ന്യൂഡൽഹി: കോടതി അലക്ഷ്യക്കേസിൽ ഒടുവിൽ സുപ്രീം കോടതിക്ക് വഴങ്ങി പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. തന്റെ അഭിഭാഷകനും മുതിർന്ന് സഹപ്രവർത്തകനുമായ രാജീവ് ധവാൻ കോടതിയലക്ഷ്യ കേസിലെ വിധിക്ക് ശേഷം ഒരു രൂപ സംഭാവന ചെയ്തുവെന്നും താൻ അത് നന്ദിപൂർവം സ്വീകരിച്ചുവെന്നും പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ഇതോടെ, കോടതിയലക്ഷ്യ കേസിൽ, ആക്ടിവിസ്റ്റ് കൂടിയായ പ്രശാന്ത് ഭൂഷണ് ശിക്ഷയായി ഒരു രൂപ പിഴ വിധിച്ച സുപ്രീംകോടതി വിധി അദ്ദഹം അംഗീകരിച്ചിരിക്കുകയാണ്. കേസ് രമ്യമായി തീർക്കാനുള്ള വഴി ഇതോടെ ഒരുങ്ങി.

കേസിൽ സുപ്രീം കോടതി വിധിച്ച ഒരു രൂപ പിഴയൊടുക്കാൻ തയ്യാറാണെന്ന് പ്രശാന്ത് ഭൂഷൺ പിന്നീട് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സെപ്റ്റംബർ 15നുള്ളിൽ പിഴയടക്കും. ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ട്വീറ്റുകൾ സുപ്രീം കോടതിയെ അവഹേളിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല. സുപ്രീം കോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി ബലഹീനമായാൽ രാജ്യത്തെ ഓരോ പൗരനേയും അത് ബാധിക്കും. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീം കോടതി. അനീതിക്കെതിരെ ശബ്ദമുയർത്താൻ പലർക്കും ഈ കേസ് പ്രചോദനമായി എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതി വിധിക്കെതിരെ പോരാട്ടം തുടരും. പുനഃപരിശോധനാ ഹർജി നൽകുമെന്നും പ്രശാന്ത് ഭൂഷൺ കൂട്ടിച്ചേർത്തു.

അതേസമയം, പ്രശാന്ത് ഭൂഷന്റെ ട്വീറ്റിന് താഴെ സമ്മിശ്ര അഭിപ്രായങ്ങൾ വരുന്നുണ്ട്. പ്രസാന്ത് ഭൂഷൺ ഒരു രൂപ നൽകുക എന്നാൽ മാപ്പ് പറയുക എന്നാണ് അർത്ഥമെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാൽ, ഭൂഷണെ കുറ്റ്ക്കാരനായി കോടതി കണ്ടെത്തിയ സ്ഥിതിക്ക് സാമാന്യ ബുദ്ധിയുള്ള ആരും ചെയ്യുന്ന കാര്യമാണിതെന്ന് മറുപക്ഷവും.

സെപ്റ്റംബർ 15നകം പിഴയൊടുക്കിയില്ലെങ്കിൽ മൂന്ന് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധിയിൽ പറഞ്ഞിരുന്നു. ഇക്കാലത്ത് അഭിഭാഷക ജോലിയിൽ നിന്ന് വിലക്കുമെന്നും കോടതി വിധി വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരെ നടത്തിയ ട്വിറ്റർ പരാമർശത്തിന്റെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ്.ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നാഗ്പുരിൽവെച്ച് ഹാർലി ഡേവിഡ്സൺ ബൈക്കിൽ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകൾ. ആരോപണങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതി പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണ് എന്ന് വിധിക്കുകയായിരുന്നു.

വിധിയിന്മേലുള്ള വാദത്തിനിടെ മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നൽകി. എന്നാൽ ട്വീറ്റ് പിൻവലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. ആരുടേയെങ്കിലും നിർബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മർത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിക്കുകയുണ്ടായി.

ശിക്ഷ വിധിക്കുന്നതിൽ മുൻ കാലങ്ങളിൽ ജഡ്ജിമാർ മാധ്യമങ്ങൾക്ക് മുൻപിൽ നൽകിയ പ്രസ്താവനകളെ പരിഗണിക്കേണ്ടതില്ല എന്ന് ബെഞ്ച് നിരീക്ഷിച്ചു. അത് അപ്രസക്തമാണ്. മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ സുപ്രീംകോടതി ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയ കാര്യം വാദത്തിനിടെ ഉയർന്നുവന്നിരുന്നു. ഇക്കാര്യം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു നിരീക്ഷണം. ജഡ്ജിമാർ വരെ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ പ്രശാന്ത് ഭൂഷണ് എതിരെ നടപടി ആവശ്യമില്ല എന്നാണ് അഭിഭാഷകരിൽ ചിലർ കോടതിയിൽ വാദിച്ചത്. ഇതിന് മറുപടിയായി ജഡ്ജിമാർ മാധ്യമങ്ങളെ കാണേണ്ടതില്ല എന്നും അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

വാദത്തിനിടെ കോടതിയിൽ നടന്ന കാര്യങ്ങൾ പ്രശാന്ത് ഭൂഷൺ മാധ്യമങ്ങൾക്ക് മുൻപിൽ വിവരിച്ചതിനെ കോടതി വിമർശിച്ചു. കോടതിയെ സ്വാധീനിക്കാനുള്ള പ്രശാന്ത് ഭൂഷണിന്റെ ശ്രമമായാണ് കോടതി ഇതിനെ വിലയിരുത്തിയത്.