കാസർകോട്: പുലിയന്നൂർ ജാനകി വധക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ, രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് കോടതിയാണ് ഇന്ന് കേസിൽ വിധി പറഞ്ഞത്. ഒന്നാം പ്രതി പുലിയന്നൂരിലെ വൈശാഖ് 27, മൂന്നാം പ്രതി അരുൺ കുമാർ 25, എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്.

രണ്ടാം പ്രതി റനീഷിനെ 20, കോടതി വെറുതെ വിട്ടു. ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ചീമേനി പുലിയന്നൂർ സ്‌കൂളിലെ റിട്ടയേർഡ് അദ്ധ്യാപികയായ ജാനകിയെ 2017 ഡിസംബർ 13-ന് രാത്രിയാണ് മൂന്നംഗസംഘം കഴുത്തറുത്തുകൊലപ്പെടുത്തിയത്. ഡിസംബർ 13-ന് രാത്രി 9 30 മണിയോടെ ജാനകിയുടെ വീട്ടിലെത്തിയ മൂവർ സംഘം കവർച്ചയ്ക്കിടെയാണ് റിട്ടയേർഡ് അദ്ധ്യാപികയെ കഴുത്തറുത്തുകൊന്നത്.

ഇവരുടെ ഭർത്താവ് കെ. കൃഷ്ണനെയും സംഘം ആക്രമിച്ചു. സ്വന്തം ശിഷ്യർ തന്നെ അദ്ധ്യാപികയുടെ ജീവനെടുത്തുവെന്ന പ്രത്യേകതയും പുലിയന്നൂർ കൊലക്കേസിനുണ്ട്. ജാനകി ടീച്ചർ പഠിപ്പിച്ച പുലിയന്നൂരിലെ വൈശാഖ് 27, റിനീഷ് 20, അരുൺ കുമാർ 25 എന്നിവരാണ് പ്രതികൾ.

17 പവൻ സ്വർണ്ണാഭരണങ്ങളും 92,000 രൂപയുമാണ് കൊലയാളി സംഘം ജാനകിയുടെ വീട്ടിൽ നിന്ന് കവർന്നത്. മുഖം മൂടി ധരിച്ചെത്തിയ മൂവർ സംഘത്തിലൊരാളെ ജാനകിയെ തിരിച്ചറിഞ്ഞുവെന്ന സംശയത്തെ തുടർന്നാണ് യുവാക്കൾ കൊടും ക്രൂരകൃത്യം നടത്തിയത്.

ചീമേനി പൊലീസിനെയും അന്വേഷണ സംഘത്തെയും വെള്ളം കുടിപ്പിച്ച കേസിൽ പ്രതികളിലൊരാളുടെ പിതാവിന്റെ സംശയമാണ് കേസിന് തുമ്പുണ്ടാക്കിയത്. കൊള്ളമുതൽ വിറ്റതിന്റെ രേഖകൾ പ്രതികളിലൊരാളുടെ പിതാവ് കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ വിവരം നൽകിയതാണ് അന്വേഷണത്തിന് വഴിത്തിരിവായി മാറിയത്.

കേസിൽ പ്രതിയായ പുലിയന്നൂർ ചീർക്കുളത്തെ അരുൺകുമാറിനെ 25, ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കവർച്ചാസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയായിരുന്ന കെ. ദാമോദരൻ, നീലേശ്വരം പൊലീസ് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്.

2019 ഡിസംബറിൽ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായെങ്കിലും വിധി പ്രസ്താവം മൂന്ന് വർഷത്തോളം നീണ്ടു. 154 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്. നീലേശ്വരം പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ഉണ്ണികൃഷ്ണനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

60,000 മൊബൈൽ ഫോൺ നമ്പറുകളാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. കോവിഡ് സാഹചര്യത്തിലാണ് പുലിയന്നൂർ ജാനകി കൊലക്കേസ് വിധി നീണ്ടത്.