ന്യൂഡൽഹി: ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജീർണതയിലെന്ന മുൻ ചീഫ് ജസ്റ്റിസും രാജ്യസഭ അം​ഗവുമായ രഞ്ജൻ ഗൊഗോയ്യുടെ പരാമർശത്തെ പരിഹസിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നീതിന്യായ വ്യവസ്ഥയെ ഇന്നുകാണുന്ന തരത്തിൽ തരംതാഴ്‌ത്തുന്നതിൽ ഗൊഗോയ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഗൊഗോയ്‌ക്കെതിരെയുള്ള ലൈംഗികാരോപണം, റാഫേൽ, അയോധ്യ കേസുകളിലെ സംശയാസ്പദമായ വിധിന്യായങ്ങൾ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയൊക്കെ ചെയ്ത ആൾ ജുഡീഷ്യറിയെ ജീർണ്ണിച്ചതാണെന്ന് വിളിക്കുന്നത് ദയനീയമാണ് എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

ഇന്ത്യൻ നീതിന്യായ വ്യവസ്ഥ ജീർണിച്ച അവസ്ഥയിലാണെന്നും ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്നുമായിരുന്നു ഗൊഗോയി പറഞ്ഞത്. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമസംവിധാനങ്ങളിൽ മാറ്റങ്ങൾ വരേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. 'ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങൾക്ക് അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ വേണം, പക്ഷേ ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു'.രഞ്ജൻ ഗൊഗോയ് പറഞ്ഞു.

ജഡ്ജിമാരെ നിയമിക്കുന്ന രീതിയേയും അദ്ദേഹം തുറന്ന് വിമർശിച്ചു. 'സർക്കാർ ഓഫീസർമാരെ നിയമിക്കുന്നതു പോലെ ജഡ്ജിമാരെ നിയോഗിക്കുന്നത് ശരിയല്ല. ജഡ്ജായിരിക്കുക എന്നാൽ മുഴുസമയ പ്രതിബന്ധതയാണ്. അതൊരു വികാരമാണ്. ഇത്രസമയമേ ജോലി ചെയ്യൂ എന്ന് ന്യായാധിപൻ പറയാൻ പാടില്ല. ഒരു ജഡ്ജിയെ നിയമിക്കുമ്പോൾ അയാൾക്കാവശ്യമായ പരിശീലനം നൽകണം. രാജ്യത്തോടുള്ള പ്രതിബദ്ധതയാണ് താൻ നിർവഹിക്കുന്നത് രാജ്യത്തെ ബോധ്യപ്പെടുത്തണം.'

ഇന്ത്യയിലെ കീഴ് കോടതികളിൽ 60 ലക്ഷത്തോളം കേസുകൾ 2020-ൽ എത്തിചേർന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളിൽ തീർപ്പുകൽപ്പിക്കാത്ത കേസുകളുടെ എണ്ണം പോയവർഷം മൂന്ന് ലക്ഷത്തോളം ഉയർന്നു. കഴിഞ്ഞ വർഷം 6,000-7,000 പുതിയ കേസുകൾ സുപ്രീം കോടതി സ്വീകരിച്ചു. കീഴ് കോടതികളിൽ നാല് കോടിയോളവും ഹൈക്കോടതികളിൽ 44 ലക്ഷത്തോളവും സുപ്രീംകോടതിയിൽ 70000 ത്തോളം കേസുകളും തീർപ്പുകൽപ്പിക്കാതെ കെട്ടിക്കിടക്കുകയാണെന്നും ഗൊഗോയ് പറഞ്ഞു. ഡൽഹി ഹൈക്കോടതിയിൽ 62 ജഡ്ജിമാരാണ് വേണ്ടതെങ്കിൽ 32 ജഡ്ജിമാർ മാത്രമാണ് അവിടെയുള്ളത്. മധ്യപ്രദേശ് ഹൈക്കോടതിയിൽ ആവശ്യമുള്ളതിന്റെ 40 ശതമാനം ജഡ്ജിമാരെ ഉള്ളൂവെന്നും ഗൊഗോയ് പറഞ്ഞു.

വിധി വരാൻ വൈകുമെന്നതിനാലാണ് തൃണമൂൽ കോൺഗ്രസ് ലോക്‌സഭാംഗം മഹുവ മോയിത്രക്കെതിരെ കോടതിയെ സമീപിക്കാത്തതെന്ന് രഞ്ജൻ ഗോഗോയ് പറഞ്ഞു. 'കോടതിയിൽ പോയാൽ അവിടെ നിന്ന് വിധികിട്ടില്ല. കുറെ വിഴുപ്പലക്കാമെന്നു മാത്രം. കഴിഞ്ഞ തിങ്കളാഴ്ച മഹുവ മോയിത്ര ലോക്‌സഭയിൽ രഞ്ജൻ ഗോഗോയ്ക്കും സുപ്രീംകോടതിക്കുമെതിരെ പേരെടുത്തു പറയാതെ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ലൈംഗികാതിക്രമ ആരോപണം നേരിട്ട ജഡ്ജി തന്നെ, തനിക്കെതിരായി വാദംകേൾക്കുന്ന ബെഞ്ചിൽ ഉൾപ്പെട്ടുവെന്നും സുപ്രീംകോടതി ഇനി വിശുദ്ധ പശുവല്ലെന്നുമായിരുന്നു തൃണമൂൽ അംഗത്തിന്റെ വിമർശനം. ഇതുസംബന്ധിച്ച് കോൺക്ലേവിൽ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് ഗോഗോയ് ജുഡീഷ്യറുടെ അവസ്ഥയെ പറ്റി പരിതപിച്ചത്.