കോതമംഗലം : കോട്ടപ്പടിയിൽ വീണ്ടും പുലിയിറങ്ങി. രാവിലെ പശുവിനെ തീറ്റിക്കാൻ പോയ കണ്ണക്കട സ്വദേശിനി മോളിയും അയൽ മേരിയുമാണ് ബഥേൽ എസ്റ്റേറ്റിനു സമീപം പുലിയെ കണ്ടത്. പുലി മാനിനെ ഓടിച്ചു കൊണ്ടുപോകുന്നതാണ് ഇരുവരും കണ്ടത്. തുടർന്ന് നാട്ടുകാർ പ്രദേശം വളഞ്ഞ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുറച്ചു സമയത്തിന് ശേഷം പുലിയെ കണ്ടതിനടുത്ത് മാനിനെ കണ്ടെത്തി. മാൻ പരിസരത്തു തന്നെ ചുറ്റിക്കറങ്ങുന്നതായിട്ടാണ് നാട്ടുകാർ നൽകുന്ന വിവരം.

പുലിയെ കണ്ടെത്തിയ പ്രദേശത്ത് തിരച്ചിലിന് സഹായവുമായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ അടുപ്പിക്കുന്നില്ലന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. പുലിയെ പിടികൂടുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും അലംഭാവം ഉണ്ടായെന്നും ഇനി സഹായം ആവശ്യമില്ലന്നുമാണ് നാട്ടുകാരുടെ നിലപാട്. ഒരാഴ്ച മുമ്പ് കോട്ടപ്പടി പ്ലാ മുടിയിൽ വീട്ടമ്മയെ പുലി ആക്രമിച്ചിരുന്നു. ഇതിന് മുമ്പ് നിരവധി കോഴികളെ ഭക്ഷണമാക്കുകയും നായ്ക്കളെ കൊല്ലുകയും ചെയ്തിതിന്നു .