ചണ്ഡീഗഢ്: കേന്ദ്ര സർക്കാരിരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്. രാജ്യാന്തര അതിർത്തികളിൽ ബിഎസ്എഫിന്റെ അധികാരപരിധി 15ൽ നിന്നും 50 കിലോമീറ്ററായി ഉയർത്തിയ കേന്ദ്രതീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും പ്രമേയം പാസാക്കി.

സംസ്ഥാന കൃഷിവകുപ്പ് മന്ത്രി രൺദീപ് സിങ് നാഭയാണ് കാർഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് പ്രമേയത്തിന്മേൽ ചർച്ചയും നടന്നു.പഞ്ചാബ് പി.സി.സി. അധ്യക്ഷൻ കൂടിയായ നവജോത് സിങ് സിദ്ദു, കാർഷിക നിയമങ്ങളുടെ പേരിൽ ശിരോമണി അകാലിദളിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു.

2013-ൽ കരാർ കൃഷി നിയമം വിജ്ഞാപനം ചെയ്തതിലൂടെ കാർഷിക നിയമങ്ങൾക്ക് നാന്ദികുറിച്ചത് അന്നത്തെ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലാണെന്നും നിയമം റദ്ദാക്കണമെന്നും സിദ്ദു പറഞ്ഞു. അകാലിദൾ-ബിജെപി. സർക്കാരിന്റെ ഭരണകാലം കർഷക വിരുദ്ധമായിരുന്നെന്നും സിദ്ദു ആരോപിച്ചു.

പ്രതിപക്ഷ നേതാവും ആം ആദ്മി പാർട്ടി എംഎ‍ൽഎയുമായ ഹർപാൽ സിങ് ചീമയും കാർഷിക നിയമങ്ങളെ പിന്തുണച്ചതിന് അകാലിദളിനെ വിമർശിച്ചു. മുന്മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, കേന്ദ്രമന്ത്രി ഹർസിമ്രത്കൗർ ബാദൽ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ ബാദൽ എന്നിവർ കാർഷിക നിയമങ്ങൾ രൂപവത്കരിച്ച ശേഷവും അതിനെ പിന്തുണച്ചെന്ന് ചീമ ആരോപിച്ചു. കർഷകർ, നിയമങ്ങൾക്കെതിരെ തിരിയുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോഴാണ് ബിജെപി. സഖ്യം വിടാൻ ശിരോമണി അകാലിദൾ തയ്യാറായതെന്നും ചീമ പറഞ്ഞു.

ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിയ വിജ്ഞാപനത്തിനെതിരെ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്തർ സിങ് ആണ് പ്രമേയം അവതരിപ്പിച്ചത്. അധികാരപരിധി നീട്ടാനുള്ള തീരുമാനം സംസ്ഥാന പൊലീസിനോടും ഇവിടുത്തെ ജനങ്ങളോടുമുള്ള വിശ്വാസക്കുറവിനെയാണ് കാണിക്കുന്നതെന്ന് രൺധാവയുടെ പ്രമേയത്തിൽ പറയുന്നു.

' പഞ്ചാബ് രക്തസാക്ഷികളുടേയും ധീരന്മാരുടേയും നാടാണ്. സ്വാതന്ത്ര്യസമരത്തിലും 1962, 1965, 1971, 1999 തുടങ്ങിയ വർഷങ്ങളിൽ നടന്ന യുദ്ധങ്ങളിലും മാതൃകാപരമായ ത്യാഗങ്ങൾ നടത്തി ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ നേടിയവരാണ് പഞ്ചാബികൾ. പഞ്ചാബ് പൊലീസും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിൽ പഞ്ചാബ് പൊലീസ് ധാരാളം സംഭാവനകൾ നൽകിയിട്ടുണ്ട്.

ഭരണഘടന അനുസരിച്ച് ക്രമസമാധാനപാലനം സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിനായി പഞ്ചാബ് സർക്കാർ പ്രാപ്തമാണ്. ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടുന്നതിന് മുൻപ് കേന്ദ്രം സംസ്ഥാന സർക്കാരുമായി കൂടിയാലോചിക്കണമായിരുന്നുവെന്നും' പ്രമേയത്തിൽ പറയുന്നു.

' പഞ്ചാബിലെ ജനങ്ങളോടുള്ള അവിശ്വാസമാണ് ഇത് കാണിക്കുന്നത്. ഇവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം. പഞ്ചാബിലെ ക്രമസമാധാന നില പൂർണ്ണമായും നിയന്ത്രണവിധേയമാണ്. ബിഎസ്എഫിന്റെ അധികാരപരിധി നീട്ടിയത് രാഷ്ട്രീയ കാരണങ്ങളാലാണ്. പഞ്ചാബിലെ എല്ലാ പാർട്ടികളും ഈ തീരുമാനത്തെ ഏകകണ്ഠമായി അപലപിച്ചിരുന്നു. ഈ നിയമം പിൻവലിക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും' പ്രമേയത്തിൽ പറയുന്നു.

രാജ്യാന്തര അതിർത്തികളോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലാണ് കേന്ദ്രം ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്തിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. പുതിയ നിയമപ്രകാരം അതിർത്തിയിൽ നിന്നും 50 കിലോമീറ്റർ പരിധിക്കുള്ളിൽ തിരച്ചിൽ നടത്തുനോ അറസ്റ്റ് രേഖപ്പെടുത്തുന്നതിനോ ബിഎസ്എഫിന് സംസ്ഥാനത്തിന്റെയോ പൊലീസിന്റെയോ അനുമതിയുടെ ആവശ്യമില്ല.

പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് അധികാരപരിധി 15ൽ നിന്നും 50ആയി ഉയർത്തിയത്. രാജസ്ഥാനിൽ നിലവിൽ ഇത് 50 കിലോമീറ്ററാണ്. ഗുജറാത്തിൽ ഇത് 80ൽ നിന്ന് 50 ആയി കുറച്ചിട്ടുണ്ട്. മണിപ്പൂർ, മിസോറാം, ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 80 കിലോമീറ്ററാണ്.