പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേക്ക് അടുക്കുന്നു. ഇതു സംബന്ധിച്ച കൃത്യമായ കണക്കുകൾ പുറത്തു വിടാൻ മടിച്ച് ആരോഗ്യവകുപ്പ് അധികൃതർ. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഡിഎഎംഓ അടക്കമുള്ളവർക്ക് അനൗദ്യോഗിക നിർദ്ദേശം.

പത്തനംതിട്ടയിലെ കോവിഡ് കണക്കുകൾ ഒരിക്കലും സുതാര്യമല്ലെന്നാണ് ആക്ഷേപം. ജില്ലയിൽ ഇതു വരെ കോവിഡ് ബാധിച്ച് എത്ര പേർ മരിച്ചുവെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. കോവിഡിന്റെ പ്രതിദിന കണക്കുകൾ തയാറാക്കുന്നത് മാസ് മീഡിയ ഓഫീസും വിതരണം ചെയ്യുന്നത് പിആർഡിയുമായി. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാധ്യമങ്ങൾക്ക് നൽകിയിരുന്നു. വെള്ളിയാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി 42 ശതമാനമായിരുന്നു.

വ്യാഴാഴ്ച 34.07 ശതമാനമായിരുന്നു. ഒറ്റ ദിവസം കൊണ്ട് ടെസ്റ്റ് പോസിറ്റിവിറ്റിയിൽ കുതിച്ചു കയറ്റം ഉണ്ടായതോടെ ശനിയാഴ്ച നൽകിയ പിആർഡി പത്രക്കുറിപ്പിൽ ടെസ്റ്റ് പോസിറ്റിവിറ്റി ഒഴിവാക്കിയിരുന്നു. ശനിയാഴ്ച ജില്ലയിൽ 2012 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ടെസ്റ്റ് പോസിറ്റിവിറ്റി 50 ശതമാനത്തിന് അടുത്തെത്തി. എന്നാൽ, ഇതു സംബന്ധിച്ച കൃത്യമായ കണക്ക് ഇന്നലെ മുതൽ പിആർഡി പത്രക്കുറിപ്പിൽ നിന്ന് അപ്രത്യക്ഷമായി. മന്ത്രിയുടെ ജില്ലയിൽ പോസിറ്റിവിറ്റി കൂടുന്നത് വലിയ വാർത്തയാകുമെന്ന് കണ്ട് ഇത് മനഃപൂർവം ഒഴിവാക്കുകയായിരുന്നുവെന്ന് വേണം കരുതാൻ.

അതു പോലെ തന്നെ ജില്ലയിലെ മരണക്കണക്കും പുറത്തു വിടാൻ ആരോഗ്യവകുപ്പ് തയാറല്ല. മാധ്യമങ്ങൾ പലപ്പോഴും മന്ത്രി വീണയോട് തന്നെ ഈ വിവരം സുചിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഇതു വരെ എത്ര പേർ കോവിഡ് ബാധിച്ചു മരിച്ചുവെന്ന കണക്ക് പുറത്തുവിടാൻ ഡിഎംഓയ്ക്ക് നിർദ്ദേശം നൽകിയെന്ന് മന്ത്രി പറയും. എന്നാൽ, ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത് തങ്ങൾക്ക് അങ്ങനെ ഒരു നിർദേശമില്ലെന്നാണ്.

മാധ്യങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ നിൽക്കേണ്ടെന്ന് കർശന നിർദേശമാണ് മന്ത്രിയുടെ ഓഫീസിൽ നിന്ന് ഡിഎംഓയ്ക്ക് കിട്ടിയിരിക്കുന്നതത്രേ. മാധ്യമപ്രവർത്തകർ വിളിച്ചാൽ ഡിഎംഓ പറയുന്നത് തങ്ങൾക്ക് അതേപ്പറ്റി പറയാൻ അധികാരമില്ലെന്നാണ്. മറ്റൊരു ജില്ലയിൽ ഇല്ലാത്ത വിധം കർശനമായ സെൻസർഷിപ്പാണ് ആരോഗ്യവകുപ്പിന് ഏർപ്പെടുത്തിയിരിക്കുന്നത്.

യഥാർഥ കണക്ക് ജനങ്ങളിലേക്ക് എത്തുന്നത് തടയുന്നതിനും മന്ത്രിക്കും സർക്കാരിനുമെതിരായ ട്രോൾമഴ കുറയ്ക്കുന്നതിനും വേണ്ടിയാണ് ഇത്തരം സെൻസർഷിപ്പുകൾ ഏർപ്പെടുത്തിയതെന്നാണ് ആരോപണം.