തിരുവനന്തപുരം: പരീക്ഷയിൽ വിദ്യാർത്ഥികൾ കോപ്പിയടിക്കുന്നു എന്നത് നമ്മൾ കേട്ടിടുണ്ട് എന്നാൽ ഇവിടെ കേരള പിഎസ്‌സി ഒരു പരീക്ഷയുടെ ചോദ്യങ്ങൾ തന്നെ കോപ്പിയടിച്ചിരിക്കുകയാണ് പിഎസ്‌സി ചോദ്യങ്ങൾ വീണ്ടും കോപ്പിയടിച്ചതായി ആരോപണം ഉയരുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ നഴ്‌സിങ് തസ്തികയിലേക്കു കഴിഞ്ഞ ഒൻപതിനു നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ പരിശീലനത്തിന് ഉപയോഗിക്കുന്ന ഒരു വെബ്‌സൈറ്റിൽനിന്നു പകർത്തിയത് ആയിരുന്നുവെന്നാണു പരാതി.

നഴ്‌സിങ് വിദ്യാർത്ഥികൾ പരിശീലനത്തിന് ഉപയോഗിക്കുന്ന വെബ്‌സൈറ്റിൽനിന്നു 10 ചോദ്യങ്ങളാണ് അതേപടി പകർത്തിയത്. ഉത്തരങ്ങളുടെ ഓപ്ഷൻപോലും മാറ്റിയിട്ടില്ലെന്നു മാത്രമല്ല, തെറ്റും അതേ പോലെ ആവർത്തിച്ചു. കോപ്പിയടി മാത്രമല്ല, നിശ്ചിത സിലബസിൽനിന്ന് ഉൾപ്പെടുത്തേണ്ട ചോദ്യങ്ങളുടെ അനുപാതവും അട്ടിമറിച്ചിട്ടുണ്ട്. പരീക്ഷയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ടതു മെഡിക്കൽ സർജിക്കൽ നഴ്‌സിങ് വിഭാഗത്തിൽ നിന്നായിരുന്നു.എന്നാൽ ഈ വിഭാഗത്തിൽ നിന്നും ഉൾപ്പെടുത്തിയതാകട്ടെ വെറും ആറ് ചോദ്യങ്ങൾ മാത്രവും.

എന്നാൽ, ആകെ ചോദ്യങ്ങളുടെ ആറുശതമാനം മാത്രമാണ് ഈ വിഭാഗത്തിൽനിന്ന് ഉൾപ്പെടുത്തിയത്. ഇതിൽ തന്നെ പല ചോദ്യങ്ങൾക്കും ഓപ്ഷനിൽ ശരിയുത്തരം നൽകിയിരുന്നില്ല. അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ നിലവാരത്തിനു ചേരുന്ന തരത്തിലുള്ള ചോദ്യവുമായിരുന്നില്ല ഉൾപ്പെടുത്തിയതെന്നും ഉദ്യോഗാർഥികൾക്കു പരാതിയുണ്ട്. നേരിട്ടും തസ്തികമാറ്റം വഴിയുമായി മൂവായിരത്തിലേറെ പേരാണ് ഈ പരീക്ഷ എഴുതിയത്.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്‌സിങ് പരീക്ഷയിൽ നടന്ന ചോദ്യപേപ്പർ കോപ്പിയടി വിവാദം പരീക്ഷ റദ്ദാക്കേണ്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്. ഇത്രയധികം ചോദ്യങ്ങൾ ഒരു മാറ്റവുമില്ലാതെ കോപ്പിയടിച്ച പരീക്ഷ റദ്ദ് ചെയ്ത് പുനഃപരീക്ഷ നടത്തണം എന്ന ആവശ്യം ശക്തമാവുകയാണ്. ഈ ആവശ്യം ഉന്നയിച്ചു ഉദ്യോഗാർ്ഥി കൂട്ടായ്മ വരും ദിവസങ്ങളിൽ പിഎസ്‌സി ചെയർമാനെ കാണും. പുനഃപരീക്ഷ നടത്തിയാൽ പുതിയ നോട്ടിഫിക്കേഷൻ ഉണ്ടാവുകയില്ല, അതിനാൽ തന്നെ ഡിഎച്എസ് ൽ നിന്നുമുള്ളവർക്കുള്ള സർവീസ് സംവരണം നഷ്ടപ്പെടുകയില്ല.