ഇന്ത്യക്കാർക്കിടയിലെ ജനപ്രിയ ​ഗെയിമായ പബ്ജി നിരോധിച്ചതായുള്ള കേന്ദ്ര സർക്കാർ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ സൈബർ ലോകത്ത് ട്രോളുകളുടെ പെരുമഴയാണ്. കൗമാരക്കാർക്കിടയിൽ വലിയ രീതിയിലുള്ള ആസക്തി പബ്ജി ഗെയിം സൃഷ്ടിക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കോളേജുകളും സർവകലാശാലകളും പബ്ജിക്ക് നേരത്തെ തന്നെ നിരോധനം ഏർപ്പെടുത്തിയിരുന്നു. വിവര സുരക്ഷയും കൈകാര്യം ചെയ്യുന്ന രീതിയുമാണ് രാജ്യവ്യാപകമായ നിരോധനത്തിലേക്ക് പബ്ജിയെ നയിച്ചത്. നേരത്തെ ടിക് ടോക്ക് ഉൾപ്പടെയുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കപ്പെട്ടപ്പോൾ പബ്ജിയുടെ പേരും ഉയർന്നു കേട്ടിരുന്നു. പബ്ജിയും നിരോധിക്കപ്പെടുമെന്ന് റിപ്പോർട്ടുകളും ഉണ്ടായിരുന്നു.

പബ്ജി നിരോധന വാർത്ത കണ്ട യുവാവ് ടോയ്‌ലറ്റ് ക്ലീനർ ഉപയോഗിച്ച് കണ്ണ് കഴുകുന്നതാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രം. നിരോധനം അറിഞ്ഞ ലെ ടിക് ടോക്കേഴ്‌സ് എന്ന് ടാഗ് ലൈനോടെ പ്രചരിക്കുന്ന മറ്റൊരു വീഡിയോയുമുണ്ട്. പബ്ജി നിരോധിച്ചതറിഞ്ഞ് ഏറെ സന്തോഷിക്കുന്ന മാതാപിതാക്കളെയും ട്രോളന്മാർ വെറുതെവിട്ടില്ല. ഒടുവിൽ ആ ദിനം വന്നെത്തി എന്ന ടാഗിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റും ചർച്ചയാവുകയാണ്. പബ്ജി നിരോധിച്ച കേന്ദ്രസർക്കാരിന് ചായയും സമൂസയും ഓഫർ ചെയ്യുന്ന മാതാപിതാക്കൾ എന്ന നിലയിലും ചില ട്രോളുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നരേന്ദ്ര മോദി സർക്കാരിനെതിരെ തുടർച്ചയായുണ്ടായ വിവാദങ്ങളിൽ ഒന്നിച്ചു നിന്നെങ്കിലും ഇപ്പോൾ എടുത്ത ഈ തീരുമാനത്തിൽ മാതാപിതാക്കൾ സന്തുഷ്ടരാണെന്ന തരത്തിലാണ് ചില ട്രോളുകൾ പ്രചരിക്കുന്നത്.

പബ്ജി ഗെയിം വികസിപ്പിച്ചെടുത്തത് ദക്ഷിണ കൊറിയൻ വീഡിയോ ഗെയിം കമ്പനിയായ ബ്ലൂഹോളിന്റെ സഹോദരസ്ഥാപനമായ പബ്ജി കോർപറേഷനാണ്.