തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ച ഉറപ്പിച്ച് മുന്നേറുമ്പോൾ വിവാദങ്ങൾക്ക് ഒരു പഴുതും വെക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് സൈബർസഖാക്കൾക്ക് പോലും പാർട്ടി തുടക്കത്തിൽ തന്നെ കടിഞ്ഞാണിട്ടത്. എന്തിനും ഏതിനും പാർട്ടിക്കൊപ്പം നിന്ന് സമൂഹമാധ്യമങ്ങളിലെ പോസ്റ്റിലൂടെ പാർട്ടിക്ക് തന്നെ സൈബർ പോരാളികൾ ചിലപ്പോൾ തലവേദനയാകാറുണ്ട്. ഇത് മുന്നിൽ കണ്ടായിരുന്നു തുടക്കത്തിൽ തന്നെ സൈബർ പോരാളികൾക്ക് വിശദമായ നിർദ്ദേശങ്ങൾ സഹിതം പാർട്ടി നേതൃത്വം കടിഞ്ഞാണിട്ടത്.

എന്നാൽ അ കുറവൊക്കെ നികത്തി പുതിയ വിവാദത്തിന് വഴിവെക്കുകയായിരുന്നു എൽഡിഎഫിന്റെ പ്രചരാണാർത്ഥം പുകസ തയ്യാറാക്കിയ പ്രചരണ വീഡിയോ. ഇപ്പോൾ വീഡിയോ പിൻവലിച്ച് പുകസ തടിയൂരിയെങ്കിലും രണ്ടു വീഡിയോകൾ ഉണ്ടായക്കിയ വിവാദം ഉടനെങ്ങും കെട്ടടങ്ങാൻ വഴിയില്ലെന്നു മാത്രമല്ല മറ്റുമുന്നണികൾക്ക് പ്രചരണ ആയുധമാകാനും സാധ്യതയേറെയാണ്.

സംസ്ഥാനസർക്കാരിന്റെ ശ്രദ്ധേയ ഇടപെടലുകളായ പെൻഷൻ, സൗജന്യ കിറ്റ് എന്നിവയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയത്. രണ്ടു വിവിധ ഇടങ്ങളിൽ ഒരു കലാകാരനുമായി കണ്ടു മുട്ടുന്ന ഒരു മുസ്ലിം സ്ത്രീ സർക്കാരിന്റെ പെൻഷനെക്കുറിച്ചും മറ്റൊരിടത്ത് കണ്ടുമുട്ടുന്ന ഒരു ബ്രാഹ്മണൻ സർക്കാരിന്റെ കിറ്റിനെപ്പറ്റിയും പറയുന്നതാണ് വീഡിയോ.

രണ്ട് വീഡിയോകളിൽ സന്തോഷ് കീഴാറ്റൂർ അഭിനയിക്കുന്ന ചിത്രത്തിൽ ക്ഷേത്രങ്ങൾ അടച്ചിട്ടത്തോടെ പട്ടിണിയിലായ ബ്രാഹ്മണന്റെ കുടുംബത്തെ സർക്കാർ എങ്ങന കരകയറ്റിയെന്നാണ് പറയുന്നത്. തീവ്രവാദിയായ മകന്റെ മൃതദേഹം കാണേണ്ടെന്ന് തീരുമാനിച്ച ഉമ്മ ഇടതുപക്ഷത്തിന്റെ ഉറപ്പിൽ വിശ്വസിക്കുന്നുവെന്നാണ് രണ്ടാമത്തെ വീഡിയോ. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ഉറപ്പാണ് എൽഡിഎഫ് എന്ന പ്രചരണ വാക്യവും മുൻനിർത്തിയാണ് വീഡിയോ.

എന്നാൽ ഈ വീഡിയോയിലുടെ മുസ്ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്മണ സമുദായത്തെ അഷ്ടിക്ക് വകയില്ലാതെ വിഷമിക്കുന്നവരായും ചിത്രീകരിക്കുന്ന വീഡിയോയുടേത് ഇസ്ലാമോഫോബിക് ഉള്ളടക്കമെന്നാണ് പ്രധാന വിമർശനം. താരങ്ങളായ സന്തോഷ് കീഴാറ്റൂർ, തെസ്നിഖാൻ, കലാഭവൻ റഹ്മാൻ, ഗായത്രി എന്നിവർ അഭിനയിച്ച വീഡിയോ ഇന്നലെയാണ് പുകസ പുറത്തിറക്കിയത്.വീഡീയോ പുറത്തിറങ്ങി നിമിഷങ്ങൾക്കകം വ്യാപക പ്രതിഷേധമാണ് വീഡീയോയ്‌ക്കെതിരെ ഉണ്ടയാത്. ആദ്യം പ്രതികരണമൊന്നും ഉണ്ടായില്ലെങ്കിലും അധികം വൈകാതെ തന്നെ വീഡിയോ പുകസ ഫേസ്‌ബുക്ക് പേജിൽ നിന്നുൾപ്പടെ നീക്കം ചെയ്തു.

ഇതാദ്യമായല്ല പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രചരണ വീഡിയോ വിവാദങ്ങളിലെത്തുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാരിനെ ബൂസ്റ്റ് ചെയ്യാനായി തയ്യാറാക്കിയ ഹ്രസ്വ ചിത്രവും ഒടുവിൽ സർക്കാരിന് തലവേദനയാവുകയായിരുന്നു.പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും കവിയുമായ രാവുണ്ണി കേന്ദ്രകഥാപാത്രമായാണ് 'ഒരു തീണ്ടാപ്പാടകലെ' എന്ന പേരിലുള്ള ഷോർട്ട് ഫിലിം നിർമ്മിച്ചത്.

കൊറോണാ പ്രതിരോധ പ്രവർത്തനത്തിന്റെ പ്രാധാന്യവും ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ പ്രസക്തിയും മുൻനിർത്തിയായിരുന്നു ഷോർട്ട് ഫിലിം. കറുത്തവനായ ദളിതന് അയിത്തോപദേശം നൽകുന്ന ബ്രാഹ്മണ്യകഥ അയിത്തവും തീണ്ടലും കോവിഡ് കാലത്ത് പ്രസക്തമാണെന്നായിരുന്നു പുരോഗമന കലാസാഹിത്യസംഘം വാദിച്ചിരുന്നത്.

സോഷ്യൽ ഡിസ്റ്റൻസിംഗിനെ കീഴ്ജാതിയിൽപ്പെട്ട മനുഷ്യർ നേരിട്ട അയിത്താചരണത്തിനുള്ള പ്രയോഗമായ തീണ്ടാപ്പാടകലെ എന്നും ഷോർട്ട് ഫിലിമിൽ ഉപയോഗിച്ചരുന്നു. ക്ഷേത്രക്കുളത്തിലെ കുളി കഴിഞ്ഞ ശേഷം അമ്പലത്തിലെത്തുന്ന ബ്രാഹ്മണൻ ദളിതനായ അയ്യപ്പനിൽ നിന്ന് അകന്ന് നിൽക്കാനൊരുങ്ങുന്നിടത്താണ് ഷോർട്ട് ഫിലിം തുടങ്ങുന്നത്. തീണ്ടലിനെയും തൊട്ടുകൂടായ്മയെയും സോഷ്യൽ ഡിസ്റ്റൻസിംഗിന്റെ വ്യാഖ്യാനമാക്കിയാണ് ഹ്രസ്വചിത്രം.നാടകപ്രവർത്തകനായ എം ആർ ബാലചന്ദ്രനാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരുന്നത്.പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകൻ ചരുവിൽ ഉൾപ്പെടെ അയിത്തം പ്രചരിപ്പിക്കുന്ന ഹ്രസ്വചിത്രത്തിനെതിരെ അന്ന് രംഗത്ത് വന്നിരുന്നു.

വീഡിയോ നീക്കം ചെയ്‌തെങ്കിലും ട്രോളന്മാർ ഇപ്പോഴും വീഡിയോയെ പിന്തുടരുകയാണ്. സഹായിച്ച് സഹായിച്ച് ഒടുവിൽ തോൽപ്പിക്കുമോടെയ് എന്ന തരത്തിലുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാവികയാണ്.