ആലുവ: നിയമ വിദ്യാർത്ഥിനി മൊഫിയ പർവീണിന്റെ മരണത്തിന് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പടെയുള്ളവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ആലുവ എസ്‌പി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച സഹപാഠികളായ വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. 17 പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്‌പിക്ക് പരാതി നൽകാൻ എത്തിയപ്പോഴായിരുന്നു സംഭവം. വിദ്യാർത്ഥികളെ എടത്തല സ്റ്റേഷനിലേക്ക് മാറ്റി.

മോഫിയ പർവീണിന്റെ നിയമ വിദ്യാർത്ഥികളായ 17 സഹപാഠികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്‌പിക്കു പരാതി നൽകാനായി നാല് വിദ്യാർത്ഥിനികളെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടതിനാണ് കസ്റ്റഡിയിലെടുത്തതെന്നു വിദ്യാർത്ഥിനികൾ പറയുന്നു.

എസ്‌പി ഓഫിസിലേയ്ക്ക് അനുമതി ഇല്ലാതെ പ്രതിഷേധം നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്നാണ് പൊലീസിന്റെ വിശദീകരണം. നിലവിൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് വിവരം. പകരം ഇവരെ സ്ഥലത്തുനിന്നു മാറ്റുകയാണ് പൊലീസ് ചെയ്തത്.

വിദ്യാർത്ഥികളെ കളമശേരി ക്യാംപിലേയ്ക്കു കൊണ്ടു പോകുന്നമെന്നാണ് ആദ്യം അറിയിച്ചത്. ഇപ്പോൾ ഇവരെ എടത്തല പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഇവിടെ പൊലീസിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധിക്കുകയാണ്. വിദ്യാർത്ഥികളെ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ സ്ഥലത്തേയ്ക്കു പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

രാവിലെ എസ്‌പി ഓഫിസിലേക്കു കോൺഗ്രസ് നടത്തിയ ബഹുജന പ്രക്ഷോഭം അക്രമാസക്തമായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറും മുട്ടയേറും പൊലീസിന്റെ ജലപീരങ്കി, കണ്ണീർ വാതകവും നഗരത്തെ സംഘർഷ ഭൂമിയാക്കി. നിയമ വിദ്യാർത്ഥിനി മോഫിയ പർവീണിന്റെ മരണത്തിന് ഉത്തരവാദിയായ പൊലീസുകാരനെ സസ്‌പെൻഡ് ചെയ്യും വരെ സമരം തുടരുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം.

പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോൾ മോശമായി പെരുമാറിയ ഇൻസ്‌പെക്ടർക്കെതിരെ നടപടിയെടുക്കണമെന്നു മോഫിയ ആത്മഹത്യാക്കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആരോപണ വിധേയനായ ആലുവ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.എൽ.സുധീറിനെ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലംമാറ്റിയിരുന്നു.

മൊഫിയയുടെ ആത്മഹത്യയിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലെ വിദ്യാർത്ഥികൾ എസ്‌പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു. ഓഫീസിന് ഏതാനും മീറ്റർ അകലെവെച്ച് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികൾ എസ്‌പി ഓഫീസിൽ നേരിട്ടെത്തി മൊഫിയ വിഷയത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി.

ഇതിന് ശേഷം അവർ അവിടെ കുത്തിയിരുന്ന് പ്രതിഷേധിച്ചെന്ന് ആരോപിച്ചാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആദ്യം ഇവരെ എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് എടത്തല സ്റ്റേഷനിലേക്ക് മാറ്റി.

യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. ക്രിമിനലുകളോട് പെരുമാറുന്നതുപോലെയാണ് തങ്ങളോട് പൊലീസ് പെരുമാറിയതെന്നും അവർ ആരോപിച്ചു.