കറാച്ചി: ഒരു വിക്കറ്റ് കിട്ടിയാൽ അത് ബൗളർമാർ ആഘോഷിക്കുന്നത് പലവിധത്തിലാണ്. ഇത്തരം ആഘോഷങ്ങളുടെ ഒരു വ്യത്യസ്ത ശൈലിക്കാണ് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നിന്നും കണ്ടത്. ആദ്യ പന്തിൽ തന്നെ ഒരു താരത്തിന്റെ കുറ്റി തെറിപ്പിച്ച ശേഷം ബൗളർ അദ്ദേഹത്തോട് ക്ഷമ ചോദിച്ചാലോ? പാക്കിസ്ഥാൻ സൂപ്പർ ലീഗിലാണ് അത്തരമൊരു സംഭവം അരങ്ങേറിയത്.

കഴിഞ്ഞ ദിവസം പി.എസ്.എൽ മുൾട്ടാൻ സുൽത്താൻസും ലാഹോർ ക്വാലൻഡേഴ്സും തമ്മിൽ നടന്ന എലിമിനേറ്റർ പോരാട്ടത്തിനിടെയായിരുന്നു സംഭവം. ആദ്യ പന്തിൽ തന്നെ പാക്കിസ്ഥാന്റെ സൂപ്പർ താരം ഷാഹിദ് അഫ്രീദിയുടെ കുറ്റിതെറിപ്പിച്ച ലാഹോർ ക്വാലൻഡേഴ്സ് താരം ഹാരിസ് റൗഫ് കൈകൾ കൂപ്പി അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയും ചെയ്തു.

ടൂർണമെന്റിൽ അഫ്രീദി ഉപയോഗിച്ച ഹെൽമറ്റ് വാർത്തകളിൽ ഇടംപിടിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലാഹോർ ക്വാലൻഡേഴ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുൾട്ടാൻ സുൽത്താൻസിനു വേണ്ടി 14-ാം ഓവറിലാണ് അഫ്രീദി ക്രീസിലെത്തുന്നത്.

ആദ്യ പന്തിൽ തന്നെ ഹാരിസ് അദ്ദേഹത്തിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ഹാരിസ് അഫ്രീദിക്കു നേരെ കൈകൂപ്പുകയും ചെയ്തു. മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസ് 25 റൺസിന് തോൽക്കുകയും ചെയ്തു. ജയത്തോടെ ലാഹോർ ക്വാലൻഡേഴ്സ് ഫൈനലിലേക്ക് മുന്നേറി.