ന്യൂഡൽഹി: നിർണായകമായ പ്രവർത്തക സമിതി യോഗം നാളെ ചേരാനിരിക്കവേ കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം ശക്തം. പാർട്ടി അധ്യക്ഷ സ്ഥാനത്ത് താൽക്കാലിക ചുമതല വഹിക്കുന്ന സോണിയ ഗാന്ധിക്ക് പകരമായി സ്ഥിരം അധ്യക്ഷൻ വേണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്. രാഹുൽ താൻ അധ്യക്ഷനാകാൻ ഇല്ലെന്ന് ആവർത്തിക്കുന്ന സാഹചര്യത്തിൽ എന്താകും തീരുമാനം എന്ന കാര്യത്തിലാണ് ഇനി കൂടുതൽ വ്യക്തത വരാനുള്ളത്. അതേസമയം കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം തുടർന്നും നെഹ്‌റു - ഗാന്ധി കുടുംബത്തിന് തന്നെ നൽകണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ആവശ്യപ്പെട്ടു

ഗാന്ധി കുടുംബത്തിന് കോൺഗ്രസ് പാർട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാൻ സാധിക്കുമെന്നും അമരീന്ദർ സിങ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി. പാർട്ടി സംഘടനാ രീതിയിൽ അടിമുടി മാറ്റം വേണമെന്നും പാർലമെന്ററി ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്ത് നൽകിയതോടെ ഈ തീരുമാനത്തിന് അനുസരിച്ച് കാര്യങ്ങൾ കൈക്കൊള്ളുമോ എന്നതാണ് അറിയേണ്ടത്. പ്രിയങ്ക ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ എന്ന കാര്യവും ആകാംക്ഷയ്ക്ക് ഇട നൽകുന്നുണ്ട്.

നരേന്ദ്ര മോദിക്ക് യുവവോട്ട് കിട്ടുന്നതെങ്ങനെയെന്ന് തുറന്ന ചർച്ച വേണമെന്നും കത്തിൽ നിർദ്ദേശിക്കുന്നു. രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കിൽ കുടുംബത്തിന് പുറത്ത് നിന്ന് ഒരാളെ കണ്ടെത്തണമെന്ന് കത്തിൽ ഒപ്പുവച്ച പിജെ കുര്യൻ ആവശ്യപ്പെട്ടു. പ്രവർത്തക സമിതിയിലെ ഏഴുപേർ ഉൾപ്പടെ 23 പ്രമുഖ നേതാക്കളാണ് സംഘടനയിൽ മാറ്റം ആവശ്യപ്പെട്ട് സോണിയഗാന്ധിക്ക് കത്ത് നല്കിയത്. ഇരുന്നുറോളം പ്രാദേശിക നേതാക്കളും സമാന ആവശ്യം ഉന്നയിച്ചെന്നാണ് സൂചന. സംഘടനയ്ക്ക് പൂർണ്ണസമയ സജീവ പ്രസിഡന്റു വേണം എന്നതാണ് ആദ്യ ആവശ്യം. പാർട്ടിയുടെ ദൈനംദിന കാര്യങ്ങൾ തീരുമാനിക്കാൻ പാർലമെന്റി ബോർഡ് രൂപീകരിക്കണം.

പ്രവർത്തകസമിതിയിലേക്കുൾപ്പടെ സംഘടന തെരഞ്ഞെടുപ്പ് നടത്തണം. സംസ്ഥാന ഘടകങ്ങളെ ശാക്തീകരിക്കണം. നരേന്ദ്ര മോദിക്ക് യുവ വോട്ടർമാരുടെ പിന്തുണ കിട്ടുന്നതിനെക്കുറിച്ച് തുറന്ന ചർച്ച എന്ന ആവശ്യത്തിലൂടെ രാഹുൽ ഗാന്ധിക്കെതിരായ ഒളിയമ്പുമുണ്ട്. ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, ഭൂപീന്ദർസിങ് ഹൂഡ, മുകുൾ വാസ്‌നിക്, വീരപ്പമൊയ്‌ലി തുടങ്ങിയവർ കത്തിൽ ഒപ്പവച്ചു. ജിതിൻ പ്രസാദ, മിലിന്ദ് ദേവ്‌റ, മനീഷ് തിവാരി തുടങ്ങിയവരും പങ്കു ചേർന്നതു വഴി മുതിർന്നവരും യുവനേതാക്കളും തമ്മിലുള്ള യുദ്ധമല്ലെന്ന സൂചനയും ഉണ്ട്. കേരളത്തിൽ നിന്ന് പിജെ കുര്യൻ, ശശി തരൂർ എന്നിവരാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കിനും ദേശീയ അനിവാര്യതയാണെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യത്തിന് ശേഷമുണ്ടായതിൽ വെച്ച് ഏറ്റവും കടുത്ത സാമൂഹ്യ- സാമ്പത്തിക- രാഷ്ട്രീയ വെല്ലുവിളികളെ രാജ്യം അഭിമുഖീകരിക്കുമ്പോൾ കോൺഗ്രസിന്റെ തകർച്ച കത്തിൽ വിശദീകരിക്കുന്നുണ്ട്. സുരക്ഷിതത്വമില്ലായ്മ, ഭയത്തിന്റെ അന്തരീക്ഷം, ബിജെപിയുടെയും സംഘപരിവാറിന്റെയും വർഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്ന അജണ്ട, സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ പെരുകുന്നത്, മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധികൾ, അതിർത്തികളിലെ പ്രശ്‌നങ്ങൾ, വിദേശ നയം തുടങ്ങിയ കാര്യങ്ങളും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസ് പ്രതികരണം നിരാശാജനകമാണ്.

പാർട്ടിയുടെ മേൽതട്ടുമുതൽ കീഴ്ഘടകങ്ങളിൽ വരെ അടിമുടി മാറ്റമുണ്ടാകണം. പാർട്ടിയിലെ അധികാരം കേന്ദ്രീകരിക്കപ്പെടാതെ അധികാര വികേന്ദ്രീകരണം കൊണ്ടുവരണം, സംസ്ഥാന ഘടകങ്ങൾ ശക്തിപ്പെടുത്തണം, ബ്ലോക്ക് തലം മുതൽ വർക്കിങ് കമ്മിറ്റിവരെയുള്ള എല്ലാ തലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തണം. കേന്ദ്ര പാർലമെന്ററി ബോർഡ് ഉടൻ സംഘടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. നേതൃത്വത്തിലെ അനിശ്ചിതത്വം, പാർട്ടിക്കുള്ളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക്, പാർട്ടി പ്രവർത്തകരുടെ ധാർമികത നഷ്ടപ്പെൽ എന്നിവ കോൺഗ്രസിനെ ദുർബലമാക്കുന്നു. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരുന്നതിന് പ്രവർത്തക സമിതിക്ക് സാധിച്ചിട്ടില്ലെന്നും ഇതിൽ കുറ്റപ്പെടുത്തുന്നു.