ന്യൂഡൽഹി: പി.എം. കെയേഴ്‌സ്‌ ഫണ്ടിനെ ചൊല്ലി ഉണ്ടായ തർക്കത്തിനിടെ നെഹ്റു കുടുംബത്തിനെതിരെയും ആരോപണം. നെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്നായിരുന്നു ധനവകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂറിന്റെ ആരോപണം. ഇതേ തുടർന്നുണ്ടായ ബഹളത്തിൽ ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതേതുടർന്ന് രണ്ട് തവണയാണ് സഭ നിർത്തിവെച്ചത്.

വിമർശിക്കാൻ വേണ്ടി മാത്രം പി.എം. കെയേഴ്‌സ് ഫണ്ടിനെതിരെ വിമർശനങ്ങൾ ഉയർത്തുന്നു. ഇ.വി എം. മെഷീനുകളെ വിമർശിച്ചത് പോലെയാണ് ഇത്. ജൻ ധൻ, നോട്ട് നിരോധനം, മുത്തലാഖ്‌, ജിഎസ്ടി തുടങ്ങിയവയെപ്പോലും പ്രതിപക്ഷം മോശമാക്കി ചിക്രീകരിച്ചു. അവർ എല്ലാത്തിലും മോശം കാണുന്നു. സത്യമെന്താണെന്നാൽ വിമർശനം ഉന്നയിക്കുന്നവരുടെ ലക്ഷ്യമാണ് മോശം. പിഎം കെയേഴ്‌സ് ഫണ്ട് ഒരു പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് ആണ്. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് അത് രൂപീകരിച്ചിരിക്കുന്നത്. എന്നാൽ നെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു.

ഇത് കോൺഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചു. പ്രതിഷേധത്തിന് വഴിതുറന്നു. മന്ത്രി പറഞ്ഞ വാക്കുകൾ പിൻവലിച്ച് മാപ്പ് പറയണം എന്നാശ്യപ്പെട്ട് പ്രതിഷേധം തുടർന്നു. ബഹളത്തെ തുടർന്ന് സഭ അരമണിക്കൂർ നിർത്തിവെച്ചു. എന്നാൽ വീണ്ടും ചേർന്നപ്പോഴും ബഹളം തുടരുകയായിരുന്നു. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കോൺഗ്രസ് നേതാക്കൾ നടുത്തളത്തിലിറങ്ങിയതോടെ സഭ വീണ്ടും നിർത്തിവെക്കുകയായിരുന്നു. അഞ്ച് മണിക്ക് ശേഷം സഭ പുനരാരംഭിച്ചു.

ടാക്സേഷൻ നിയമഭേദഗതിയുമായി ബന്ധപ്പെട്ട നിരാകരണ പ്രമേയങ്ങൾ പരിഗിക്കുന്നതിനിടെയാണ് മനീഷ് തിവാരി പി.എം. കെയേഴ്‌സ്‌ ഫണ്ടിന്റെ പബ്ലിക് ഓഡിറ്റിനെക്കുറിച്ചുള്ള കാര്യങ്ങൾ ഉന്നയിച്ചത്. പി.എം. കെയേഴ്‌സ് ഫണ്ട് പബ്ലിക് ട്രസ്റ്റ് ആണെന്ന മറുപടി പറയുന്നതിനിടെയാണ് അനുരാഗ് താക്കൂർ നെഹ്രു കുടുംബത്തിനെതിരെ പറഞ്ഞത്. നെഹ്രു കുടുംബത്തിനെതിരെയുള്ള അനുരാഗ് താക്കൂറിന്റെ ആരോപണത്തിനെതിരെയാണ് ബഹളം ഉയർന്നത്.