തിരുവനന്തപുരം: കാലാവധി തീരാറായ പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നൽകാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതോടെ ആശങ്കയിലായത് തൊഴിൽ പ്രതീക്ഷയിൽ കഴിയുന്ന ആയിരങ്ങളാണ്. പ്രായപരിധി കഴിയുന്നതോടെ ഇനി അവസരം ഇല്ലാത്തവരും നിരവധിയാണ്. അതുകൊണ്ട് തന്നെ അവസാന പ്രതീക്ഷയെന്ന നിലയിൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുകയാണ് ഇക്കൂട്ടർ.

ഓഗസ്റ്റ് നാലിന് 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം ശക്തമായിരിക്കുന്നത്. നിലവിൽ നാല് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. വനിതാ സിവിൽ പൊലീസ് റാങ്ക് ഹോൾഡേഴ്‌സിന്റെ അനിശ്ചിതകാല സമരം 9 ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. 2002 ഓഗസ്റ്റ് 4 നാണ് 2085 പേരുടെ ലിസ്റ്റ് വന്നത്. ഇത് വരെ 597 പേർക്ക് നിയമനം. ഇതിൽ പരിശീലനം ആരംഭിച്ചത് 533 പേരുമാണ്.

ഇത് കൂടാതെ ക്ലർക്ക് റാങ്ക് ഹോൾഡേഴ്‌സ് ഐഡിയൽ അസോസിയേഷൻ ഓഫ് കേരള സമരം 4 ദിവസം പിന്നിട്ടു. 2018 ഏപ്രിലിലാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. നാലു മാസം ലിസ്റ്റ് നീട്ടി നൽകി. ഓഗസ്റ്റ് 4 ന് കാലാവധി അവസാനിക്കും. എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് സമരം മൂന്നാം ദിനത്തിലേക്കുകടക്കുന്നു. 46,000 പേരുടെ റാങ്ക് ലിസ്റ്റ്. നിയമനം നൽകിയത് 6789 പേർക്ക്. 2018 ലാണ് ലിസ്റ്റ് വന്നത്. ഓൾ കേരള ടീച്ചേഴ്‌സ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ12 ദിവസമായി സമരത്തിലാണ്. ഇന്നലെ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ഉദ്യോഗാർഥിയായ വിനീതാണ് നിരാഹാര സത്യഗ്രഹത്തിൽ.

അതേസമയം ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന റാങ്ക് പട്ടികകളിൽ നിന്ന് ഈ മാസം 23 വരെ പ്രധാന തസ്തികകളിൽ മാത്രം ഏതാണ്ട് 25,000 പേർക്കു നിയമന ശുപാർശ നൽകിയതായി പിഎസ്‌സി വ്യക്തമാക്കി. കാലാവധി അവസാനിക്കുന്ന പട്ടികകളിൽ നിന്നുള്ള നിയമന ശുപാർശ വേഗത്തിലാക്കാൻ പിഎസ്‌സി പ്രത്യേക തയ്യാറെടുപ്പു നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

എൽഡി ക്ലാർക്ക് തസ്തികയിൽ ഇതുവരെ 10,164 പേർക്കു നിയമന ശുപാർശ നൽകി. 468 ഒഴിവുകൾ ഇനിയും ശുപാർശ നൽകാൻ ശേഷിക്കുന്നുണ്ട്. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ച ഫെബ്രുവരി 5 നു ശേഷം ഈ തസ്തികയിൽ 1632 പേരെ ശുപാർശ ചെയ്തു. ലാസ്റ്റ് ഗ്രേഡ് സെർവന്റ്‌സ് റാങ്ക് ലിസ്റ്റിൽ നിന്ന് 6,984 പേർക്കാണു ശുപാർശ നൽകിയത്. 486 ഒഴിവുകളിലാണ് ഇനി നിയമിക്കാനുള്ളത്. കഴിഞ്ഞ ഫെബ്രുവരി 5 ന് ശേഷം മാത്രം 1,109 പേരെ ശുപാർശ ചെയ്തു.

ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് എല്ലാ ജില്ലകളിലുമായി 2,455 പേർക്കു നിയമന ശുപാർശ നൽകി. റാങ്ക് ലിസ്റ്റ് ദീർഘിപ്പിച്ചതിനു ശേഷം മാത്രം 414 പേർക്കാണു ശുപാർശ നൽകിയത്. സപ്ലൈകോയിലെ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ കഴിഞ്ഞ 23 വരെ 2,428 പേർക്കു ശുപാർശ നൽകി. ഫെബ്രുവരി 5 ന് ശേഷം 525 പേർക്കാണ് ഈ തസ്തികയിലേക്കു നിയമന ശുപാർശ നൽകിയത്.

സംസ്ഥാനതല തിരഞ്ഞെടുപ്പായ വനിത പൊലീസ് കോൺസ്റ്റബിൾ തസ്തികയിൽ 702 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു. റാങ്ക് ലിസ്റ്റ് നീട്ടിയ കാലയളവിൽ മാത്രം 206 പേർക്ക് ഇതുവരെ നിയമനം നൽകി. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന പൊലീസ് കോൺസ്റ്റബിൾ (ടെലികമ്യുണിക്കേഷൻ) തസ്തികയുടെ റാങ്ക് ലിസ്റ്റിൽ നിന്ന് 219 പേർക്കാണു നിയമന ശുപാർശ നൽകിയതെന്നും പിഎസ്‌സി അറിയിച്ചു.