ക് ലഭിച്ച ടോക്കൺ പ്രകാരം ഭുവനേശ്വരി അർബൻ പ്രൈമറി ഹെൽത്ത് സെന്ററിലെത്തിയവരോടാണ് അവിടുത്തെ സ്റ്റാഫ് വാക്സിൻ കേന്ദ്രം മാറ്റിയതായി അറിയിച്ചിരുന്നത്. വാക്സിനുവേണ്ടി നാട്ടുകാർ കൂട്ടത്തോടെ രഘുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ ശക്തി ഗണപതി കല്യാണ മണ്ഡപത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. എന്നാൽ പൊതുജനങ്ങൾക്കായുള്ള വാക്സിൻ അവിടെ ആകെ വിതരണം ചെയ്തത് ബിജെപിക്കാർക്ക് മാത്രമായിരുന്നുവെന്നാണ് അവിടെയെത്തിയ നാട്ടുകാർ പറയുന്നത്.

വാക്സിനുവേണ്ടി മണിക്കൂറുകളോളം കാത്തിരുന്ന ജനങ്ങൾ രോഷാകുലരായി പ്രതിഷേധിച്ചുതുടങ്ങിയതോടെ വിഷയം കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. പൊതുവിടത്തിൽ വെച്ച് നടക്കുമെന്ന് അറിയിച്ചിരുന്ന വാക്സിൻ വിതരണം പെട്ടെന്ന് യാതൊരുമുന്നറിയിപ്പും കൂടാതെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് മാറ്റിയതെന്തിനാണെന്ന് അധികൃതർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എസ് രഘുവിന്റെ നടപടിക്കെതിരെ കോൺഗ്രസ് വ്യാപകമായി പ്രതിഷേധിച്ചുവരികയാണ്.