തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നോക്ക സംവരണം പ്രാവർത്തികമായി. സർക്കാർ സർവീസിൽ മുന്നോക്ക സംവരണം നടപ്പിലാക്കാൻ പിഎസ് സി തീരുമാനിച്ചു. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണത്തിനായി സർക്കാർ ഉത്തരവിറങ്ങിയ ഒക്ടോബർ 23 മുതൽ നടപ്പാക്കാനാണ് തീരുമാനം. 23 മുതൽ നാളെ വരെ അപേക്ഷ നൽകാൻ സമയപരിധിയുള്ള റാങ്ക് പട്ടികകൾക്കും സംവരണം ബാധകമാക്കും.

അർഹരായവർക്ക് അപേക്ഷിക്കാൻ പത്ത് ദിവസം കൂടി നീട്ടിനൽകാനും ഇന്ന് ചേർന്ന പിഎസ് സി യോഗം തീരുമാനിച്ചു. ഇതോടെ ഈ മാസം 14 വരെ ഇത്തരത്തിൽ അപേക്ഷ നൽകാൻ സാധിക്കും. ഒക്ടോബർ 23-ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ അന്നുമുതൽ സംവരണത്തിന് പ്രാബല്യമുണ്ടെന്നാണ് പറയുന്നത്. ഇക്കാര്യമാണ് മുഖ്യമന്ത്രിയും നേരത്തെ വ്യക്തമാക്കിയത്. വ്യവസ്ഥകൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ച 2020 ജനുവരി മൂന്നുമുതൽ മുൻകാല പ്രാബല്യം അനുവദിക്കണമെന്ന ആവശ്യം എൻഎസ്എസ് ഉയർത്തിയിരുന്നു. എന്നാൽ, ഇത് പ്രായോഗികമല്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

അത് നടപ്പാക്കണമെങ്കിൽ നിയമനങ്ങൾ അടിയന്തിരമായി നിർത്തിവെക്കുകയും ഈവർഷം നടത്തിയ നിയമന നടപടികളെല്ലാം പുനഃക്രമീകരിക്കുകയും ചെയ്യേണ്ട അവസ്ഥ വരുമായിരുന്നു. അതേസമയം സംവരണ വിഷയത്തിൽ സമരവുമായി മുന്നോട്ടു പോകാനാണ് മുസ്ലിംലീഗിന്റെ തീരുമാനം.

ഇത് മുസ്ലിം വിഭാഗത്തിന്റെ മാത്രം വിഷയമല്ല. ഹൈന്ദവരും ക്രൈസ്തവരുമുൾപ്പെട്ട 80 ശതമാനം വരുന്ന പിന്നാക്കക്കാരുടെ പ്രശ്‌നമാണെന്നും നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ എന്നിവർ സംസ്ഥാന പ്രവർത്തക സമിതി യോഗത്തിനു ശേഷം പറഞ്ഞു. സാമ്പത്തിക സംവരണം അശാസ്ത്രീയമായി നടപ്പാക്കി സംസ്ഥാന സർക്കാർ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ്. സംവരണ സമുദായങ്ങളോട് കടുത്ത അനീതിയാണ് സർക്കാർ കാണിച്ചത്.

നിലവിലെ മാനദണ്ഡപ്രകാരം മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പുതിയ തീരുമാനം ഗുണമുണ്ടാക്കില്ല. ഫലത്തിൽ മുന്നാക്ക സംവരണം തന്നെയാണ് നടപ്പാക്കിയിരിക്കുന്നതെന്നും ലീഗ് നേതാക്കൾ ആരോപിച്ചു. സംവരണ സമുദായ മുന്നണി 9ന് സംസ്ഥാന തലത്തിൽ കലക്ടറേറ്റ് പടിക്കൽ നടത്തുന്ന സമരത്തിൽ മുസ്ലിം ലീഗ് പങ്കെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.